സീറ്റിൽ ഇരിക്കുന്നതിനിടയിൽ വിൻഡോയിൽ കൂടി ബൈക്കിനടുത്തേക്ക് നടക്കുന്ന തോമസിനെ നോക്കി അവൻ സ്വയം ചിന്തിച്ചു.
ചെന്നൈയിൽ ആകെ ഉണ്ടായിരുന്നു എന്ന് പറയാവുന്ന സുഹൃത്ത് തോമസ് മാത്രമായിരുന്നു.. ഇതിനു മുൻപും ജോലി ചെയ്യാൻ പോയിടങ്ങളിൽ സുഹൃത്ത് ബന്ധങ്ങൾ ഉണ്ടാക്കുവാൻ ശ്രമിച്ചിരുന്നില്ല.. സ്വയം ഉൾവലിഞ്ഞ് ജോലിയിൽ മാത്രം ശ്രദ്ധിച്ചു ജീവിച്ചു.. ഇവിടെ തോമസ് തന്നെ ഇങ്ങോട്ട് ഇടിച്ച് കയറി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.. അവൻ അങ്ങനെ ആണ്.. ഓഫീസിലെ എല്ലാരും അവന്റെ കൂട്ടുകാരായിരുന്നു.. എല്ലായിടത്തും ഇടിച്ചിട്ട് കയറി പരിചയം സ്ഥാപിച്ചോളും.. ശരിക്കും ഞാനും അങ്ങനെ അല്ലായിരുന്നോ.. ഒരുപാട് സുഹൃത് ബന്ധങ്ങളുടെ നടുവിൽ നിന്നിരുന്ന കോളേജിൽ അവരുടെയൊക്കെ നേതാവായിരുന്ന സഖാവ് ദീപക്.. ഇപ്പോൾ ഏകനായ ഒരുത്തൻ.
അവൻ തല സീറ്റിലേക്ക് അമർത്തി.
ശരിക്കും എന്തിനായിരുന്നു ഈ ഉൾവലിച്ചിൽ. ജീവിതത്തിൽ ഒരു സുഹൃത്തിനപ്പുറം ആരൊക്കെയോ ആണെന്ന് കരുതിയവൾ പെട്ടെന്ന് ഒരു നിമിഷം കൊണ്ട് ഇല്ലാതായപ്പോൾ ഇനിയും മനസ് വേദനിപ്പിക്കാൻ അങ്ങനൊരാൾ കടന്നു വരണ്ട എന്നുള്ള ചിന്ത.. . എല്ലാം കഴിഞ്ഞിട്ട് എട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇനി ഒരു മാറ്റം അനിവാര്യമാണ്. പഴയ ദീപുവിലേക്ക് ഒരു മാറ്റം.
മുന്നോട്ടെടുത്ത ബസ് ഒരു കുലുക്കത്തോടെ പെട്ടെന്ന് നിന്നു.
മുന്നിൽ കിളിയുടെ ഉച്ചത്തിലുള്ള സംസാരത്തിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്ത് ലേറ്റ് ആയി എത്തിയ ആരോ ബസിലേക്ക് കയറുവാണെന്ന് ദീപക്കിന് മനസിലായി.
ചെറിയൊരു ആകാംഷയോടെ അവൻ തല ചരിച്ച് മുന്നിലേക്ക് നോക്കി.
ഒരു സ്ത്രീയും കൂടെ ഒരു പന്ത്രണ്ടു പതിമൂന്നു വയസ് തോന്നിക്കുന്ന പെൺകുട്ടിയും കൂടി തോളിൽ തൂക്കിയിട്ടിരിക്കുന്ന ബാഗുമായി ബസിനകത്തേക്ക് കയറുവാണ്.
ആ ഒരു നിമിഷം അവന്റെ ശ്രദ്ധ മുഴുവൻ പതിഞ്ഞത് ആ പെൺകുട്ടിയുടെ കണ്ണുകളിൽ ആയിരുന്നു. ഇളം നീല നിറത്തിലെ കൃഷ്ണമണികൾ ഉള്ള ആരെയും ആകർഷിക്കുന്ന പൂച്ചക്കണ്ണുകൾ.
ആ പെൺകുട്ടി അരികിൽ കൂടി കടന്നു പോകുന്നവരെയും അവൻ കണ്ണിമ ചിമ്മാതെ ആ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരുന്നു പോയി.
അറിയാതെ അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.
“കീർത്തന…. കീത്തു…”
ഇത്തരത്തിലുള്ള ഇളം നീല കണ്ണുകൾ ആദ്യമായി ഞാൻ കണ്ടത് കീർത്തനയിൽ അല്ലായിരുന്നോ.. അന്ന് അവളുടെ പ്രായവും പന്ത്രണ്ട്.