അവൻ്റെ മുഖം കണ്ടില്ലെങ്കിലും കരുത്തനും സുന്ദരനുമായിരിക്കും അവൻ എന്നെനിക്ക് തോന്നുന്നു. അവനെ വിവാഹം ചെയ്ത് സുഖമായി ജീവിക്കുക. ഞാൻ ഒഴിഞ്ഞു തരാൻ സമ്മതമാണെന്നറിയിച്ചു ഒരു കത്തും എൻ്റേയും നിൻ്റേയും വീട്ടുകാരെ കാണിക്കാൻ വേറൊരു കത്തും ഇതോടൊപ്പം വെക്കുന്നു. ഇനി എന്നെ തിരയരുത്.
തൻ്റെ അച്ചൻ എനിക്ക് സമ്മാനിച്ച വിലപിടിച്ച കാറിൻ്റെ താക്കോലും വിവാഹമോതിരവും ഇതോടൊപ്പമുണ്ട്. എല്ലാ ലീഫുകളും ഒപ്പിട്ട ചെക്ക് ബുക്കും ഇതോടൊപ്പമുണ്ട് അത് എടുത്തുപയോഗിച്ചോളു. എനിക്കിനി പണത്തിൻ്റെ യാതൊരാവശ്യവും ഉണ്ടാകില്ല. ഇങ്ങനെ പറഞ്ഞതുകൊണ്ട് ഞാൻ ആത്മഹത്യ ചെയ്യുമെന്ന് കരുതണ്ട ഞാനങ്ങിനെ ചെയ്യില്ല.
തന്നോട്, എൻ്റെ അറിവിൽ ഞാനൊരു തെറ്റെ ചെയ്തിട്ടുള്ളു. മാസങ്ങൾക്ക് മുൻപ് തനിക്കാരുമായോ ബന്ധമുള്ളതായി സംശയം തോന്നി തുടങ്ങിയപ്പോൾ തൻ്റെ മൊബൈലിൽ ഒരു രഹസ്യ ആപ്പ് ഇൻസ്റ്റോൾ ചെയ്ത് നിങ്ങളുടെ എല്ലാ കോളുകളും വാട്ട്സപ്പ് കോളും ചാറ്റും വീഡിയോയുമൊക്കെ ഞാൻ കണ്ടു കൊണ്ടിരുന്നു. അത് തെറ്റായിരുന്നുവെന്ന് തോന്നിയപ്പോൾ ഒരാഴ്ച മുമ്പ് ഞാനത് അൺഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. എന്നോടു ക്ഷമിക്കു .
ആയിരം വട്ടം ഞാൻ വീണ്ടും ക്ഷമ ചോദിക്കുന്നു. വീട്ടുകാരോട് ഒരിക്കലും ഈ സംഭവങ്ങളൊന്നും പറയരുത്. എൻ്റെ റിയമോളെ ആരും കുറ്റപ്പെടുത്തുന്നത് എനിക്ക് സഹിക്കാനാകില്ല. എൻ്റെ സ്വഭാവദൂഷ്യം കൊണ്ട് താൻ എന്നെ ഉപേക്ഷിച്ചതെന്നെ പറയാവു. അടുത്ത ജന്മത്തിലും നാം ഭാര്യ ഭർത്താക്കൻമാരാകാതിരിക്കാൻ ഈശ്വരനോട് പ്രാർത്ഥിച്ചോളു. രണ്ടു വർഷത്തോളം നിനക്ക് ചേരാത്ത ഈ ശപ്പനെ സഹിച്ചതിന് നന്ദി. മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
മോൾക്കു വേണ്ടി ഞാൻ എന്നും പ്രാർത്ഥിക്കും.
ഇതു വായിച്ച റിയ വാവിട്ടു കരഞ്ഞു കൊണ്ട് അടുത്ത കത്ത് നോക്കി. അത് തന്നെ വേറെ ആൾ വിവാഹം ചെയ്യുന്നതിന് ഏട്ടന് ഒരെതിർപ്പും ഇല്ലെന്നുള്ളതായിരുന്നു. അതവൾ കുരുകുരെ കീറി എറിഞ്ഞു. മൂന്നാമത്തെ കത്ത് അവൾ വായിച്ചു.
ഞങ്ങളുടെ രണ്ടു പേരുടേയും അച്ചനും അമ്മയും അറിയുന്നതിന്,
അഞ്ചാറു മാസമായി ഞാൻ പ്രേമിക്കുന്ന ഒരു കുട്ടിയുമായി ഞാൻ പോകുകയാണ് . എൻ്റെ സങ്കൽപ്പത്തിലുള്ള സോഷ്യലായ ഭാര്യയായിരിക്കാൻ റിയക്ക് കഴിയില്ല. വീട്ടിലിരുന്ന് മദ്യപിക്കാൻ പോലും സമ്മതിക്കാത്ത അവളെ എനിക്ക് വേണ്ട. എൻ്റെ എല്ലാ സങ്കൽപ്പങ്ങൾക്കും അനുയോജ്യയായ കുട്ടിയുമൊത്താണ് ഞാൻ പോകുന്നത്.
ഞങ്ങളെ ഒരു കാരണവശാലും അന്വേഷിക്കരുത്.
ഈ കത്തും കീറാൻ തുടങ്ങിയെങ്കിലും അത് ചെയ്തില്ല. എൻ്റെ ചന്ദ്രേട്ടാ എന്നെ ഇങ്ങനെ ശിക്ഷിക്കണമായിരുന്നോ, അപ്പോൾ തന്നെ എന്നെ കൊന്നു കളയാമായിരുന്നില്ലെ. അവൾ തൻ്റെ തെറ്റോർത്ത് വാവിട്ടു കരഞ്ഞു. ഉച്ചവരെ അവൾ അവിടെയിരുന്ന് ഓരോന്ന് പറഞ്ഞ് കരഞ്ഞു കൊണ്ടിരുന്നു . പിന്നെ തൻ്റെ അമ്മയെ വിളിച്ച് ചന്ദ്രേട്ടൻ തന്നെ ഉപേക്ഷിച്ചു പോയ കാര്യം അറിയിച്ചിട്ട് അവർ വരുന്ന വരെ സെറ്റിയിൽ പോയി കിടന്നു.