നവീൻ ഉറക്കെ വിളിച്ചു.
“മീര.. മീര..”
കാവ്യ അവന്റെ കൈയിൽ കയറി പിടിച്ചു.
“എന്താടാ.. എന്ത് പറ്റി?”
“അവളിവിടെ ഇല്ല.. അവൾ പെട്ടെന്ന് മാഞ്ഞു പോയി.”
ആകാശും കാവ്യയും ആശ്ചര്യത്തോടെ അവനെ നോക്കി.
നവീൻ കസേരയിൽ നിന്നും എഴുന്നേറ്റ് ചുറ്റും നോക്കി അവളുടെ പേര് ഉറക്കെ വിളിച്ചു.
അപ്പോഴേക്കും അവിടെ ഉള്ളവർ അവനെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.
“കാവ്യ.. ആൾക്കാർ ശ്രദ്ധിക്കുന്നുണ്ട്. നമുക്കിവിടന്ന് പോകാം.”
ആകാശിന്റെ വാക്കുകൾ കേട്ട കാവ്യ നവീന്റെ കൈയിൽ ബലമായി പിടിച്ച് വലിച്ച് പുറത്തക്ക് നടന്നു.അവളോടൊപ്പം നടക്കുമ്പോഴും അവന്റെ കണ്ണുകൾ ചുറ്റും മീരക്കായി പരതുകയായിരുന്നു.
കാവ്യക്കൊപ്പം കാറിലേക്ക് കയറുമ്പോൾ കണ്ണുകൾ നിറഞ്ഞു പേടിയും സങ്കടവും നിറഞ്ഞ ഒരു മുഖഭാവത്തിൽ ആയിരുന്നു അവൻ.
ഇടറിയ സ്വരത്തിൽ അവൻ അവരോടു ചോദിച്ചു.
“അവൾക്ക് എന്താകും സംഭവിച്ചിട്ടുള്ളത്?”
“ഒന്നെങ്കിൽ മീര അവളുടെ ശരീരത്തിലേക്ക് തിരികെ പോയിട്ടുണ്ടാകും. അല്ലെങ്കിൽ…”
പാതി വഴിയിൽ വാക്കുകൾ നിർത്തിയ ആകാശിനെ നോക്കി നവീൻ ചോദിച്ചു.
“അല്ലെങ്കിൽ?”
“അവൾ മരിച്ചിട്ടുണ്ടാകും.”
നവീൻ മരവിച്ച അവസ്ഥയിൽ ഒരു നിമിഷം ആകാശിന്റെ മുഖത്തേക്ക് നോക്കി. എന്നിട്ട് പെട്ടെന്ന് പറഞ്ഞു.
“ഡാ.. കാർ മാന്ധ്രാ കുന്നിലേക്ക് ഓടിക്ക് നീ.”
നവീന്റെ വാക്കുകൾ കേട്ട ആകാശിന്റെ കണ്ണുകൾ ഒരു നിമിഷം വിടർന്നു. അവൻ കാർ പെട്ടെന്ന് റിവേഴ്‌സ് എടുത്തു തിരിച്ച് മാന്ധ്രാ കുന്നിലേക്ക് ഓടിച്ചു. കാവ്യ നവീന്റെ കൈ അവനെ സമാധാനിപ്പിക്കാനെന്നവണ്ണം മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.
ഇരുപത് മിനിറ്റ് കൊണ്ട് അവർ മാന്ധ്രായിൽ എത്തി. ആകാശ് രമേശന്റെ കടയ്ക്ക് മുന്നിൽ കാർ നിർത്തിയപ്പോഴേക്കും നവീൻ കാറിൽ നിന്നും ഇറങ്ങി കുന്നിന്റെ മുകളിലേക്ക് ഓടി. അവന്റെ തൊട്ടു പിന്നാലെ കാവ്യയും. അവന്റെ കൂടെ എത്താൻ കാവ്യ നന്നേ കഷ്ട്ടപെടുന്നുണ്ടായിരുന്നു.
ഓടുന്നതിനിടയിൽ മീര കുന്നിനു മുകളിൽ ഉണ്ടാകണമേ എന്ന പ്രാർത്ഥന മാത്രമായിരുന്നു നവീന് ഉണ്ടായിരുന്നത്.
കുന്നിനു മുകളിൽ എത്തിയതും നവീൻ പെട്ടെന്ന് നിന്നു. അവന്റെ പിന്നാലെ ഓടി എത്തിയ കാവ്യ ശ്വാസം വലിച്ചെടുക്കുന്നതിനിടയിൽ ചോദിച്ചു.