ദൂരെ നിന്ന് കണ്ടതിലും ചെറുപ്പമായിരുന്നു വള്ളക്കാരൻ എന്ന് അലക്സ് വിലയിരുത്തി.
“നിങ്ങടെ പേര് പ്രഫസർ പറഞ്ഞിരുന്നു.ഞാൻ മറന്നു… “
“ഗംഗാറാം “ മോണ കാട്ടിച്ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു.
“ സാബ് ഏത് പത്രത്തിൽ നിന്നാണ്” ചിരിക്കുശേഷം ആകാംഷാപൂർവ്വം ഗംഗാറാം ചോദിച്ചു.
“പത്രമല്ല മാഗസിൻ ആണ്.’മിസ്റ്റിരിയസ് ഇന്ത്യ’. ഇന്ത്യയിലുടനീളമുള്ള നിഗൂഢമായ സ്ഥലങ്ങളെ പറ്റിയുള്ള അന്വേഷണങ്ങളാണ് ഞങ്ങളുടെ കണ്ട ന്റ് “
വാക്കുകൾ പലതും മനസ്സിലായില്ലെങ്കിലും ഗ്രാമത്തെപ്പറ്റിയുള്ള വിവരങ്ങളാണ് അലക്സിനറിയേണ്ടത് എന്ന് ഗംഗറാമിന് ബോധ്യമായി.
“ഇങ്ങനെ കുറച്ച് പേര് വരാറുണ്ട് സാബ്.ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾ, പത്രക്കാര് ചില ചരിത്രകാരന്മാര്.എല്ലാവരും രണ്ട് ദിവസം ഗ്രാമത്തിൽ ചിലവഴിച്ച് മടങ്ങും.” നദിയിലേക്ക് നോക്കി അലസഭാവത്തിൽ ഗംഗാറാം പറഞ്ഞു.
“രണ്ട് ദിവസത്തിൽ കൂടുതൽ ആരേയും ഗ്രാമത്തിൽ നിർത്താറില്ല എന്നും ഞാൻ കേട്ടിട്ടുണ്ട്”
“എല്ലാത്തിനും ഒരു നിയമം വേണ്ടേ സാബ്.” അലക്സ് പറഞ്ഞത് തീരെ പിടിക്കാത്ത മട്ടിൽ അയാൾ പറഞ്ഞു.
“പുറം ലോകത്തിൽ നിന്ന് എന്തെങ്കിലും മറയ്ക്കേണ്ടവർക്കല്ലേ അതിന്റെ ഒക്കെ ആവശ്യം ഉള്ളു” അലക്സ് വിട്ടുകൊടുത്തില്ല.
“രണ്ട് ദിവസം ഗ്രാമത്തിൽ തങ്ങാനനുവദിക്കുക.ആചാരങ്ങൾക്ക് ഉളളിൽ നിന്നുകൊണ്ടുള്ള സഹായങ്ങൾ ചെയ്ത് കൊടുക്കുക.ഇതായിരുന്നു പ്രഫസറുടെ വാക്കുകൾ.ഗ്രാമത്തെ പറ്റിയും ഞങ്ങളുടെ സംസ്കാരത്തെപ്പറ്റിയും എഴുതാൻ വരുന്നൊരു പത്രക്കാരൻ എന്ന നിലയിലാണ് പ്രഫസർ നിങ്ങളെ പരിചയപ്പെടുത്തിയത്.അതിൽ കൂടുതലൊന്നും എന്റെ പരിധിയിൽ വരുന്നതല്ല” ഒരു വേള തുഴയൽ നിർത്തിക്കൊണ്ട് ഗംഗാറാം പറഞ്ഞു.
“എനിക്കറിയേണ്ടത് ഗ്രാമത്തെ പറ്റിയാണ് പക്ഷെ അവിടത്തെ സംസ്കാരത്തെപ്പറ്റിയല്ല”
“പിന്നെ “
“പെൺമലയെ പറ്റിയാണ്….പിന്നെ എല്ലാ വർഷവും ഇന്നേ ദിവസം ഗ്രാമത്തിൽ സംഭവിക്കുന്ന ആ പ്രതിഭാസത്തെ കുറിച്ചും “
വിരിഞ്ഞുനിന്ന ഇരുട്ടിലും ഗംഗാറാമിന്റെ മുഖത്ത് തെളിഞ്ഞ ഭയത്തെ അലക്സ് ഗ്രസിച്ചു.
“അത്…. അപകടമാണ് സാബ്”
“എന്തുകൊണ്ട്”
“അതിന് പിന്നിൽ ഒരുപാട് പഴയങ്കഥകളുണ്ട്”
“അത് കേൾക്കാനാണ് ഞാൻ വന്നത്.”
“അതൊന്നും ആരോടും പറയരുതെന്ന് വിലക്കുണ്ട്. മുതിർന്നവർ സമ്മതിക്കില്ല “
“തനിക്ക് മുംബൈയിൽ ഒരു ജോലി ശരിയായിട്ടും പോവാൻ കഴിഞ്ഞില്ല അല്ലേ. എന്തേ പണമായിരുന്നോ പ്രശ്നം“
“ചെറുപ്പക്കാർക്കൊക്കെ ഇവിടെ നിന്ന് രക്ഷപ്പെടണം എന്നുണ്ട് സാബ്.ഈ വിശ്വാസങ്ങളും ആചാരങ്ങളും മടുത്തു.എന്റെ കാര്യം തന്നെ കണ്ടില്ലേ.ഗ്രാമമതിന് അനുവദിക്കുന്നില്ല.ഒളിച്ചോടാമെന്നുവെച്ചാൽ പണം ആരുതരാനാണ്”പറഞ്ഞു തീർന്നതും അലക്സ് ബാഗിൽ നിന്ന് പുറത്തേക്ക് വെച്ച നോട്ടുകെട്ടിൽ അയാളുടെ കണ്ണുകൾ പതിഞ്ഞു.