ഈ പ്രാവിശ്യം അവളുടെ സ്വരത്തിൽ കളിയാക്കലിന്റെ ധ്വനി ഇല്ലായിരുന്നു. എന്നോടുള്ള സ്നേഹവും വിശ്വാസവും ആണ് നിറഞ്ഞ് നിന്നത്.
കുറച്ച് നേരത്തേക്ക് ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടിയില്ല. പിന്നെ അവളെന്റെ കൈ പിടിച്ചുയർത്തി പല്ലു പതിഞ്ഞ പാടിലൂടെ വിരലോടിച്ച് കൊണ്ട് ചോദിച്ചു.
“വേദനിച്ചോടാ നിനക്ക്.”
“ഇതിനേക്കാളേറെ നീ ഇതിനു മുൻപ് എന്നെ വേദനിപ്പിച്ചിട്ടുണ്ടല്ലോ.”
അവൾ കുറച്ച് നേരത്തേക്ക് എന്റെ മുഖത്തേക്ക് നോക്കി കിടന്നു. എന്നിട്ട് ചോദിച്ചു.
“ഞാൻ നിന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചിട്ടുള്ളത് എപ്പോഴാണെടാ?”
അപ്പോഴാണ് ഞാൻ പറഞ്ഞ വാക്കുകൾ അവൾ സീരിയസ് ആയിട്ട് എടുത്തു എന്ന് എനിക്ക് മനസിലായത്.
“ഡീ കൊരങ്ങി, ഞാൻ ചുമ്മാ പറഞ്ഞതാ അങ്ങനെ.”
മുഖത്ത് ഒരു ചിരി വരുത്തി അവൾ പറഞ്ഞു.
“ഇല്ലെടാ.. എനിക്ക് സങ്കടം ഒന്നും ഇല്ല.. നീ എന്നോടെല്ലാം പറയാറില്ലേ. അപ്പോൾ ഇതും അറിയാനെനിക്കൊരു ആഗ്രഹം. “
മുഖത്ത് ചിരി ഉണ്ടാകിലും അവളുടെ കണ്ണുകളിലെ സങ്കടം എനിക്ക് തിരിച്ചറിയാമായിരുന്നു. അവൾ ഇനി എന്തായാലും എന്നെകൊണ്ട് പറയിക്കും എന്നറിയുന്നതിനാൽ ഞാൻ പറഞ്ഞു.
“രണ്ടു പ്രാവിശ്യം ആണ് നീ എന്നെ ഏറ്റവുമധികം വേദനിപ്പിച്ചിട്ടുള്ളത്.”
അവളൊന്നു മൂളി.
“അന്നൊരിക്കൽ നിനക്ക് വേണ്ടി ബിബിനുമായി സംസാരിക്കാൻ ഞാൻ പാർക്കിൽ വന്നില്ലായിരുന്നോ?.. അന്ന് ബിബിനുമായി ഞാൻ വഴക്കായപ്പോൾ നീ എന്നോട് ചോദിച്ചു… ഞാൻ നിന്റെ ജീവിതം നശിപ്പിക്കാനാണോ വന്നതെന്ന്…”
എന്റെ ശബ്‌ദം ചെറുതായി ഇടറി.
“ഞാൻ എന്നും നിന്റെ നല്ലത് മാത്രേ ആഗ്രഹിച്ചിട്ടുള്ളയിരുന്നു. എന്നിട്ടും നീ അങ്ങനെ ചോദിച്ചപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ലായിരുന്നു.”
ദേവു എന്റെ കൈ തിരികെ അവളുടെ നെഞ്ചിനു കുറച്ച് മുകളിലായി കൊണ്ട് വച്ചു. എന്റെ കൈ അവളുടെ ഹൃദയത്തിനു മുകളിൽ അല്ലാഞ്ഞിട്ടും ദേവുവിന്റെ ഹൃദയം ശക്തമായി മുഴങ്ങുന്നത് എനിക്കറിയാൻ കഴിഞ്ഞിരുന്നു.
പതിഞ്ഞ സ്വരത്തിൽ അവൾ ചോദിച്ചു.