“ദീപു..”
ആദ്യം തന്നെ ഉണ്ണിയുടെ ശബ്‌ദം ആണ് കാതിൽ പതിച്ചത്.
തല ചരിച്ച് നോക്കുമ്പോൾ ഉണ്ണി അടുത്ത് നിൽപ്പുണ്ട്.
“ടീച്ചറെ ദീപു കണ്ണ് തുറന്നു.”
ഉണ്ണി അതും വിളിച്ച് പറഞ്ഞ് കൊണ്ട് റൂമിനു പുറത്തേക്ക് ഓടി.
കണ്ണ് ഒന്ന് ഇറുക്കി അടച്ചു തുറന്നപ്പോൾ നെറ്റിയിൽ വല്ലാതെ വേദന. അവൻ കൈ വിരൽ കൊണ്ട് വേദന എടുക്കുന്ന ഭാഗത്ത് ഒന്ന് തൊട്ട് നോക്കി. ബാൻഡേജ് ഒട്ടിച്ചിരിക്കുകയാണ്.
കീർത്തനയും ലോറിയും അപകടവുമെല്ലാം പെട്ടെന്ന് അവന്റെ മനസിലേക്ക് ഓടിയെത്തി.
ദീപു തല ചരിച്ച് ഡോറിനടുത്തേക്ക് നോക്കിയപ്പോൾ ഉണ്ണിയോടൊപ്പം തിടുക്കത്തിൽ റൂമിലേക്ക് നടന്ന് വരുന്ന സരസ്വതി ടീച്ചറിനെയും അച്ഛനെയും ആണ് കണ്ടത്.
“മോനെ.. വേദനയുണ്ടോ?”
ബെഡിനരികിൽ എത്തിയ അച്ഛന്റെ ചോദ്യത്തെ അവഗണിച്ച് അവൻ തിരികെ ചോദിച്ചു.
“കീർത്തന..?
ടീച്ചർ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
“ആ കുട്ടിക്ക് കുഴപ്പം ഒന്നും ഇല്ല.. പിരികത്തിൽ ചെറിയൊരു മുറിവ്. അത്രേ ഉള്ളു.”
ടീച്ചറിൽ നിന്നും ആ വാക്കുകൾ കേട്ടപ്പോഴാണ് അവന് ആശ്വാസം ആയത്.
ടീച്ചറുടെ വാക്കുകളോട് ഉണ്ണി കൂട്ടിച്ചേർത്ത് പറഞ്ഞു.
“കീർത്തനയെ വീട്ടീന്ന് ആള് വന്നു കൂട്ടികൊണ്ട് പോയി. പോകുന്നതിനു മുൻപ് നിന്നെ കാണാൻ വന്നിരുന്നു.. പക്ഷെ നീ എഴുന്നേറ്റില്ലായിരുന്നു.”
ദീപക് മറുപടിയായി ഒന്ന് മൂളുക മാത്രം ചെയ്തു.
കീർത്തനയെ രക്ഷിക്കാൻ കഴിഞ്ഞതിൽ അവന്റെ ഉള്ളിൽ സന്തോഷം ഉണ്ടായിരുന്നു.. കൂടെ അവളെ ഇനി എന്നെങ്കിലും കാണാൻ കഴിയുമോ ഇല്ലയോ എന്നോർത്തുള്ള നിരാശയും.
. . . .
കോളേജ് കവാടത്തിനു മുന്നിൽ എത്തിയ ദീപക് ചുറ്റും ഒന്ന് തല ഉയർത്തി നോക്കി.