വശീകരണ മന്ത്രം 7 [ചാണക്യൻ]

Posted by

“എവിടെക്കാ അനന്തൂട്ടാ പോയേ? ”

“എങ്ങോട്ടും ഇല്ല അമ്മായി. ഞാൻ ആ ആൽമര ചുവട്ടിൽ ഇരിക്കുവായിരുന്നു. ”

“അവിടെന്താടാ ഒറ്റയ്ക്ക് ഇരുന്നേ ”

“ഒറ്റക്ക് അല്ല അമ്മായി, വേറൊരു പുള്ളിയും ഉണ്ടായിരുന്നു. ”

“എന്തിയെ അവിടെ ആരെയും കാണുന്നില്ലല്ലോ? ”

സീതയുടെ കണ്ണുകൾ ആൽമര ചുവട്ടിൽ പരതിക്കൊണ്ട് സംശയത്തോടെ ചോദിച്ചു. അനന്തു ചിരിയോടെ ആൽമര ചുവട്ടിലേക്ക് കൈ നീട്ടിക്കൊണ്ട് തിരിഞ്ഞു.

എന്നാൽ അവിടം ശൂന്യമായിരുന്നു. ആരും അവിടെ ഉണ്ടായിരുന്നു. അനന്തു പരിഭ്രമത്തോടെ എല്ലായിടത്തും നോക്കി.

കഷായവസ്ത്രവും തോൾ സഞ്ചിയും അണിഞ്ഞ ആ വൃദ്ധനെ അവിടെങ്ങും അവനു കാണാൻ സാധിച്ചില്ല. ഈ സമയംകൊണ്ട് അങ്ങേരു ഇതെങ്ങോട്ട് മാഞ്ഞു പോയി എന്ന് അവൻ ചിന്തിച്ചുകൊണ്ടിരുന്നു.

“എന്താ അനന്തൂട്ടാ നോക്കുന്നെ? ”

“ഒന്നുല്ല അമ്മായി ഞാൻ എന്തോ ഓർത്തു പോയതാ ”

“ആണോ, എങ്കിൽ വാ നമുക്ക് പോയേക്കാം. മുത്തശ്ശൻ നിന്നെ കാത്തിരിക്കുവാ  ”

സീത അനന്തുവിന്റെ കൈപിടിച്ച് മുന്നോട്ടേക്ക് നടന്നു. പോകുന്ന പോക്കിൽ അനന്തു തല ചരിച്ചു ഒന്നു കണ്ണോടിച്ചെങ്കിലും ആ ആഗതനെ കണ്ടെത്തുവാൻ സാധിച്ചില്ല.

തിരക്കിനിടയ്ക്ക് അദ്ദേഹത്തിന്റെ പേര് പോലും ചോദിക്കാൻ വിട്ടുപോയെന്നു അവൻ സങ്കടത്തോടെ  ഓർത്തു. സീതയുടെ കയ്യും പിടിച്ചു പടവുകളിറങ്ങി അവർ റോഡ് സൈഡിലേക്ക് എത്തി.

അനന്തു വണ്ടി പാർക്ക്‌ ചെയ്ത സ്ഥലത്തേക്ക് പോയി. ഈ സമയം ശങ്കരനും മക്കളും പേരമക്കളും റോഡിലേക്കിറങ്ങി വന്നു.

ക്ഷേത്രത്തിലേക്ക് വന്നു പോകുന്നവർ തേവക്കാട്ട് കുടുംബങ്ങളെയും ശങ്കരനെയും ബഹുമാനത്തോടെ വണങ്ങുകയും ചിരിക്കുകയും ചെയ്തു കൊണ്ടിരുന്നു.

കുറേ പേരുമായി മാലതി പരിചയം പുതുക്കുന്നത് സീത കണ്ടിരുന്നു. വർഷങ്ങൾക്ക് ശേഷം പരിചയക്കാരെ വീണ്ടും കണ്ടു മുട്ടിയ സന്തോഷത്തിൽ ആയിരുന്നു അവൾ എന്ന് സീതക്ക് തോന്നിപോയി.

കണ്ടത്തിൽ നിന്നും കാർ എടുത്ത അനന്തു അമ്പലത്തിനു മുൻപിൽ റോഡരികിൽ ഓടിച്ചു കൊണ്ടു വന്നു നിർത്തി. ശങ്കരൻ മുൻപിലെ സീറ്റിലും ബാക്കിയുള്ളവർ പുറകിലുമായി കയറി.

മീനാക്ഷിയ്ക്ക് മുൻപിൽ ഇരിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും മുത്തശ്ശൻ ചാടികയറിയതിനാൽ നിരാശയോടെ അവൾ പിന്നിൽ കയറി. എല്ലാവരും കയറിയെന്നു ഉറപ്പ് വരുത്തിയ ശേഷം അനന്തു കാർ തറവാട് ലക്ഷ്യമാക്കി ഓടിച്ചു.

തമാശകൾ പറഞ്ഞും കളിച്ചു ചിരിച്ചും അവർ മനയിലേക്ക് എത്തിച്ചെന്നു.വണ്ടിയിൽ നിന്നും ചാടിയിറങ്ങി എല്ലാവരും മനയിലേക്ക് കേറിപോയി.

അനന്തു വണ്ടിയിൽ നിന്നും ഇറങ്ങി ടയറിൽ കാറ്റ് കുറവാണോ എന്ന് നോക്കുന്നതിനിടക്ക് പെട്ടെന്നു പുറകിൽ ഒരു ശബ്ദം കേട്ടു.

“ഭും  ”

അനന്തു ഞെട്ടി പുറകിലേക്ക് നോക്കി. അവിടെ സാരീയുടെ മുന്താണി കയ്യിൽ കറക്കികൊണ്ട് നാവ് കൂർപ്പിച്ചു ചുണ്ടിനിടയിലൂടെ വെളിയിലേക്ക് കാണിച്ചു നിക്കുവാണ് മീനാക്ഷി.

Leave a Reply

Your email address will not be published. Required fields are marked *