“ഡീ.. ഇത് മെൻസ് പെർഫ്യൂം ആണല്ലോ.”
“ആഹ്.. എനിക്കതിന്റെ മണം ഇഷ്ടപ്പെട്ടു. അങ്ങനെ വാങ്ങിയതാണ്.”
കാവ്യ അല്ലെങ്കിലും അങ്ങനെ ആണ്. മറ്റുള്ളവർ തന്നെക്കുറിച്ച് എന്ത് ചിന്തിക്കും എന്നുള്ളത് അവൾ നോക്കാറില്ല. തനിക്ക് ഇഷ്ടപെട്ടത് എന്തും അവൾ ചെയ്യും. പക്ഷെ നവീൻ പറയുകയാണെങ്കിൽ മാത്രം അവൾ തൻറെ തീരുമാനങ്ങളിൽ നിന്നും പിന്നിലേക്ക് പോകും. പക്ഷെ അവൻ ഭൂരിഭാഗം സമയങ്ങളിലും അവളുടെ ഇഷ്ട്ടങ്ങൾക്ക് എതിര് നിൽക്കാറില്ലായിരുന്നു.
കാവ്യ അവന്റെ മുന്നിൽ കൈകൾ ഉയർത്തിയപ്പോൾ അവൻ രണ്ടു കക്ഷത്തും പെർഫ്യൂം അടിച്ചു കൊടുത്തു. അവന്റെ കൈയിൽ നിന്നും കമ്മലും വാങ്ങി അവൾ കണ്ണാടിയുടെ മുന്നിലേക്ക് പോയി.
പെർഫ്യൂം ബെഡിലേക്ക് ഇട്ടുകൊണ്ട് അവൻ ചോദിച്ചു.
“ഇന്നിത്തിരി ഓവർ ആയിട്ടാണല്ലോ ഒരുക്കം.”
“ഒരു കല്യാണത്തിന് പോകുവല്ലേ.. അപ്പോൾ ഇത്തിരി ഒരുങ്ങിയൊക്കെ ഇറങ്ങേണ്ട?”
“ഓഹോ.. അല്ലാതെ കാമുകനെ കാണാൻ പോകുന്നതിന്റെ അല്ല.”
എതിർത്ത് വല്ലോം പറയാൻ പോയാൽ നവീന്റെയിൽ നിന്നും കണക്കിന് കളിയാക്കൽ കേൾക്കേണ്ടി വരുമെന്ന് അറിയാവുന്നതിനാൽ അവൾ നിശബ്തത പാലിച്ചു.
“അതേ, ഈ കളി അധികം നീട്ടികൊണ്ടു പോകാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. അപ്പച്ചി ഇന്നും നമ്മുടെ കല്യാണക്കാര്യം എടുത്തിട്ടു.”
അവൾ അതിനു മറുപടി ഒന്നും പറയാതെ ഹാൻഡ്ബാഗ് കൈലെടുത്തുകൊണ്ടു പറഞ്ഞു.
“നമുക്കിറങ്ങാം.”
കാറിൽ പൊയ്ക്കൊണ്ടിരിക്കുന്നതിനിടയിൽ നവീൻ പറഞ്ഞു.
“കാവ്യ.. ഞാൻ നേരത്തെ സീരിയസ് ആയി പറഞ്ഞതാണ്.”
“എന്ത്?”
“വീട്ടിൽ നിന്ന് എപ്പോൾ നല്ല പ്രെഷർ ഉണ്ട് നമ്മുടെ കല്യാണം ഇത്രേം പെട്ടെന്ന് നടത്താനായി.”
അവളൊന്നു മൂളിയ ശേഷം പുറത്തേക്ക് നോക്കികൊണ്ടിരുന്നു. മുഖത്ത് ചെറുതായി ഗൗരവം കടന്നു കൂടിയിട്ടുണ്ട്.
“നീ എന്താ ഒന്നും പറയാത്തത്.”
“നമ്മൾക്ക് അങ്ങനെ ഒരു റിലേഷനിൽ താല്പര്യം ഇല്ലെന്ന് അറിയുമ്പോൾ വീട്ടിലുണ്ടാക്കുന്ന പൊട്ടിത്തെറിയെ കുറിച്ച് ആലോചിക്കുവായിരുന്നു ഞാൻ. മാത്രമല്ല ആകാശേട്ടന്റെ കാര്യം കൂടി ഞാൻ വീട്ടിൽ പറയുമ്പോൾ എല്ലാം പൂർണമാകും.”