ഇത്ര വലിയ ഒരു ഫ്ലാഷ് ബാക്ക് അവൾക്ക് പുറകിൽ ഉണ്ടാകും എന്ന് ഞാൻ സ്വപ്നത്തില് പോലും കരുതിയിരുന്നില്ല…
അവളുടെ കാര്യത്തിൽ എന്ത് തീരുമാനം എടുക്കണം എന്ന് ഇപ്പോഴും എനിക്ക് അറിയില്ല… ഒറ്റ നോട്ടത്തിൽ അവളോട് തോന്നിയ ആ ആകർഷണം ഇപ്പോഴും മനസ്സിൽ തന്നെ ഉണ്ടോ എന്ന് ഞാൻ എന്നോട് തന്നെ ഇതിനോടകം പല തവണ ചോദിച്ചു…
അവളുടെ കഥകൾ കേട്ട് ഞാൻ അവളെ ഒഴിവാക്കുക ആണെങ്കിൽ ഞാൻ ഒരു ക്രൂരൻ ആവുമോ.. അതോ ഇനിയും അവളുടെ പുറകെ പോവാൻ ആണ് തീരുമാനം എങ്കിൽ അത് വെറും ഒരു സിംപതിയുടെ പുറത്തുള്ള ഇഷ്ടം മാത്രം ആവുമോ..
ചോദ്യങ്ങൾ പലതാണ്.. പക്ഷേ ഒന്നിനും എൻ്റെ പക്കൽ ഉത്തരങ്ങൾ മാത്രം ഇല്ലായിരുന്നു…
പിന്നെയും ഒരുപാട് നേരം ഞാൻ ആ കായലിലേക്ക് നോക്കി നിന്നു…
ഈ ഐടി ജോലി ഒക്കെ വിട്ട് ഇതിൽ രണ്ട് ഹൗസ് ബോട്ടും വാങ്ങി ഇട്ട് ഇവിടെ തന്നെ ഒരു കല്യാണം കഴിച്ച് അങ്ങ് കൂടിയാലോ…
ഹ..ഹ.. ഹ… എന്ത് നല്ല നടക്കാത്ത സ്വപ്നം… വിശപ്പ് പിന്നെയും കൂടിയപ്പോൾ ഞാൻ വീട്ടിലേക്ക് തിരികെ നടന്നു….
🌀🌀🌀🌀🌀🌀🌀🌀
രാവിലെ ഒന്നും കഴിക്കാത്തത് കൊണ്ട് ഉച്ചക്ക് അമ്മയുടെ വക വിഭവ സമൃദ്ധമായ സദ്യ തന്നെ ഉണ്ടായിരുന്നു..
ഇനിയിപ്പോ രണ്ട് മൂന്ന് ദിവസം കൂടിയേ അമ്മ ഉണ്ടാക്കുന്ന ഭക്ഷണം കിട്ടുകയുള്ളൂ എന്നോർത്തപ്പോൾ അല്പം കൂടുതൽ തന്നെ കഴിച്ചു…
കുറച്ച് നേരം ടിവി ഒക്കെ കണ്ട് ഇരുന്നപ്പോൾ ആണ് കൂട്ടുകാർ വന്ന് ക്രിക്കറ്റ് കളിക്കാൻ വിളിച്ചത്…
ചെന്ന് നോക്കിയപ്പോൾ പാടത്തിൻ്റെ അവസ്ഥ ക്രിക്കറ്റിന് പറ്റിയത് അല്ല.. പിന്നെ ഫുട്ബോൾ കളിക്കാൻ തീരുമാനിച്ചു…
അങ്ങനെ കളിയും അമ്പല കുളത്തിൽ നിന്നുള്ള കുളിയും ഒക്കെ കഴിഞ്ഞ് വൈകുന്നേരം ആണ് വീട്ടിലേക്ക് തിരികെ എത്തിയത്…