മുത്തശ്ശിയുടെ പ്രോത്സാഹനം കിട്ടിയതും ഷൈലക്ക് വേറെ മാർഗം ഇല്ലാതായി. അവൾ തലയാട്ടിക്കൊണ്ട് മൗനാനുവാദം നൽകി.
അഞ്‌ജലി സന്തോഷത്തോടെ അവനിലേക്ക് കൂടുതൽ പറ്റിച്ചേർന്നു. അനന്തു അഞ്ജലിയെയുംകൊണ്ടു വെള്ളത്തിലൂടെ നീന്തിയും മുങ്ങി നിവർന്നും സമയം കഴിച്ചു.
നനഞ്ഞു കുതിർന്നു നിൽക്കുന്ന അവളെ കണ്ടാൽ ഒരു കൊച്ചു ദേവത ആണെന്ന് ആർക്കും തോന്നി പോകുമെന്ന് അവനു മനസിലായി.അനന്തുവിന്റെ കയ്യിൽ കിടന്ന അഞ്‌ജലി വേറേതോ ലോകത്തായിരുന്നു.
അനന്തുവുമായുള്ള ഓരോ നിമിഷങ്ങളും സ്വർഗതുല്യമായിരുന്നു അവൾക്ക്. നന്ദുവേട്ടനുമായി വല്ലാത്തൊരു ആത്മബന്ധവും ഇഷ്ടവും അവൾക്ക് അപ്പോഴേക്കും തോന്നി തുടങ്ങിയിരുന്നു.
പക്ഷെ ആ ഇഷ്ട്ടം ഒരിക്കലും തെറ്റായ രീതിയിൽ മാറുകയില്ലെന്നു അവൾ ശഠിച്ചിരുന്നു.എന്നും നന്ദുവേട്ടന്റെ കൂട്ടുകാരിയായി ഒപ്പം നിൽക്കുവാൻ അവളുടെ മനസ് വെമ്പി.
അഞ്‌ജലി അനന്തുവിന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി. ജലകണങ്ങൾ പറ്റി പിടിച്ചിരിക്കുന്ന കണ്പീലികൾക്കിടയിലൂടെ പിടയ്ക്കുന്ന നീല കണ്ണുകൾ കാണുന്ന മാത്രയിൽ മനസ് കൈ വിട്ടു പോകുമോ എന്ന ഭയം അവളിൽ നിഴലിച്ചിരുന്നു.
അതുകൊണ്ട് തന്നെ അവൾ കണ്ണുകൾ ഇറുകെ പൂട്ടി അവന്റെ കൈകളിൽ ശയിച്ചു.വെള്ളത്തിലെ കേളിക്ക് മുത്തശ്ശിയുടെ ആജ്ഞ പ്രകാരം പരിസമാപ്തി വന്നതും അഞ്ജലിയെയും കൊണ്ടു അനന്തു പടവിലേക്ക് നടന്നു വന്നു.
അവിടെ ഉള്ള കല്പടവിൽ അവളെ ഇരുത്തിയതും ഷൈല ഉടുത്തിരുന്ന സാരിയുടെ മുന്താണി കയ്യിലെടുത്തു അഞ്ജലിയുടെ തല തോർത്തി കൊടുത്തു കൊണ്ടിരുന്നു.അനന്തു ഈറനോടെ കല്പടവിൽ അമർന്നിരുന്നു.
“വലിയ പെണ്ണായി എന്നിട്ടും കുട്ടിക്കളി മാറിയിട്ടില്ല ഇതുവരെ ”
ഷൈല അവളുടെ തല തുവർത്തുന്നതിനിടയിൽ പറഞ്ഞു.അഞ്‌ജലി ചുണ്ട് കൂർപ്പിച്ചു ഷൈലയെ കോപത്തോടെ നോക്കി.
“എന്തിനാ എന്നെ നോക്കി പേടിപ്പിക്കുന്നെ? ഉള്ളതല്ലേ പറഞ്ഞേ, ഇനിയും പറയും”
ഷൈല കണ്ണുരുട്ടി അവളെ പേടിപ്പിച്ചു.
“എന്റെ പൊന്നമ്മേ ഒന്നു വായടക്ക് ”
അഞ്ജലി ഗതികെട്ട് വിളിച്ചു പറഞ്ഞു. അനന്തുവിന്റെ മുൻപിൽ നിന്നും ഇങ്ങനെ ഓരോന്ന് പറയുന്നത് നിർത്തിക്കേണ്ടത് അവളുടെ ആവശ്യമായിരുന്നു.
അല്ലേൽ അവളുടെ എല്ലാ തല്ലുകൊള്ളിത്തരവും അമ്മ വിളമ്പുമെന്നു അവൾ ഭയപ്പെട്ടു.
“മതി തോർത്തിയത്.. ഞാൻ പോകുവാ ഷൈലയുടെ കൈകൾ തട്ടി മാറ്റി മുഖം വീർപ്പിച്ചു അവൾ ഗൗരവത്തോടെ ഇരുന്നു.”
“മോനെ അനന്തു മോളെയും കൊണ്ടു മുറിയിലേക്ക് പൊക്കോ.. ഞങ്ങ വന്നോളാം”
മുത്തശ്ശി അവനോടായി പറഞ്ഞു.അനന്തു തലയാട്ടിക്കൊണ്ട് എണീറ്റു നേരെ അഞ്ജലിക്ക് സമീപം വന്നു നിന്നു.അഞ്‌ജലി അവൻ എടുക്കുന്നതിനായി തയാറായി നിന്നു.