വൈകുന്നേരം ബസ് സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ ഉണ്ണി പറഞ്ഞു.
“ഇന്ന് രാവിലെ കീർത്തനയുടെ കൂടെ ഒരുത്തൻ നിന്നില്ലേ, അവനെ കുറിച്ച് ഞാൻ തിരക്കി.”
ഇവൻ ഇത് എപ്പോൾ തിരക്കാൻ പോയി എന്ന ഭാവത്തിൽ ദീപക് അവനെ നോക്കി.
അത് മൈൻഡ് ചെയ്യാതെ ഉണ്ണി പറഞ്ഞു.
“MLA ദേവദാസിന്റെ മോനാ അവൻ, സൂരജ്… നമ്മളെ പോലെ ന്യൂ അഡ്മിഷൻ ആണ്.. മെക്കാനിക്കിൽ”
ദീപക് മനസ്സിൽ ഓർത്തു.
അപ്പോൾ അതാണ് സിറിൽ ചേട്ടനുമായുള്ള കണക്ഷൻ.
“പിന്നെ ഒരു കാര്യം കൂടി ഉണ്ട്..”
“എന്താ?”
“അവൻ കീർത്തനയുടെ മുറച്ചെറുക്കൻ കൂടിയാണ്.”
അത് കേട്ടപ്പോൾ ദീപക്കിന്റെ മനസ് ഒന്ന് പതറി.. എന്തോ ഭാരം നെഞ്ചിൽ തറച്ച പോലെ. അത് മുഖത്ത് കാണിക്കാതിരിക്കാൻ ശ്രമിച്ച് കൊണ്ട് അവൻ ഒന്ന് മൂളി.
“എന്നാലും എന്താ അവൾ നിന്നെ കണ്ടിട്ട് ഒന്ന് ചിരിക്ക പോലും ചെയ്യാഞ്ഞേ?”
“എന്നെ ഓർക്കുന്നുണ്ടാകില്ല..”
“നമുക്ക് നാളെ പോയോന്ന് അവളോട് സംസാരിച്ചാലോ, അപ്പോൾ ഓർമ്മ വന്നാലോ..”
ദീപു എടുത്തടിച്ച പോലെ പറഞ്ഞു.
“വേണ്ട.. മറന്നവരെ നമ്മളായിട്ട് ഒന്നും ഓർമിപ്പിക്കണ്ട..”
അവന്റെ ശബ്ദത്തിൽ ഒരു ഇടർച്ച ഉണ്ടായിരുന്നതായി ഉണ്ണിക്ക് തോന്നി.
. . . .
ഒരു വർഷത്തിന് ശേഷം..
കീർത്തന സുധി സാറിന്റെ ക്ലാസ്സിൽ മുഴുകി ഇരിക്കുമ്പോഴാണ് പുറത്തു നിന്നും SFY യുടെ മുദ്രാവാക്യങ്ങൾ ഉയരുന്നത് കേട്ടത്.
അടുത്തിരുന്ന ശ്രീജയോട് ശബ്‌ദം താഴ്ത്തി കീർത്തന പറഞ്ഞു.
“വരുന്നുണ്ട് ഇവിടത്തെ രക്തം തിളയ്ക്കുന്ന വിപ്ലവ നായകൻ ആളെയും കൂട്ടി പഠിപ്പ് മുടക്കാനായി.. ഇവനൊന്നും വേറെ പണിയില്ലേ?”
കീർത്തന പറഞ്ഞത് കേട്ട് ശ്രീജ ഒന്ന് ചിരിക്ക മാത്രം ചെയ്തു.
അപ്പോഴേക്കും ദീപക് സാറിന്റെ അനുവാദം വാങ്ങി ക്ലാസ്സിലേക്ക് കയറിയിരുന്നു.
“സുഹൃത്തുക്കളെ സെക്രട്ടറിയേറ്റിനു മുന്നിൽ സമാധാനപരമായി പ്രതിക്ഷേധ സമരം നടത്തിയിരുന്ന SFY ക്കാരെ പോലീസ് തല്ലിച്ചതച്ച കാര്യം നിങ്ങൾ എല്ലാരും അറിഞ്ഞിരിക്കുമല്ലോ…”