അത് ശരിയാണെന്ന് തോന്നിയതിനാലാകും അച്ഛനും പിന്നെ ഒന്നും പറയാതെ അവിടെ നിന്നും പോയി.
ഞാൻ തൽക്കാലത്തേക്ക് അവിടെ നിന്ന ഒരു പയ്യനെ കൊണ്ട് ഒരു ഗ്ലാസിൽ പായസം ഒഴിപ്പിച്ചു കുടിച്ചു.
അവിടെ നിന്നും പന്തലിൽ പോയി ഇരുന്നു കുറച്ച് കഴിഞ്ഞപ്പോഴേക്കും ആഹാരം കഴിച്ച് കഴിഞ്ഞ ദേവു എന്റെ അടുത്തേക്ക് വന്നു. നന്നായി വിയർത്തിട്ടുണ്ട് അവൾ. രാവിലെ മുതൽ ഒരുങ്ങി നിൽക്കുകയല്ലേ.
“ഡാ.. നീ കഴിച്ചോ?”
“അഹ്.. കഴിച്ചൂടി..”
അവൾ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി.
“പായസം കുടിച്ചൂടി.”
അവൾ എന്റെ കൈയിൽ പിടിച്ചു.
“വാ.. നമുക്ക് അകത്ത് പോയി ചോറ് കഴിക്കാം.”
എനിക്ക് വാരി തരാനുള്ള പരിപാടി ആണ്.
“എനിക്ക് വിശപ്പില്ലടി.. രണ്ടു ഗ്ലാസ് പായസം കുടിച്ചു പിന്നെ പഴവും തിന്നായിരുന്നു.”
“നീ മര്യാദക്ക് വരുന്നുണ്ടോ?”
“ദേവു.. നീയാണ സത്യം എനിക്കിപ്പോൾ വിശപ്പില്ല.”
അത് കേട്ടപ്പോൾ അവൾക്കിത്തിരി വിശ്വാസം ആയെന്ന് തോന്നുന്നു. അവളൊന്ന് അടങ്ങി.
അപ്പോഴേക്കും അഭിലാഷും അവിടേക്ക് വന്നു. പിന്നെ ഞങ്ങൾ മൂന്നുപേരും കൂടി അവിടെ കുറച്ച് വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു.
ഒരു അരമണിക്കൂർ കൂടി കഴിഞ്ഞപ്പോൾ അഭിലാഷിന്റെ ബന്ധത്തിൽ ഉള്ള ഒരാൾ വന്ന് ഇറങ്ങാൻ സമയം ആയെന്ന് അറിയിച്ചു.
അത്രയും നേരം സന്തോഷത്തോടെ സംസാരിച്ചുകൊണ്ടിരുന്നു ദേവുവിന്റെ മുഖം അത് കേട്ടപ്പോൾ ചെറുതായിട്ടൊന്ന് വാടി.
എന്റെ കൈയിൽ പിടിച്ചാണ് ദേവു കാറിനടുത്തേക്ക് നടന്നത്.
കാറിനടുത്ത് എത്തിയ അവൾ എന്റെ അമ്മയെ ഒന്ന് കെട്ടിപ്പിടിച്ചു. കൂടുതൽ യാത്ര ചോദിയ്ക്കാൻ അവൾക്ക് വേറെ ആരും ഉണ്ടായിരുന്നില്ല.
പിന്നെ അവൾ എന്നെ ഒന്ന് നോക്കി. മുൻപൊരിക്കലും അവൾ ഇങ്ങനെ ഒരു കാറിൽ കയറി പോകുന്നത് ഞാൻ കണ്ടതാണ്. അന്ന് അവൾക്ക് യാത്ര ചോദിയ്ക്കാൻ എന്റെ അരികിലേക്ക് വരാൻ കഴിഞ്ഞിരുന്നില്ല. ഒരു നോട്ടം കൊണ്ട് മാത്രം ആയിരുന്നു അന്ന് അവൾ യാത്ര ചോദിച്ചത്.
അതുപോലൊരു നോട്ടം ആണ് അവൾ ഇപ്പോഴും എന്നെ നോക്കിയത്. പക്ഷെ ഈ പ്രാവിശ്യം അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. പെട്ടെന്ന് ഒരു കരച്ചിലോടുകൂടി അവൾ എന്റെ നെഞ്ചിലേക്ക് മുഖം അമർത്തി. ദേവു എന്നെ കെട്ടിപിടിച്ചിരുന്നില്ല. പക്ഷെ അവളുടെ മുഖം എന്റെ തന്നെ ആയിരുന്നു. ഞാൻ അവളെ എന്നിൽ നിന്നും പിടിച്ചകർത്തി. എന്റെ കണ്ണും നിറഞ്ഞ് തുടങ്ങിയിരുന്നു. ഞാൻ ഒന്നും അവളോട് പറഞ്ഞില്ല. എന്തെങ്കിലും മിണ്ടിയാൽ ഞാൻ ചിലപ്പോൾ കരഞ്ഞു പോകും. സങ്കടം നെഞ്ചിൽ നിറഞ്ഞ് നിൽക്കുകയാണ്.