ഇരുണ്ടു മൂടിയ ആകാശത്ത് ധനുസ്സിന്റെ രൂപത്തിൽ കൊള്ളിയാൻ മിന്നി.
അതിൽ നിന്നും ഒരു അസ്ത്രം എയ്യുന്ന പോലെ ഒരു കൊള്ളിയാനും തുടരെ മിന്നി. പ്രകൃതി കാണിച്ചു തന്ന സൂചനകൾ കണ്ടതും മായാമോഹിനി കണ്ണുകൾ അടച്ചു മുഖം താഴ്ത്തി ഒരു ക്ഷമാപണം എന്നപോലെ.
“നാമിന് മനസിലായി. നാക്കുപിഴ സംഭവിച്ചതാണ് ഇനി ഒരിക്കലും ആവർത്തിക്കില്ല. നമ്മോട് ക്ഷമിച്ചാലും അഥർവ്വാ …. ”
ആകാശത്തേക്ക് നോക്കി മായാമോഹിനി ഉറക്കെ പുലമ്പിക്കൊണ്ടിരുന്നു. അല്പ സമയത്തിന് ശേഷം മാനത്തെ കൊള്ളിയാന് ശമനം വന്നു.
ഇടി മുഴക്കത്തിന്റെ തോത് കുറഞ്ഞു വന്നു.ഇതൊക്കെ കണ്ട് ശിഷ്യൻ ഭയന്ന് വിറച്ചു സ്വാമിനിയുടെ പിന്നിൽ നിന്നു. പ്രകൃതി തനിക്ക് മാപ്പ് നൽകിയെന്ന് മനസ്സിലായതും മായാമോഹിനി അന്തരീക്ഷത്തിലേക്ക് നോക്കി കൈകൾ കൂപ്പി വണങ്ങി. അതിനു ശേഷം അവർ പർണശാലയിലേക്ക് മടങ്ങി…
¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥
അകത്തളം കഴിഞ്ഞു പൂമുഖത്തേക്ക് എത്തിയ അനന്തു ആദ്യമേ കണ്ടത് മുറ്റത്തേക്ക് ഇരമ്പി വന്നു നിൽക്കുന്ന ശിവജിത്തിന്റെ കാർ ആണ്. കാറിൽ നിന്നും ശിവജിത്തും ബലരാമനും വിജയനും ഇറങ്ങി വന്നു.
അനന്തുവിനെ കണ്ടതും കുരിശ് കണ്ട ചെകുത്താനെ പോലെ ശിവജിത്ത് നിലത്തു ഉറഞ്ഞു ചവിട്ടികൊണ്ട് ഉള്ളിലേക്ക് കയറിപ്പോയി. ബന്ധം കൊണ്ടു സ്വന്തം ചേട്ടൻ ആണെങ്കിലും ഈ ഒരു പെരുമാറ്റം അനന്തുവിനെ തെല്ലൊന്നു വിഷമിപ്പിച്ചു.
അമ്മയും ഞാനും ശിവയും വലിഞ്ഞു കേറി വന്നപോലെ ആയിരുക്കുമോ ജിത്തുവേട്ടൻ കാണുക എന്ന് അവൻ ശങ്കിച്ചു. അനന്തുവിന്റെ മുഖം കണ്ടതും ബലരാമൻ പടികൾ കയറി വന്നു അവന്റെ തോളിൽ കരം അമർത്തി.
“അനന്തൂട്ടാ അവന്റെ പെരുമാറ്റം കണ്ട് മോൻ വിഷമിക്കണ്ടാട്ടോ.. അവൻ അങ്ങനാ.. ഭയങ്കര ദേഷ്യമാ.. ആർക്കും കണ്ട്രോൾ ചെയ്യാൻ പറ്റൂല അവനെ അതാ.. തെളിച്ച വഴിയേ പോയില്ലെങ്കിൽ പോയ വഴിയേ തെളിക്കാം എന്ന് കേട്ടിട്ടില്ലേ, ഞാൻ അവനെ അവന്റെ ഇഷ്ടത്തിന് അങ്ങ് വിട്ടു കൊടുത്തു. എന്തേലും കാണിക്കട്ടെ.. മോൻ അതോർത്തു വിഷമിക്കണ്ടട്ടോ ”
ബലരാമൻ അവനെ സാന്ത്വനിപ്പിക്കുവാനായി പറഞ്ഞു.
“എന്നാലും ബലരാമൻ അമ്മാവാ ജിത്തുവേട്ടന്റെ അങ്ങനൊരു പെരുമാറ്റം കാണുമ്പോൾ വല്ലാതെ വിഷമം ആവുന്നു.. എന്തിനാ ഞങ്ങളോട് അത്രയും ദേഷ്യം? ”
“പോട്ടെടാ മോനെ … നീ അത് കാര്യാക്കണ്ട… ഒന്നും മനസ്സിൽ വെയ്ക്കല്ലേട്ടോ. ഞാൻ മോനോട് മാപ്പ് ചോദിക്കുവാ ”
ബലരാമൻ ക്ഷമാപണത്തോടെ അവനെ നോക്കി.
“അയ്യോ അമ്മാവാ അത് പോട്ടെ… സാരുല്ല.. ഞാൻ അത് എപ്പോഴേ മറന്നു.. ”
അനന്തു അമ്മാവനെ പറഞ്ഞു വിശ്വസിച്ചു.
“ശരി മോനെ ഞങ്ങൾ നിന്റെ മുത്തശ്ശനെ കണ്ടിട്ട് വരാം.. മുത്തശ്ശൻ എവിടുണ്ട്? ”
“മുത്തശ്ശൻ ഔട്ട് ഹൌസിൽ ഉണ്ട് അമ്മാവാ ”
“ശരി ”
ബലരാമൻ തിരിഞ്ഞു പടികളിറങ്ങി വന്നു. വിജയൻ ഒന്നും ഉരിയാടാതെ അയാളെ അനുഗമിച്ചു.
ഔട്ട് ഹൌസിൽ എത്തിയതും ശങ്കരൻ അവിടെ കസേരയിൽ ചാരിയിരുന്നു തന്റെ ഇരട്ട കുഴൽ തോക്ക് തുണി കോണ്ട് തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ ആയിരുന്നു.