“ദേവു.. നീ ആണ് കല്യാണം കഴിക്കുന്നത്.. എനിക്ക് നിന്റെ മനസാണ് അറിയേണ്ടത്.”
അവൾ ഗ്ലാസിൽ കൂടി പുറത്തേക്ക് നോക്കി ഇരുന്നു പറഞ്ഞു.
“സത്യം പറഞ്ഞാൽ എനിക്ക് ഈ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ പേടിയാടാ ഇപ്പോൾ.”
“എന്നായാലും ഒരു കല്യാണം വേണ്ടേ ദേവു?”
“ഡാ, ഞാൻ ഇപ്പോൾ എന്താടാ പറയുക.”
“നിനക്ക് പുള്ളിക്കാരൻ കുറിച്ച് മനസ്സിൽ ഒരു അഭിപ്രായം ഉണ്ടായിരിക്കുമല്ലോ. അതെന്താണ് പറ.”
അവൾ ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു.
“എന്നോടും മറ്റുള്ളവരോടും അഭിലാഷേട്ടൻ ഇതുവരെ മോശമായി പെരുമാറി ഞാൻ കണ്ടിട്ടില്ല. നല്ല സ്വഭാവം ആണെന്ന് തോന്നുന്നു.”
“അപ്പോൾ ആളെ കുറിച്ച് നിനക്ക് നല്ല അഭിപ്രായം ആണ്. ഞാനും തിരക്കാം.. നല്ല ബന്ധം ആണെങ്കിൽ നമുക്കിത് നടത്താടി.”
“നിനക്ക് നല്ലതാണെന്ന് തോന്നിയാൽ എനിക്കും കുഴപ്പം ഇല്ല.”
“അപ്പോൾ നമുക്ക് ഇത് ഇന്ന് തന്നെ വീട്ടിൽ അവതരിപ്പിക്കാം.”
അവൾ സമ്മതം എന്ന രീതിയിൽ പുഞ്ചിരിയോടെ തലയാട്ടി.
വീട്ടിൽ എത്തിയ ഞങ്ങൾ അച്ഛനോട് ഇതേപ്പറ്റി സംസാരിച്ചു.
പിന്നെ കാര്യങ്ങളൊക്കെ നല്ല വേഗതയിൽ ആയിരുന്നു.
രണ്ടു കൂട്ടരും ഗ്രഹനില നോക്കിയപ്പോൾ നല്ല ചേർച്ച ഉണ്ട്. തുടർന്ന് ഞാൻ അഭിലാഷിനെ കുറിച്ച് അവന്റെ നാട്ടിൽ തിരക്കി. ആർക്കും മോശമായ അഭിപ്രായം ഒന്നും ഇല്ലായിരുന്നു. ഒരു ഇടത്തരം കുടുംബം ആയിരുന്നു. ദേവുവിനും അഭിലാഷിനും ജോലി ഉള്ളതുകൊണ്ട് വലിയ കുഴപ്പമില്ലെന്ന് ഞാൻ കണക്ക് കൂട്ടി.
ദേവുവിന്റെ കാര്യങ്ങളൊക്കെ ഇടക്കൊക്കെ വന്ന് തിരക്കാറുള്ള അവളുടെ ഒരു മാമൻ ഉണ്ടായിരുന്നു. അവളുടെ അമ്മയുടെ വകയിലുള്ള ഒരു സഹോദരൻ ആയിരുന്നു ആ മാമൻ. അദ്ദേഹം മാത്രമായിരുന്നു അമ്മ മരിച്ച ശേഷവും അവളെ വന്ന് കാണാറും വിവരങ്ങൾ അന്വേഷിക്കാരും ഉണ്ടായിരുന്നത്.
അഭിലാഷിന്റെ വീട്ടിൽ ഉള്ളവർ ദേവുവിനെ കാണാൻ വന്നപ്പോഴും ഇവിടന്ന് അഭിലാഷിന്റെ വീട്ടിലേക്ക് പോയപ്പോഴും ആ മാമൻ മാത്രമാണ് എനിക്കും അച്ഛനും ഒപ്പം കൂടെ ഉണ്ടായിരുന്നത്. എല്ലാർക്കും പരസ്പരം ഇഷ്ട്ടപെട്ട് ഏപ്രിൽ 26 നു കല്യാണം ഉറപ്പിക്കുകയും ചെയ്തു. ഇതെല്ലം ഒരു മാസത്തിനകം നടന്ന കാര്യങ്ങളായിരുന്നു.
കാര്യങ്ങളെല്ലാം നല്ല രീതിയിൽ സന്തോഷകരമായ രീതിയിൽ മുന്നോട്ട് പോകുന്നതിനിടയിൽ എല്ലാം തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു. കൊറോണയുടെ രൂപത്തിൽ.