ഹോട്ടലുകളിൽ എച്ചിൽപ്പാത്രം കഴുകിയും,
കക്കൂസ് വൃത്തിയാക്കിയും വലിയ
വീടുകളിലെ പറമ്പുകളിലും പൂന്തോട്ടങ്ങളിലും
പുല്ലുപറിച്ചുമൊക്കെ കിട്ടുന്ന നക്കാപ്പിച്ച കൊണ്ട്
അമ്മയ്ക്ക് മരുന്നു മേടിച്ചു… സിബിഎസ്ഇയിൽ
പഠിച്ചിരുന്ന അനിയത്തിക്കൊച്ചിനെ, സർക്കാർ
സ്കൂളിൽ കൊണ്ടു ചേർത്തു…….
ഫീസുകൊടുക്കാൻ എവിടുന്നാ കാശ്……..
അങ്ങനങ്ങനെ നിരങ്ങി നിരങ്ങി എങ്ങനെയോ
മൂന്നുനാല് കൊല്ലം മുന്നോട്ടു നീങ്ങി….
അങ്ങനെയിരിക്കെ ഒരു വറുതിയുടെ കാലം
വന്നു…. ഒരു പണിയും കിട്ടുന്നില്ല! കുടുംബം
മുഴുപ്പട്ടിണിയിലായി……
വിളിക്കാത്ത ദൈവങ്ങളില്ല! ആരുടെ മുമ്പിലാണ്
ഇരക്കാതിരുന്നതെന്നറിയില്ല!
പറയാൻ ബന്ധുക്കാരോ കൂട്ടുകാരോ,
ആരുമില്ലല്ലോ!
ഒടുക്കം ഞാനതു തീരുമാനിച്ചു…….
“തെരുവിലിറങ്ങി അങ്ങു തെണ്ടുക!”
ആദ്യമൊക്കെ എളുപ്പമായിരുന്നു തെണ്ടുന്നത്….
നിരങ്ങി നിരങ്ങി നീങ്ങുന്ന ഒരു കാലില്ലാത്തവൻ
കൈനീട്ടിയാൽ ആരെങ്കിലുമൊക്കെ
അമ്പതുപൈസയും ഒരു രൂപയുമൊക്കെ തരും….
കൊമ്പത്തെ പണക്കാർക്കൊന്നും നീട്ടാൻ
കൈയുണ്ടാവില്ല…. മുഴച്ചിരിക്കുന്ന കീശനോക്കി
നെടുവീർപ്പിട്ടുകൊണ്ട് പോകാമെന്നു മാത്രം….!
ചായം തേച്ച ചുണ്ടുകളുള്ള ഫാഷൻലേഡികളുടെ
കാര്യവും അങ്ങനെ തന്നെയാണ്……!
ഇടത്തരക്കാരാണു ഭേദം! ആവശ്യങ്ങൾക്കു
വച്ചിരിക്കുന്നതാണെങ്കിലും, പാവമല്ലേ,
തെണ്ടിയല്ലേ, അരിമേടിച്ചോട്ടെ എന്നു കരുതി
പത്തുരൂപാ എടുത്തു തരും…… .
“”കൈ നിറയെ ഉണ്ടായിട്ടൊന്നുമല്ല…….
മനുഷ്യത്വം എന്നുപറയുന്ന ഒരു സാധനം കാണാൻ
കിട്ടുന്നത് ഇല്ലായ്മക്കാരന്റെ അടുത്താ…. ! അതൊരു നഗ്നമായ സത്യമാണ്…….””
അങ്ങനെ ഒരു ദിവസം അങ്കമാലി
കെഎസ്ആർടിസി സ്റ്റാൻഡിന്റെ അടുത്തിരുന്ന്
തെണ്ടുമ്പോഴാണ്, അവളെ ഞാനാദ്യം കാണുന്നത്…….
ഒരു പച്ചക്കളർ ചുരിദാറിട്ട ഒരു സുന്ദരിക്കൊച്ച്,
നഗരസഭ സ്പോൺസർ ചെയ്ത
ബഞ്ചുകളിലൊന്നിൽ ഇരിക്കുന്നു…….
അവൾ ഒറ്റയ്ക്കായതു കൊണ്ട്, അടുത്തുചെല്ലാൻ ആദ്യം മടിച്ചു………
പിന്നെ രണ്ടും കൽപിച്ച് അവൾക്കരികിലേയ്ക്കു നിരങ്ങിച്ചെന്നു….
അവൾക്കരികിലെത്തിയപ്പോൾ ഞാൻ ചോദിച്ചു..
“എന്തെങ്കിലും തര്യൊ?”
അവൾ പേഴ്സിൽ നിന്ന് ഒരു പത്തുരൂപാ എടുത്തു
നീട്ടി……
തൊട്ടടുത്ത് ഒരു ചായക്കടയുണ്ടായിരുന്നു….. അവിടെ നിന്നും ആളുകൾ നല്ല ചൂടൻ പഴംപൊരി വാങ്ങി കഴിക്കുന്നു…… വായിൽ വെള്ളമൂറുന്നു….. വിശന്ന് കണ്ണുകാണാൻ വയ്യ…..
അവൾ തന്ന പത്തുരൂപാ കൊടുത്താൽ
ഒരെണ്ണം വാങ്ങാം…. പക്ഷേ, അപ്പോ അമ്മയ്ക്ക്
മരുന്നെങ്ങനെ വാങ്ങും….?
വേണ്ട, അതൊന്നും മോഹിക്കാൻ പാടുള്ളതല്ല…..!
ഞാൻ തിരിഞ്ഞ് നിരങ്ങിത്തുടങ്ങി….
“അതേയ്…’
അവളുടെ കിളിനാദം എന്റെ ചെവികളിൽ മുഴങ്ങി.
ഞാൻ തിരിഞ്ഞു…..
“പഴംപൊരി വേണോ?”
ഒരു പഴംപൊരിയും നീട്ടിപ്പിടിച്ച് അവളെന്റെ മുമ്പിൽ നിൽക്കുന്നു…. !
“””പറഞ്ഞുചെയ്യുന്നവളേക്കാൾ, അറിഞ്ഞു ചെയ്യുന്ന പത്തരമാറ്റു പെണ്ണ്….”””
അക്ഷരാർത്ഥത്തിൽ ഞാൻ അവൾക്കുമുമ്പിൽ
കീഴടങ്ങി… അത്രയും ബഹുമാനം ജീവിതത്തിൽ
ഇതിനുമുൻപ് തോന്നിയിട്ടുള്ളത് അമ്മയോടു മാത്രമാണ്……
നിരസിക്കാൻ ശ്രമിച്ചെങ്കിലും, ചൂടൻ പഴംപൊരി
എന്റെ ചുണ്ടോടടുപ്പിച്ചിട്ട്, അവൾ പറഞ്ഞു…
“ചേട്ടൻ കഴിക്ക്, ചേട്ടാ..”