പുനർജ്ജനി 2 [VAMPIRE]

Posted by

മാഷ് എന്റെ അടുത്ത് ബഞ്ചിൽ വന്നിരുന്നു…… എന്റെ തോളത്ത് കൈവച്ചുകൊണ്ടു പറഞ്ഞു…..

“എടാ, നിന്നെ പരിഗണിക്കുന്നില്ല എന്നു നീ
പരാതിപ്പെടുകയല്ല വേണ്ടത്.. പരിഗണിച്ചില്ലെങ്കിൽ
എനിക്കു പുല്ലാണ് എന്നുപറഞ്ഞ് അന്തസ്സായി
ജീവിച്ചു കാണിച്ചുകൊടുക്കണം……..! അപ്പോൾ
പരിഗണിക്കാതിരുന്നവരൊക്കെ തന്നെ
പരിഗണിച്ചു തുടങ്ങും……”

അങ്ങനെ, ആ വാക്കുകളിൽ നിന്നും
ഊർജമുൾക്കൊണ്ട്, ഞാൻ നല്ല രീതിയിൽ പഠിക്കാൻ തുടങ്ങി……

ക്രമേണ ഞാൻ ക്ലാസ്സിൽ ഒന്നാമനായി……..

പൊതുവേ മാറ്റിനിർത്തപ്പെടുന്നവരെ
“പഠിപ്പിസ്റ്റുകൾ’ എന്ന ഗണത്തിൽപ്പെടുത്താമല്ലോ……
പക്ഷേ, അവഗണിക്കപ്പെടുന്ന ഒരു വികലാംഗന്റെ
മനസ്സിനെ ശക്തിപ്പെടുത്താൻ എനിക്ക് ആ
ലേബൽ നൽകിയ ഊർജ്ജം ചില്ലറയല്ലായിരുന്നു…

ഞാൻ നല്ല ഒരു പഠിതാവിന്റെ പാത
പിന്തുടർന്നു…. യൂണിവേഴ്സിറ്റി റാങ്കിന്റെ
പ്രതീക്ഷകളുണർന്നപ്പോൾ ഞാൻ അധ്യാപകരുടെ
കണ്ണിലുണ്ണിയായി…….

എന്റെ പരിമിതികളെയും വേദനകളെയും മറന്ന്
ഞാൻ നേട്ടത്തിലേയ്ക്കു കുതിക്കുമ്പോൾ,
സഹപാഠികളുടെ മനസ്സിൽ എന്നെക്കുറിച്ച്
ആദരവു വർധിച്ചു…..

പരിഗണനകളുടെ പ്രഭാകിരണങ്ങളുമായി എന്റെ
കൂടെ പഠിക്കുന്ന കുട്ടികൾ, സംശയങ്ങളുമായി
എന്നെ സമീപിക്കാൻ തുടങ്ങി…..
മനസ്സ് സന്തോഷം കൊണ്ടു നിറഞ്ഞ നാളുകൾ…

അങ്ങനെയിരിക്കുമ്പോഴാണ്…

സാമ്പത്തികമായി ഏറെ പിന്നിലായിരുന്നു
എന്റെ കുടുംബം…… അച്ഛൻ ഒരു പാറമടയിലെ
കല്ലുപണിക്കാരനായിരുന്നു…… അമ്മയ്ക്കാണെങ്കിൽ എന്നും ദീനമാണ്…. ആസ്മയും വലിവും..
പെങ്ങളൊരുത്തിയുള്ളത് പത്താം ക്ലാസ്സിലേ
ആയിട്ടുള്ളൂ… കടങ്ങളുടെ കണക്കാണെങ്കി ഒന്നും
പറയുകയേ വേണ്ട…..!

ഇങ്ങനെയൊക്കെയാണെങ്കിലും, അച്ഛൻ ഒരു
കുറവുമറിയിക്കാതെയാണ് ഞങ്ങളെ വളർത്തിയത്……
കടവും കരിങ്കടവും മേടിച്ചിട്ടാണെങ്കിലും ഞങ്ങളെ
പട്ടിണിയാക്കാതെയും അമ്മയെ ചികിത്സിച്ചും
വീടിന്റെ പണിതീർത്തും അച്ഛൻ ഞങ്ങളുടെ
വീടിന്റെ വിളക്കായിത്തീർന്നു…….

പക്ഷേ, പെട്ടെന്നൊരു ദിവസം, ആ വിളക്കിലെ
എണ്ണ തീർന്നു…. വിളക്കണഞ്ഞു…..
ഞങ്ങളുടെ കുടുംബം ഇരുട്ടിലായി…..

എനിക്കെന്റെ പഠനം ഉപേക്ഷിക്കുകയല്ലാതെ
മറ്റൊരു മാർഗമില്ലായിരുന്നു…. ദിവാകരൻമാഷ് ഏറെ നിർബന്ധിച്ചു നോക്കി… എങ്കിലും അമ്മയ്ക്കും, പെങ്ങൾക്കും വേണ്ടി, വീട്ടിൽ അരിവേകാൻ വേണ്ടി, എനിക്കു പഠിപ്പു നിർത്തേണ്ടിവന്നു……

കുറേക്കാലം പണി തേടി അലഞ്ഞു……
സമൂഹത്തിന്റെ സഹതാപവും ദയയും എത്ര
വിലപ്പെട്ടതാണെന്നു ഞാനറിഞ്ഞു…..

മാന്യൻമാരെന്നു പുറമേ നടിക്കുന്ന ആരും ഒരു
തൊഴിൽ നൽകാൻ തയ്യാറായില്ല….
കാലില്ലാത്ത എനിക്കാരു തൊഴിൽ തരാനാണ്……!

കുറേക്കാലം അങ്കമാലി അങ്ങാടിയിലൂടെ
അങ്ങുമിങ്ങും നിരങ്ങി നടന്നു….
ഒരു തൊഴിൽ തേടി…..

കാലമെത്ര കടന്നു പോയിട്ടും സ്ഥിരമായൊരു
തൊഴിൽ എനിക്കു കിട്ടിയില്ല…..

Leave a Reply

Your email address will not be published. Required fields are marked *