വശീകരണ മന്ത്രം 7 [ചാണക്യൻ]

Posted by

“ആ രണ്ട് കുടുംബങ്ങൾ ഇവയൊക്കെയാണ്. കുന്താള പുരത്തെ തിരുവമ്പാടി എന്ന് അറിയപ്പെടുന്ന കുടുംബവും ദേശം ഗ്രാമത്തെ തേവക്കാട്ട് എന്ന കുടുംബവും. ”

തേവക്കാട്ട് എന്ന പേര് കേട്ടതും അനന്തു ഞെട്ടിപ്പോയി. ആഗതൻ ഇത്രയും നേരം പറഞ്ഞുകൊണ്ടിരുന്ന ചരിത്രം തന്റെ കുടുംബത്തിന്റെയും പൂർവികരേയും കുറിച്ചാണെന്നു ഞെട്ടലോടെ അവൻ മനസിലാക്കി.

അവനു തന്റെ കാതുകളെ വിശ്വസിക്കാൻ സാധിച്ചില്ല. പല കഥകളും അമ്മ പറഞ്ഞു തന്നിട്ടുണ്ടെങ്കിലും തങ്ങളുടെ കുടുംബത്തെ പറ്റിയുള്ള ഇത്രയും ബൃഹത്തായ ചരിത്രം ഒരിക്കലും പറഞ്ഞു തന്നിട്ടില്ലെന്നു നിരാശയോടെ അവൻ ഓർത്തു.

ആകെ കിളി പാറിയ അവസ്ഥയിൽ ആയിരുന്നു അനന്തു. ആഗതൻ കഥ പറഞ്ഞ ക്ഷീണത്തിൽ തോൾ സഞ്ചിയിൽ നിന്നും വെള്ളം നിറച്ച കുപ്പിയുടെ അടപ്പ് തുറന്നു വായിലേക്ക് കമഴ്ത്തി.

ദാഹം തീരും വരെ മതി വരുവോളം കുടിച്ച അയാൾ ദാഹ ശമനത്തിന് ശേഷം കൈകൾ കൊണ്ടു ചിറി തുടച്ചു കുപ്പി സഞ്ചിയിലേക്ക് പൂഴ്ത്തി വച്ചു.

“എന്നിട്ട് ബാക്കി എന്തുണ്ടായേ ? ”

കഥയുടെ ബാക്കി അറിയാനുള്ള ത്വരയിൽ അനന്തു ഉത്സാഹത്തോടെ ചോദിച്ചു.

അനന്തു നല്ലൊരു ശ്രോതാവായി മാറിയെന്നു ആഗതന് മനസിലായി. അയാൾ എന്തോ പറയാനാഞ്ഞതും അപ്പുറത്ത് നിന്നും ശബ്ദം കേട്ടു.

“അനന്തൂട്ടാ……. ”

ശബ്ദം കേട്ട ഭാഗത്തേക്ക്‌ അനന്തു മുഖം വെട്ടിച്ചു നോക്കി. സീത അമ്മായി അവനോട് പോകാം എന്ന അർത്ഥത്തിൽ കൈ കാട്ടി വിളിച്ചു. പോകാൻ താല്പര്യമില്ലാത്ത മട്ടിൽ അനന്തു എണീറ്റു.

“എന്റെ അമ്മായി ആണ്. ഞാൻ പൊക്കോട്ടെ.. കഥയുടെ ബാക്കി കേൾക്കാൻ എനിക്ക് ഭാഗ്യം ഇല്ലാന്ന് തോന്നുന്നു. ”

വല്ലാത്തൊരു സങ്കടത്തോടെയാണ് അനന്തു പറഞ്ഞത്. അത് കേട്ടതും ആഗതനും ആകെ ധർമ്മ സങ്കടത്തിലായി.

ഇത്രയും നിമിഷം കൊണ്ടു ഊരും പേരും അറിയാത്ത ഈ ആഗതനോട് വല്ലാത്ത ഒരു വൈകാരികമായ ബന്ധം ഉടലെടുത്തെന്നു അവനു തോന്നിപോയി.അവൻ നിസ്സഹായതയോടെ അയാളുടെ കണ്ണുകളിലേക്ക് നോക്കി.

“സാരമില്ല മകനെ.. പൊയ്ക്കോളൂ.. അവരെ മുഷിപ്പിക്കണ്ട … ഇനി ഒരിക്കൽ കാണാം. ”

ആഗതൻ ആശ്വാസത്തിന്റെ സ്വരത്തിൽ അനന്തുവിനോട് പറഞ്ഞു.അനന്തു അദ്ദേഹത്തെ നോക്കി ചിരിച്ചുകൊണ്ട് തലയാട്ടി.
അതിനു ശേഷം പിന്തിരിഞ്ഞു സീത അമ്മായിയുടെ  സമീപത്തേക്ക് പോയി.

അവൻ നടന്നു പോകുന്നത് അയാൾ നോക്കികണ്ടിരുന്നു.  അനന്തു അടുത്ത് വന്നതും സീത അവന്റെ കയ്യിൽ ചുറ്റിപിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *