പെൺപട [Hunter]

Posted by

പെൺപട

Penpada | Author : Hunter

 

വൈകുന്നേരം നാലുമണി കഴിഞ്ഞാൽ ഇരുട്ട് വീണുതുടങ്ങും. ആറുമണിയായാൽ പിന്നെ കൂരാകൂരിരുട്ടാണ്. നാരിഭാഗിനെ കുറിച്ച് പ്രഫസർ പറഞ്ഞ കാര്യങ്ങൾ അലക്സ്‌ ഓരോന്നായി മനസ്സിൽ തിട്ടപ്പെടുത്തി. ഇഴഞ്ഞു ഇഴഞ്ഞു സഞ്ചരിക്കുന്ന നാടൻ ബസ്സിന്റെ കുലുക്കങ്ങൾ പുസ്തകം വായിക്കാനുള്ള അയാളുടെ ശ്രമങ്ങളെ വിഫലമാക്കി. അലക്സ്‌ വീണ്ടും കണ്ണുകളെ പുറത്തെ ശൂന്യമായ തരിശ്ഭൂമിയിലേക്കും ചിന്തകളെ നാരിബാഗിലെക്കും പറഞ്ഞയച്ചു. തീരെ മനുഷ്യവാസമില്ലാത്ത പുൽത്തകിടികളുടെ ധമനികളെ മുറിച്ചുകൊണ്ടൊരു നെടുനീളൻ നദിയോഴുകുന്നു അതിനപ്പുറം ദ്വീപുപോലൊരു ഗ്രാമം. മനുഷ്യ സംസ്കാരത്തിന്റെ പ്രാചീന തലങ്ങളിലേതോ വഴിമറന്ന് നിന്നുപോയ കുറെ മനുഷ്യർ. ഗ്രാമത്തിലും ചുറ്റുമുള്ള ദ്വീപുകളിലും നദിയുടെ ആഴത്തോളം ആഴ്ന്ന് കിടക്കുന്ന ഐതീഹ്യങ്ങൾ. പ്രഫസറുടെ വാക്കുകൾ നിറച്ച എക്സ്സൈറ്റ്മെന്റ് അലക്സിനെ വിട്ടുമാറിയിരുന്നില്ല.ചിന്തകൾക്ക് ഇന്റർവെൽ ബെൽ മുഴക്കിക്കൊണ്ട് അയാളുടെ ഫോൺ ബെല്ലടിച്ചു.

“മോനെ.. നീയിത് എവിടെയാ ഞങ്ങളെ ഇങ്ങനെ വെഷമിപ്പിക്കല്ലേ”

“എന്നെയോർത്ത് ആരും വേഷമിക്കണ്ടാ”

“നീയിങ്ങ് തിരിച്ചുവാ നമുക്ക് എല്ലാത്തിനും പോംവഴിയുണ്ടാക്കാം.”

“എന്റെ തീരുമാനത്തിന് മാറ്റമില്ലമ്മേ….അറിഞ്ഞുകൊണ്ടൊരു ചതിക്ക് ഞാനില്ല.ഇനി എന്നെ വിളിച്ചാൽ കിട്ടില്ല. ഞാൻ ഫോൺ ഓഫ്‌ ചെയ്യുവാണ്”

ഫോൺകോൾ തീർത്ത അസ്വാസ്ഥ്യം തണുത്തൊരു കാറ്റ് കവിളുകളിൽ തഴുകും വരെ തുടർന്നു.

അലക്സ്‌ ബസ്സിറങ്ങിയപ്പോഴേക്കും നദിക്കര തീർത്തും വിജനമായിരുന്നു.ഗ്രാമത്തെപ്പറ്റി പ്രഫസ്സർ പറഞ്ഞ ഒടുവിലത്തെ വരി അയാളുടെ മനസ്സിലൂടെ കടന്നു പോയി. ‘കൗമാരത്തിലെ അമ്മയാകുന്ന പെണ്ണിനെപ്പോലെ സന്ധ്യക്ക്‌ മുന്നേ നേരം രാത്രിയുടെ ഇരുട്ടിനെ ഉദരത്തിൽ ചുമക്കുന്നു.’

കുറച്ചുനേരം കൂടി അയാൾക്ക് അവിടെ നിൽക്കണമെന്നുണ്ടായിരുന്നു എന്നാൽ ക്ഷണനേരം കൊണ്ട് പതഞ്ഞിറങ്ങുന്ന ഇരുട്ടും കോടമഞ്ഞും ചുറ്റും ഭീതി നിറച്ചു.

“എന്തായിരുന്നു അയാളുടെ പേര് “ മനസ്സിൽ പറഞ്ഞുകൊണ്ട് അയാൾ ചുറ്റുമുള്ള നേർത്ത ഇരുട്ടിൽ വള്ളക്കാരനെ പരതി.

“സാബ്…. ഇങ്ങോട്ട് വാ” മഞ്ഞിനിടയിൽ നിന്ന് ആരോ അയാളെ കൈകൊട്ടി വിളിച്ചു.

“അലക്സ്‌ സാറല്ലേ…. പ്രഫസർ പറഞ്ഞിരുന്നു” കയ്യിൽ പങ്കായം പിടിച്ചൊരു നിഴൽ അയാൾക്ക്‌ നേരെ കൈനീട്ടി.

സ്ഥാനം തെറ്റികിടന്ന മങ്കിക്യാപ് നേരെയാക്കികൊണ്ട് അലക്സ്‌ വള്ളത്തിലേക്ക് വലത്കാൽ വെച്ചു.

“കുറച്ചുകൂടി നേരത്തെ വരായിരുന്നില്ലേ സാബ്.ഇവിടെ നേരത്തെ ഇരുട്ടിറങ്ങും ആറുമണിയൊക്കെ കഴിഞ്ഞാ പിന്നെ നേരെ എതിരെ നിക്കുന്നവനെപോലും കാണാൻ കഴിയില്ല.”ധൃതിയിൽ വള്ളം തുഴയുന്നതിന്റെ ഇടയിൽ അയാൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *