ശിവ പുച്ഛത്തോട്ട് അവനെ നോക്കി ഇളിച്ചു.
“അനന്തു ദേഷ്യത്തോടെ അവളെ നോക്കി പല്ലിറുമ്മി.
“കുറച്ചു വയസ്സ് മൂപ്പുണ്ടായിരുന്നേൽ മീനാക്ഷിയെക്കൊണ്ട് ഇവനെ കെട്ടിക്കായിരുന്നു. പക്ഷെ അവൾക്ക് നല്ലോണം വയസില്ലേ ഇവനെക്കാളും ? ”
മാലതി നിരാശയോടെ പറഞ്ഞു.
“അത് നല്ല ബന്ധമായിരുന്നു മാലതി.. മീനാക്ഷിനെ നമുക്ക് എല്ലാവർക്കും അറിയുന്നതല്ലേ,എന്റെ പേരക്കുട്ടി. അപ്പൊ അവളെയും ഇവനെയും അങ്ങ് ഒന്നിപ്പിക്കായിരുന്നു.
“അതിനെന്താ അമ്മൂമ്മേ സച്ചിൻ സച്ചിന്റെ ഭാര്യയെക്കാളും വയസിനു മൂത്തതല്ലേ… അതുപോലെ ഫഹദും നസ്രിയയും…. ”
ശിവ പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുൻപേ അനന്തു ഇടപെട്ടു.
“മതി… ഒന്ന് നിർത്ത്… കേട്ട് മടുത്തു ഈ ഉദാഹരണങ്ങൾ… ഒന്ന് മാറ്റി പിടിക്ക് മോളെ”
അനന്തു തല വെട്ടിച്ചു പുച്ഛത്തോടെ അവളെ നോക്കി.
“സമയമാകുമ്പോ അവന്റെ പെണ്ണ് വരുമെന്ന് എന്റെ മനസ് പറയുന്നു.. അതുവരെ നമുക്ക് നോക്കാം അല്ലേ? ”
മുത്തശ്ശി ഒരു തത്വജ്ഞാനിയെ പോലെ പറഞ്ഞു.
“അതേ അമ്മേ, സമയമാകുമ്പോൾ ആ പെണ്ണ് വരട്ടെ ”
മാലതി കാർത്യായനിയെ പിന്താങ്ങി. പിന്നീട് അവർ മറ്റു ചർച്ചകളിൽ വ്യാപൃതരായി. പക്ഷെ അനന്തു അപ്പോൾ ആലോചിച്ചിരുന്നത് ആ രണ്ട് പൂച്ചക്കണ്ണുകളെ കുറിച്ചായിരുന്നു.
എപ്പോ ഓർക്കുമ്പോഴും മുൻപെങ്ങോ കണ്ട് പരിചയമുള്ള പോലെ ഒരു അനുഭവം അവനു തോന്നി. ആദ്യായിട്ട് ഒരു പെൺകുട്ടി, പ്രേമം എന്ന വികാരത്തോടെ മനസിൽ ഇടം പിടിച്ചുവെന്ന സത്യം ഞെട്ടലോടെ അനന്തു മനസിലാക്കി.
വീണ്ടും വീണ്ടും ആ കണ്ണുകൾ തന്നെ നോക്കിയിരിക്കാൻ അനന്തുവിന് കൊതി തോന്നി. അപ്പോഴാണ് അവനു അമ്പലത്തിൽ വച്ചു കൂട്ടിയിടിച്ച പെണ്ണിനെ കുറിച്ച് ഓർമ വന്നത്.
അപ്പോഴും അവനു അത് അരുണിമയാണോ എന്ന സംശയം നില നിന്നിരുന്നു.നാളെ ഒന്ന് അരുണിമയുടെ വീട് വരെ പോയി നോക്കാൻ അവൻ നിശ്ചയിച്ചു.
ഇനി തന്നെ കണ്ട് ആ മൂധേവി പടവാൾ എടുക്കുമോന്ന് അവൻ ശങ്കിച്ചെങ്കിലും പോകുവാനായി തന്നെ തീരുമാനമെടുത്തു.
അത്താഴത്തിനു ശേഷം അനന്തു മുറിയിലേക്ക് പോയി.
വാതിൽ ഭദ്രമായി അടച്ച ശേഷം അനന്തു കട്ടിലിലേക്ക് മലർന്നു കിടന്നു. ദേവൻ അമ്മാവന്റെ ഡയറി വായിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും മനസ് അനുവദിച്ചില്ല.
അതുകൊണ്ടു വായനക്ക് തല്ക്കാലം വിട ചൊല്ലി അവൻ അരുണിമയുടെ ഓർമകളുമായി നല്ലൊരു നിദ്രയിലേക്ക് യാത്രയായി.
പിറ്റേന്ന് രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം അനന്തു മുറിയിൽ കിടക്കുകയായിരുന്നു. ഇവിടെ വന്നിട്ട് സ്‌നേഹയെയും രാഹുലിനെയും വിളിച്ചിട്ട് ദിവസങ്ങളായി എന്ന് അവൻ ഓർത്തു.
അവരെ വിളിക്കുവാനായി അവൻ ഫോൺ എടുത്തതും മുത്തശ്ശൻ മുറിയിലേക്ക് കടന്നു വന്നതും ഒരുമിച്ചായിരുന്നു.അനന്തു ഫോൺ ബെഡിലേക്കിട്ട് വേഗം ചാടിയെണീറ്റു.
“മോനെ ദേവാ ”
“മുത്തശ്ശാ ‘
“മോൻ ഇപ്പൊ തിരക്കിലാണോ? ”
“അല്ല മുത്തശ്ശാ.. പറഞ്ഞോ “