” സോറി ഏട്ടാ ….ആ പെണ്ണ് അങ്ങനെയാ ………കളിയാക്കിയതിനു ഒന്നും തോന്നരുത് ട്ടോ ….”
അമ്മു എന്നെ നോക്കി പറഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു….എന്റെ ഞൊണ്ടൽ ഒരു താൽക്കാലികമായ ഒന്നാണ് , പക്ഷെ അവൾക്കു എങ്ങനെ ഇത്ര കൂൾ ആവാൻ പറ്റുന്നു ദൈവമേ .!!
” അപ്പൊ നിനക്ക് പ്രശ്നോന്നും ഇല്ലേ അമ്മുട്ട്യേ ….?? ”
ഞാൻ അവളോട് ചോദിച്ചപ്പോൾ അവൾ ചിരിച്ചു …
” ഞാനിതു കൊറേ കേട്ടതാണ് ഏട്ടാ….ചേച്ചിമാർക്ക് ദേഷ്യം വരുമ്പോൾ പോലും കേട്ടിട്ടുണ്ട് ………ആദ്യമൊക്കെ സഹിക്കാൻ പറ്റില്ലായിരുന്നു , കരഞ്ഞു തീർക്കും , പിന്നെപിന്നെ ശീലമായി , വയ്യാത്ത കുട്ടിയെന്നു കരുതി കാണിക്കുന്ന കൃത്രിമ അനുകമ്പയും , ഞൊണ്ടി വിളിച്ചുള്ള കളിയാക്കലും രണ്ടും സഹിക്കില്ല , …..പിന്നെ ആലോചിക്കുമ്പോൾ തോന്നും ഞാൻ ഞൊണ്ടി ആയോണ്ട് തന്നല്ലെ അവർ ഇങ്ങനെ ചെയ്യുന്നതെന്നൊക്കെ ….”
എനിക്ക് അതിനു കൊടുക്കാൻ ഒരു മറുപടി ഉണ്ടായിരുന്നില്ല ….പകരം ഞാനവളുടെ കയ്യിൽ മുറുകെ പിടിച്ചു കുളത്തിന്റെ പടവുകളിറങ്ങി …നിത്യ ആദ്യം ഞങ്ങൾ ഇരുന്ന പടവിൽ ഉണ്ടായിരുന്നു ….നട്ടുച്ചയായിട്ടും മരങ്ങളുടെ തണൽ കാരണം തണുപ്പായിരുന്നു അവിടം ….അമ്മു നിത്യയുടെ തൊട്ടുമുകളിലെ പടവിൽ ഇരുന്നപ്പോൾ നിത്യ അമ്മുവിൻറെ തുടയിൽ മൃദുവായി ഉമ്മവെച്ച് അവളുടെ മടിയിലേക്ക് തലവെച്ചു..അവളുടെ മുടിയിൽ പതിയെ തലോടിക്കൊണ്ട് അമ്മു വീണ്ടും എന്റെ മുഖത്ത് നോക്കി ….ഞാൻ നിത്യ ഇരുന്ന പടവിൽ അവരിൽ നിന്നും കുറച്ചു വിട്ട് ഇരുന്നു…
“പക്ഷെ ഏട്ടാ …. ഇവൾ എന്നെ അങ്ങനെയൊക്കെ വിളിക്കുമ്പോൾ എനിക്ക് സങ്കടം വരാറില്ല …..കുഞ്ഞുനാൾ മുതൽ എന്നെ സമാധാനിപ്പിക്കാനും സപ്പോർട്ട് ചെയ്യാനും അച്ഛനും അമ്മയും പിന്നെ എന്റെ ഈ സുന്ദരിക്കുട്ടിയും മാത്രേ ഉണ്ടായിരുന്നുള്ളു ….”
അമ്മു പാതി നിറഞ്ഞ കണ്ണുകളുമായി സ്നേഹത്തോടെ അതും പറഞ്ഞു നിത്യയുടെ ചുണ്ട് പറിച്ചെടുക്കുന്നപോലെ കാണിച്ചു ആ വിരലെടുത്തു ഉമ്മവെച്ചു….ഞാൻ നിറഞ്ഞ സന്തോഷത്തോടെ ഇതെല്ലാം കണ്ടുനിന്നു …..
” അത് അവിടെ നിക്കട്ടെ , ഇപ്പൊ ഈ കുളത്തിലേക്ക് വീണ്ടും വന്നതെന്തിനാ …നേരത്തെ കൊടുത്തത് പോരാന്നു തോന്നുന്നുണ്ടോ..???
എന്നെ നോക്കി നിത്യ ചോദിച്ചു…അമ്മു അവളുടെ ചെവി കൂട്ടിപ്പിടിച്ചു മെല്ലെ തിരിച്ചു….
ഞാൻ നേരത്തെ അച്ഛനുമായി രണ്ടാമതുണ്ടായ കാര്യങ്ങൾ മുഴുവൻ അമ്മുവിനോട് പറഞ്ഞുകൊടുത്തു….തികച്ചും അത്ഭുതവും ഇഷ്ടവും ചേർന്നൊരു മുഖഭാവത്തോടെ അവൾ മുഴുവൻ കേട്ടിരുന്നു…..ഞാനിതെല്ലാം പറഞ്ഞുകഴിഞ്ഞപ്പോളേക്കും അവളുടെ കണ്ണിൽനിന്നും രണ്ടു തുള്ളി കവിളിലൂടെ ഒലിച്ചിറങ്ങി…..