“ഈ വേഗതയിൽ പോകുവാണേൽ ബസ് കിട്ടുമെന്ന് തോന്നുന്നില്ല, എവിടേലും തട്ടി മറഞ്ഞ് വീഴത്തെ ഉള്ളു.. പതുക്കെ പോകാൻ നോക്കടി.”
“പതുക്കെ പോയി ബസ് കിട്ടിയിൽ നീ എന്നെ ബൈക്കിൽ കൊണ്ടാക്കി തരുമോ?”
അത് ചോദിക്കുമ്പോൾ അവളുടെ മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടായിരുന്നു.
“പോയെ.. പോയെ, മോള് പോയി പെട്ടെന്ന് ബസ് പിടിക്കാൻ നോക്ക്.”
അവന്റെ മറുപടി കേട്ട് ഒരു ചിരിയോടെ ശ്രീജ കീർത്തനയുടെ കൈയും പിടിച്ച് അവിടെ നിന്നും നടന്നു.
ദീപക്കിൽ നിന്നും ഒരു നിശ്ചിത അകലം എത്തിയപ്പോൾ ചെറിയൊരു ഈർഷ്യത്തോടെ കാർത്തിക ശ്രീജയോട് പറഞ്ഞു.
“അവനോടു ബൈക്കിൽ കൂടെ കൊണ്ട് പോകുമോന്ന് ചോദിയ്ക്കാൻ നാണമില്ലല്ലോ നിനക്ക്.”
ചിരിച്ചുകൊണ്ട് ശ്രീജ പറഞ്ഞു.
“ഡി പൊട്ടി.. ദീപക് ഇതുവരെ ഏതെങ്കിലും പെണ്ണിനേയും ബൈക്കിന്റെ പിന്നിൽ ഇരുത്തി കൊണ്ട് പോകുന്നത് നീ കണ്ടിട്ടുണ്ടോ?”
കീർത്തന ഒന്ന് ആലോചിച്ച് നോക്കി.
ശരിയാണ് അങ്ങനെ ഒരു കാഴ്ച ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. കോളേജിൽ ഉള്ള മിക്ക ആൺപിള്ളേരുടെ ബൈക്കിന്റെ പിന്നിലും കാമുകിമാരായും സുഹൃത്തുക്കളായും പെൺപിള്ളേരെ കണ്ടിട്ടുണ്ടെങ്കിലും ദീപക്കിനോടൊപ്പം മാത്രം ആരെയും കാണാൻ കഴിഞ്ഞിട്ടില്ല.
“അവൻ ബൈക്കിൽ കൊണ്ട് പോകില്ലെന്ന് അറിയാവുന്നതിനാലല്ലേടി ഞാൻ അങ്ങനെ ചോദിച്ചത്.”
കീർത്തന എന്നിട്ടും വിടുവാൻ ഭാവം ഇല്ലായിരുന്നു.
“അധവാ അവൻ കൊണ്ട് പോകാമെന്ന് പറഞ്ഞിരുന്നെങ്കിലോ?”
“ഞാൻ കൂടെ പോയേനെ, അല്ലാതെന്താ.. ഇവിടെ പല പെൺപിള്ളേരിലും അസൂയ ഉണ്ടാക്കാൻ പറ്റിയ ചാൻസ് അല്ലെ..”
കീർത്തന മുഖം ചുളിച്ച് കൊണ്ട് ചോദിച്ചു.
“അവർക്കെന്തിന് നിന്നോട് അസൂയ..”
“മോളെ, ഇവിടുള്ള പല പെൺപിള്ളേർക്കും ദീപക്കിനോട് വൻസൈഡ് പ്രണയം ഉണ്ട്. ഒറ്റയെണ്ണവും പുറത്ത് പറയാത്തതാണ്.”
കീർത്തനയുടെ മുഖത്ത് ഒരു പുച്ഛ ഭാവം വിടർന്നു.
“പിന്നേ അവനൊരു റോമിയയോ..?”
“നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ല.. വേണേൽ ഒരാളെ ഉദാഹരണം പറഞ്ഞു തരാം. ഇവിടെ ഫസ്റ്റ് ഇയർ പഠിക്കുന്ന എന്റെ കസിൻ പ്രിയ ഇല്ലേ… അവൾക്ക് ദീപക്കിനോട് മുടിഞ്ഞ പ്രണയം ആണ്.”
കീർത്തനക്ക് പ്രിയയെ അറിയാവുന്നതാണ്. നല്ലൊരു സുന്ദരി കുട്ടിയാണ് പ്രിയ.
പെട്ടെന്നാണ് നടന്നുകൊണ്ടിരുന്ന അവരുടെ കുറുകെ വിപിൻ വന്ന് നിന്നത്.