ഇട്ടിരിക്കുന്ന ഒരു പെൺകുട്ടി. അവന് നേരെ ചരിഞ്ഞ് നിൽക്കന്നതിനാൽ മുഖത്തിന്റെ ഒരു വശം മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ. പക്ഷെ പലപ്പോഴും തന്റെ സ്വപ്നങ്ങളിൽ കടന്ന് വരാറുള്ള മുഖം തന്നെ ആണ് അതെന്ന് അവന്റെ മനസ് മന്ത്രിച്ച് കൊണ്ടേ ഇരുന്നു.
അവന്റെ മനസ് ആഗ്രഹിച്ചു.. അവൾ ഒന്ന് തിരിഞ്ഞ് നോക്കിയെങ്കിൽ.
അവന്റെ മനസ് പറഞ്ഞത് കേട്ടിട്ടോ എന്തോ അവൾ ഒരു നിമിഷം എവിടേക്കെന്നില്ലാതെ ഒന്ന് തിരിഞ്ഞു നോക്കി.
ആ ഒരു നിമിഷം മതിയായിരുന്നു അവന് അവളുടെ മുഖം ഒപ്പി എടുക്കാൻ.
പണ്ട് ഏഴാം ക്ലാസുകാരന്റെ മനസ്സിൽ തറച്ച നക്ഷത്ര കണ്ണുകൾ അവൻ വീണ്ടും കണ്ടു.. ഇടതു പിരികത്തിൽ പണ്ടത്തെ മുറിവിന്റെ പാട് അവശേഷിക്കുണ്ട്.
എപ്പോഴെങ്കിലും ഒരിക്കൽ അവളെ വീണ്ടും ഒന്ന് കാണാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് മനസ് കൊതിച്ചിരുന്നു എങ്കിലും വീണ്ടും കാണാൻ കഴിയുമെന്ന് അവൻ ഒരിക്കലും കരുതിയിരുന്നില്ല.
“എന്താടാ നിന്നെ?”
ഉണ്ണിയുടെ ചോദ്യത്തിനുള്ള മറുപടി അവൻ മന്ത്രിക്കും പോലെ പറഞ്ഞു.
“കീർത്തന..”
“ആര്?”
“നമ്മുടെ ഏഴാം ക്ലാസ്സിലെ ക്യാമ്പിൽ ഉണ്ടായിരുന്ന കീർത്തന..”
“എവിടെ?”
“സിറിൽ ഏട്ടന്റെ അടുത്ത് നിൽക്കുന്നു.”
ഉണ്ണി അവിടേക്ക് നോക്കി ഒന്ന് മൂളിയ ശേഷം പറഞ്ഞു.
“വാ, നമുക്ക് ക്ലാസ്സിലേക്ക് പോകാം.”
ദീപക് ഉണ്ണിയോടൊപ്പം നടന്നു തുടങ്ങി..
അവന്റെ നോട്ടം കീർത്തനയിൽ തന്നെ ആയിരുന്നു. പെട്ടെന്നാണ് അവളുടെ കൈയിൽ അവൻ ശ്രദ്ധിച്ചത്..
അടുത്ത് തന്നെ നിൽക്കുന്ന ഒരു ചെറുപ്പക്കാരന്റെ കൈയിൽ അവൾ മുറുകെ പിടിച്ചിരിക്കുന്നു. കണ്ടിട്ട് അവളുടെ അതെ പ്രായം തോന്നിക്കുന്നു.. അവന്റെ തോളിൽ ഒരു ബാഗ് കിടക്കുന്നതിൽ ഇവിടെ തന്നെ പഠിക്കുന്നതാകും എന്ന് ദീപക് ഊഹിച്ചു.
‘ഇത്ര ഒരു ആത്മവിശ്വാസത്തോടെ അവൾ ആ കൈയിൽ മുറുക്കി പിടിച്ചിരിക്കണമെങ്കിൽ അവളുടെ ആരാകും അത്. സഹോദരനായിരിക്കുമോ.. അതോ കസിനോ?.. എന്ത് തന്നെയായാലും കൈയിൽ ഉള്ള ആ മുറുക്കി പിടിത്തം അവനെ അലോസരസപ്പെടുത്തുക തന്നെ ചെയ്തു.
നടത്തം KSQ വിന്റെ പന്തലിനു മുന്നിൽ എത്തിയപ്പോൾ ദീപക് സാവധാനത്തിൽ ആക്കി.
സിറിൽ അവരോടു ചോദിച്ച ചോദ്യം അവനും കേൾക്കാനായി.
“അപ്പോൾ അക്കോമഡേഷൻ ഒക്കെ എങ്ങനാ സൂരജ്?”