എന്തിന് ഏറെ അച്ഛന്റെ മകനെന്നു പറയാൻ തന്നെ ഒരു ഗമയാണ്. പക്ഷെ അച്ഛൻ ഞങ്ങളോടൊക്കെ കുറച്ചെ സംസാരിക്കൂ സ്നേഹം ഉള്ളിൽ ഉണ്ട് കാണിക്കാൻ അറിയത്തില്ല.പിന്നെ അമ്മയ്ക്ക് എന്നെ ഭയകര ഇഷ്ടമാണ് എനിക്ക് എന്റെ അമ്മ അഞ്ചുവയസുവരെ മുലപ്പാലൂട്ടിട്ടുണ്ട്. അതിന്റെ പ്രത്യുപകാരമായിരിക്കും ഞാൻ പതിനാറാം വയസിൽ തന്നെ അമ്മയോട് സംസാരിക്കാതിരിക്കുന്നതും ഈ പുകിലൊക്കെയും.
എനിക്ക് സ്കൂളിൽ പോകുന്നതിനോടും ക്ലാസിലിരുന്ന് പഠിക്കുന്നതിനോടും തീരെ ഇഷ്ടമല്ലായിരുന്നു. പത്തൊന്ന് കഴിഞ്ഞാൽ മതിയെന്നാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. Sslc കഴിഞ്ഞ് തുടർ പഠനത്തിന് എനിക്കിഷ്ടമല്ലായിരുന്നു. Sslc എക്സാം ഒക്കെ കഴിഞ്ഞു റിസൾട്ട് വന്നു ഞാൻ പാസായിട്ടുണ്ട്.
+1+2വിന് പോവുന്നില്ല എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു. അത് എനിക്ക് അമ്മയോട് പറയാൻ പേടിയായിരുന്നു. അത് കൊണ്ട് +1വിന് അപ്ലിക്കേഷൻ ഫോം കൊടുക്കാതെ മുങ്ങി നടന്നു. എന്തായാലും ‘പലനാൾ കള്ളൻ ഒരുനാൾ പിടിക്കുമെന്നല്ലേ ചൊല്ല്’.
ചേട്ടൻ : ഡാ നീ പോയില്ലേ അപ്ലിക്കേഷൻ കൊടുക്കാൻ നിന്റെ കൂട്ടുകാരൊക്കെ ഒരാഴ്ചമുമ്പ് പോയെന്നാണല്ലോ കേട്ടത്. ( അല്ലെങ്കിലും ഈ ചേട്ടനു പാര വെക്കുന്ന ശീലം പണ്ടേയുള്ളതാ )
അമ്മ : ചേട്ടൻ പറഞ്ഞത് ശരിയാണോ, നീ അപ്ലിക്കേഷൻ ഫോം കൊടുത്തില്ലേ?
എന്തായാലും ഇനി മറച്ചുവെച്ചിട്ടുകാര്യമില്ല, ഞാൻ അമ്മയോട് തുറന്നു പറഞ്ഞു എനിക്ക് പഠിക്കാൻ ഇഷ്ടമല്ലാന്ന്. പഠനത്തിൽ എനിക്ക് താല്പര്യമില്ലെന്ന് അമ്മയ്ക്ക് അറിയാവുന്നത് കൊണ്ടായിരിക്കും സമാദാനത്തിൽ അമ്മ എന്നെ ഉപദേശിച്ചത്, ” ഡാ മോനെ ഈ കാലത്ത് പഠിക്കാത്തവർക്ക് ഒരു നല്ല ജോലി പോലും കിട്ടത്തില്ല അത് കൊണ്ട് എന്റെ മോൻ അപ്ലിക്കേഷൻ കൊടുക്ക്.” ഞാൻ പഠിക്കുന്നില്ല എന്ന് ഉറപ്പിച്ചത്കൊണ്ടായിരിക്കണം ഞാൻ അമ്മ പറഞ്ഞ ഒന്നിനും ചെവി കൊടുത്തില്ല. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ചേട്ടൻ അമ്മയോട് പറഞ്ഞു : ‘കണ്ടോ അമ്മേ, ഞങ്ങളെക്കാൾ കൂടുതൽ ഇവനെ സ്നേഹിച്ചത് കൊണ്ടല്ലേ അവൻ അമ്മയോട് ഇങ്ങനെ സംസാരിക്കുന്നത്, അമ്മയാണ് അവനെ ലാളിച്ചു വഷളാക്കിയത്.’
ഇത് കേട്ട ഞാൻ : ചേട്ടൻ ചേട്ടന്റെ കാര്യം നോക്കിയാൽ മതി എന്റെ കാര്യം നോക്കാനെനിക്കറിയാം ( അപ്പൊ വന്ന ദേഷ്യത്തിൽ ഞാൻ പറഞ്ഞുപോയതാ)
ഇത് പറഞ്ഞു നാവു വായിക്കകത്തു ഇടുന്നതിനു മുമ്പ് തന്നെ അമ്മയുടെ കൈയിൽ നിന്ന് ‘ടപ്പേന്നു..’ ഒരു തല്ല്.
അമ്മ : നീ നിന്റെ കാര്യം നോക്കി എവിടെക്കുവേണേലും പൊയ്ക്കോ ഇനി നിന്റെ കാര്യം ഞങ്ങൾ നോക്കില്ല, പിന്നെ ചേട്ടന് മീതെ നിന്റെ ശബ്ദം ഉയർന്നാൽ നിന്റെ നാവു ഞാൻ വെട്ടും.