അവൻ അങ്ങനെ പറഞ്ഞപ്പോൾ എന്റെ ഉള്ളിലും ആകാംഷ കൂടി.
“എന്താടാ കാര്യം?”
“നിന്നെയും ദേവികയെയും ചേർത്ത് അവളുടെ വീടിനടുത്തുള്ളവർ ചില സംസാരങ്ങളൊക്കെ തുടങ്ങിയിട്ടുണ്ട്.”
എന്നെങ്കിലും ഇത്തരം സംസാരം ഉണ്ടാകുമെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷെ ഇപ്പോൾ ഒരുത്തന്റെ വായിൽ നിന്നും അത് നേരിട്ട് കേട്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ നിറഞ്ഞു.
“അളിയാ എനിക്ക് നിന്നെയും അവളെയും പണ്ട് തൊട്ടേ അറിയാവുന്നതാണ്. നിങ്ങൾക്കിടയിൽ ഉള്ള ബന്ധം എന്താന്നും അവളുടെ അമ്മ ഉണ്ടായിരുന്ന കാലത്തേ നിനക്ക് ആ വീട്ടിൽ ഉണ്ടായിരുന്ന സ്ഥാനം എന്താന്നും എനിക്ക് മനസിലാകും. പക്ഷെ ഈ നാട്ടുകാരെന്ന് പറയുന്ന മൈരുകൾക്ക് കഥകൾ എങ്ങനെ വേണമെങ്കിലും പറഞ്ഞ് പരത്താല്ലോ.”
എനിക്ക് മറുപടി ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. എല്ലാം കേട്ട് കൊണ്ട് മാത്രം ഞാൻ നിന്നു.
“അവളുടെ അമ്മ മരിച്ച ശേഷം അവൾക്ക് ഒരു സഹായത്തിന് നീയേ ഉണ്ടായിരുന്നുള്ളു. ഈ കഥകൾ പറഞ്ഞ് പരത്തുന്ന ഒറ്റ മൈരുകളും ആരുമില്ലാത്ത അവൾ എങ്ങനെ കഴിയുന്നു എന്ന് പോലും തിരക്കിയിട്ടില്ല. പക്ഷെ അളിയാ.. ഒരു കല്യാണവും ജീവിതവുമൊക്കെ അവൾക്കിനിയും ബാക്കി കിടപ്പുണ്ട്. അതുകൊണ്ടു ഇതൊക്കെ നീ ഒന്ന് അറിഞ്ഞിരിക്കണമെന്ന് വിചാരിച്ച് പറഞ്ഞതാണ്.”
ഞാൻ ഒന്നും പറയുന്നില്ല എന്ന് കണ്ട അച്ചു പറഞ്ഞു.
“എന്നാൽ ഞാൻ ഇറങ്ങുന്നടാ.. നീ അവന്മാരോട് പറഞ്ഞേക്ക് ഞാൻ പോയെന്ന്.”
അച്ചു പോയി കഴിഞ്ഞും ഞാൻ കുറച്ച് നേരം ഞാൻ ആ പന്തലിൽ തന്നെ ഇരുന്നു. എന്നോടൊപ്പം വേറെ ഏത് പെണ്ണിന്റെ പേരായിരുന്നേലും എനിക്ക് പ്രശ്നം അല്ലായിരുന്നു. പക്ഷെ ദേവു… മനസ് ആകെ തകർന്ന് പോയി.
നേരെ മുകളിലേക്ക് പോയ ഞാൻ ആകാശിൻറെയിൽ നിന്നും ഗ്ലാസ് വാങ്ങി അടുപ്പിച്ച് മൂന്ന് പെഗ് ഒഴിച്ചങ്ങ് കുടിച്ചു. അവന്മാർ എന്നെ തന്നെ മിഴിച്ച് നോക്കുന്നുണ്ടായിരുന്നു. അവരോട് ഒന്നും സംസാരിക്കാനും നിന്നില്ല. അവിടെ നിന്നും ഇറങ്ങി നേരെ ബൈക്കും എടുത്ത് വീട്ടിലേക്ക് പോയി.
അച്ഛനും അമ്മയ്ക്കും മുഖം കൊടുക്കാതെ റൂമിലേക്ക് പോയ ഞാൻ ഡ്രസ്സ് പോലും മാറാതെ ബെഡിലേക്ക് മലർന്ന് കിടന്നു.
പെട്ടെന്നാണ് ഫോൺ ബെല്ലടിച്ചത്. ദേവിക ആയിരിക്കുമെന്ന് ഞാൻ ഊഹിച്ചു.
എല്ലാ ദിവസവും ഉള്ള പതിവ് വിളി ആണിത്. എനിക്ക് കല്യാണ വർക്ക് ഉള്ള ദിവസങ്ങളിൽ ഞാൻ തിരക്കായിരിക്കും എന്നറിയാവുന്നതിനാൽ അവൾ ലേറ്റ് ആയി ഈ സമയത്താണ് വിളിക്കാറുള്ളത്.