“എങ്ങനെയുണ്ട്…?” ലിസി ചിരിച്ചുകൊണ്ട് ചോദിച്ചു.
“എന്റമ്മോ സ്വാർഗവും നരകവും ഒരുമിച്ച് കണ്ടു, നിങ്ങളൊക്കെ എങ്ങനാ ഇത് വലിക്കുന്നത്…?”
“ഹ ഹ ഹ … അത് ആദ്യം വലിക്കുന്ന എല്ലാര്ക്കും ഇങ്ങനെയാ… ഞാനും ചുമച്ചിട്ടുണ്ട് ഒരുപാട്… പിന്നെ മാറും..”
“മ്മ്… എനിക്ക് വേണ്ടാ..”
“എന്ന കിടക്കാം…” ലിസി ചോദിച്ചു.
“ചേച്ചിക്ക് ഉറക്കം വരുന്നില്ലേൽ കുറച്ച് നേരം കൂടെ ഇരിക്കാം..” ശ്രുതി അപേക്ഷയുടെ മുഖവുമായി പറഞ്ഞു.
“ഒക്കെ… ”
ശ്രുതി വീണ്ടും കൈവരികൾക്ക് അടുത്ത് പോയി നിന്ന് ഇരുട്ടിലേക്ക് നോക്കി. ആകാശത്ത് ഒന്ന് രണ്ടു നക്ഷത്രങ്ങൾ മിന്നുന്നുണ്ട്. കാറ്റിനിപ്പോൾ നേരിയ തണുപ്പ് തോന്നുന്നു.
“എന്തെ…? ഇരുട്ടിലേക്ക് ഇങ്ങനെ നോക്കുന്നത്..?” ലിസി ശ്രുതിക്ക് അടുത്ത് ചെന്ന് നിന്ന് കൊണ്ട് ചോദിച്ചു.
“ഹേയ്.. ഒന്നുല്ല.. ഓരോന്ന് ഇങ്ങനെ ആലോചിച്ച് നിന്നതാ..” ശ്രുതി ലിസിയിലേക്ക് തിരിഞ്ഞു കൊണ്ട് പറഞ്ഞു.
“എന്താ ഇത്ര ആലോചിക്കാൻ…?”
“ഞാൻ ഈ ചെന്നൈ നഗരത്തിൽ ഇങ്ങനെ വന്നു നിൽക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല…. ഒരുപാട് ആഗ്രഹങ്ങളുണ്ടായിരുന്നു…. വിവാഹം, ഒരു നല്ല ഭർത്താവ്, മക്കൾ, സന്തോഷത്തോടെ ജീവിക്കുന്ന ഒരു കുടുമ്പം… അങ്ങിനെ ഒട്ടേറെ മോഹങ്ങൾ. ആ മോഹങ്ങളത്രയും ഒരു ദിവസം വീട്ടിൽ വന്ന പണിക്കർ മുളയിലേ നുള്ളിക്കളഞ്ഞു…” ഒരു ദീർഘ ശ്വാസത്തോടെ ശ്രുതി പറഞ്ഞു നിർത്തി.
ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഭാവം ശ്രുതിയുടെ മുഖത്ത് നിന്നും ലിസിക്ക് വായിച്ചെടുക്കാൻ പറ്റി. അവൾ ആ മുഖത്ത് തന്നെ നോക്കി നിൽക്കുകയായിരുന്നു. അവൾ ഇരുട്ടിലേക്ക് നോക്കി വീണ്ടും പറയാൻ തുടങ്ങി. പക്ഷെ, അതൊന്നും തന്നോടല്ലെന്ന് ലിസിക്ക് തോന്നി. അവളുടെ വേദനകളും വിഷമങ്ങളും അദൃശ്യനായ ആരോ സാകുതം കേൾക്കുന്നുണ്ടെന്ന ഭാവമായിരുന്നു ശ്രുതിയിൽ.
“…പിന്നീട് അങ്ങോട്ട് വീട്ടിൽ നിന്നും തഴയപ്പെട്ട ഒരാവസ്ഥയായിരുന്നു. ഞാനാ വീട്ടിലുള്ള ആളാണെന്ന ഒരു പരിഗണനയുമില്ലായിരുന്നു… എന്നെ കാണുമ്പോയൊക്കെ അച്ഛന്റെയും അമ്മയുടെയും മുഖത്ത് വിഷമാണോ ദേഷ്യാണോ എന്നറിയാത്ത ഒരു ഭാവം… വീട്ടിൽ വരുന്ന ബന്ധുക്കളൊക്കെ എന്നെ നോക്കി സങ്കടപ്പെട്ടു… അങ്ങനെ അവിടെ നിക്കാൻ പറ്റാതായിട്ടാണ് ഞാൻ നിയമം പഠിക്കണം എന്നും പറഞ്ഞു ഹോസ്റ്റലിലേക്ക് മാറിയത്… ഹോസ്റ്റലിന്ന് വീട്ടിലേക്ക് പോകാൻ തന്നെ മടുപ്പായിരുന്നു… ”
ശ്രുതിയുടെ വാക്കുകൾ ഹൃദയത്തിന്റെ ഉള്ളറകൾ ഭേദിച്ചാണ് വരുന്നത് എന്ന് ലിസിക്ക് തോന്നി. അത്രയ്ക്ക് ഉറച്ചതും മനസ്സിനെ തൊടുന്നതുമായിരുന്നു.