“പറയൂ സാബ് “
“എനിക്ക് ഗ്രാമത്തിലേക്ക് പോവണ്ട “
“പിന്നെ?? “
“നീയെന്നെ നാരീഘട്ടിലേക്ക് കൊണ്ടുപോകു.”
“സാബ് !!! അവിടെ ആണുങ്ങൾക്ക് പ്രവേശനമില്ല”
“ദൂരെ നിന്നൊന്ന് കണ്ടാൽ മതി
“അലക്സ് കുറച്ച് പണം കൂടി അയാളുടെ മുന്നിലേക്ക് വെച്ചു.
തുഴയുടെ ദിക്ക് ഗ്രാമത്തിന്റെ വലതു വശത്തേക്ക് മാറിയിരുന്നു.നാരീഭാഗിനെ തൊടാതെ വള്ളം പെൺ മലയിലേക്ക് യാത്രയായി.കാഴ്ചയുടെ വരമ്പുകൾക്കപ്പുറം അവളുടെ തുടകൾ ദൃശ്യമായി.വള്ളം അതിലേക്ക് കൂടുതൽ അടുത്തു.
“ഇതിനപ്പുറം അപകടമാണ് സാബ്.മൂന്ന് വർഷങ്ങൾക്ക് മുൻപ് ഇതുപോലൊരു എഴുത്തുകാരന്റെ നിർബന്ധത്തിന് വഴങ്ങി ഞാനയാളെ ഇവിടെവരെ കൊണ്ടുവന്നു.ഞാൻ നോക്കിനിൽക്കേ അയാൾ വെള്ളത്തിലേക്കെടുത്ത് ചാടി പെണ്മലയിലേക്ക്ക് നീന്തി കയറി കാട്ടിൽ മറഞ്ഞു.ആ വർഷം കറുത്ത വാവിന്റെയന്ന് ഗ്രാമത്തിലെത്തിയ പെൺപടയുടെ മുന്നിൽ നടന്ന പെണ്ണിന്റെ കയ്യിൽ അയാളുടെ ചേതനയറ്റ ശിരസ്സുണ്ടായിരുന്നു.
മുന്നറിയിപ്പാണ് സാബ് മുന്നറിയിപ്പ് …. ആണുങ്ങൾക്ക് അവിടെ പ്രവേശനമില്ല.”
ഗംഗാറാം അത് പറഞ്ഞുതീർന്നതും അയാളെ ഞെട്ടിച്ചുകൊണ്ട് അലക്സ് വെള്ളത്തിലേക്കെടുത്ത് ചാടി.പിന്നിൽ നിന്നുള്ള വിളികളെ അയാൾ ചെവിക്കൊണ്ടില്ല.ഗംഗാറാം നിസ്സഹായനായി നോക്കിനിൽക്കേ അലക്സ് പെണ്മലയുടെ ഇരുട്ടിൽ മറഞ്ഞു.മണിക്കൂറുകൾ കാത്തിരുന്ന ശേഷം നിരാശനായി അയാൾ ഗ്രാമത്തിലേക്ക് മടങ്ങി.
കറുത്തവാവിന്റെ ഇരുട്ട് ഗ്രാമത്തെ മൂടിയിരുന്നു.പെൺപടയുടെ വരവിനായി കാതോർത്തുകൊണ്ട് മനുഷ്യർ കൂരകളിൽ ഉറക്കമഭിനയിച്ച് കിടന്നു.ഗ്രാമത്തിന്റെ നനഞ്ഞ മണ്ണിൽ കാൽ പാദങ്ങൾ പതിഞ്ഞു.വലിയൊരു ആരവത്തോടെ ഗ്രാമമധ്യത്തിലേക്ക് പെൺപടയെത്തി.നിർഭാഗ്യകരമായ വാർത്തയുടെ സ്ഥിരീകരണത്തിനായി ഗംഗാറാം ഇരുട്ടിൽ നിന്ന് ഇരുട്ടിലേക്ക് നോക്കി.
പെൺപടയുടെ മുന്നിലായി നടന്ന പെണ്ണിന്റെ കൈകളിലേക്ക് അയാളുടെ നോട്ടം പതിഞ്ഞു.തന്റെ ഉച്ചത്തിലുള്ള ഹൃദയതാളം മറ്റാരും കേൾക്കാതിരിക്കാൻ അയാൾ ശ്വാസമടക്കി.ഇരുട്ടിൽ പ്രതീക്ഷയുടെ ഒരു തിരി തെളിഞ്ഞു.അവളുടെ കൈകൾ ശൂന്യമായിരുന്നു.
എന്നാലവളുടെ മുഖം കണ്ട ഗംഗാറാം നടുങ്ങി.യഥാർഥ്യത്തെ ഉറപ്പിക്കുവാനായി അയാൾ വീണ്ടും വീണ്ടും കണ്ണുകൾ തിരുമി.കണ്മുന്നിൽ കണ്ട കാഴ്ചയുടെ തീർച്ചയിൽ അത്ഭുതത്താൽ ആ കണ്ണുകൾ നിറഞ്ഞു.
പെൺപടയുടെ മുന്നിൽ നടന്ന പെണ്ണ്…. അത്… അലക്സായിരുന്നു!!!
കൂട്ടുകാർ കളിയാക്കിയിരുന്ന.വീട്ടുകാർ വെറുത്തിരുന്ന.മതം അംഗീകരിക്കാതിരുന്ന.സമൂഹം ഒറ്റപ്പെടുത്തിയിരുന്ന.അവന്റെ ഉള്ളിലെ പെണ്ണിനെ ഒരു നോട്ടം കൊണ്ടുമാത്രം അവർ തിരിച്ചറിഞ്ഞു.
പെൺപടയിലൊരാളായി അവൾ നടന്നു.അവരുടെ കൊലുസ്സുകളുടെ താളങ്ങൾ ഗ്രാമത്തിന് മേൽ പേമാരിപോലെ പെയ്തിറങ്ങി.
അതിൽ ഏറ്റവും മുഴക്കമുള്ള കൊലുസ്സുകൾ അവളുടേതായിരുന്നു അലക്സിന്റെതായിരുന്നു.
ഗ്രാമത്തിന്റെയും കാലത്തിന്റെയും ഇരുട്ടിലേക്ക് അവർ നടന്നകന്നു.പിന്നീടാരും പെൺപടയെ കണ്ടതുമില്ല കേട്ടതുമില്ല.