കുറച്ച് മാസങ്ങൾക്ക് മുൻപ് നാടിനെ ഞെട്ടിച്ച കേസ് ആയിരുന്നു ദീപ പീഡന കേസ്. രാഷ്ട്രീയത്തിലെ അതികായകനായ ജോസെഫിന്റെ മകൻ ജെറി ഉൾപ്പെടെ നാലുപേർ തന്നെ പീഡിപ്പിച്ചെന്നും പറഞ്ഞു ദീപ എന്ന പെൺകുട്ടി പോലീസിന് കേസ് നൽകി. കേസ് അന്വേഷണം പുരോഗമിക്കവേ ദീപയുടെ അച്ഛനും അമ്മയും ഒരു ആക്‌സിഡന്റിൽ കൊല്ലപ്പെടുകയും അതിനടുത്ത ആഴ്ച തന്നെ ദീപയുടെ ഡെത്ബോഡി ട്രെയിൻ ഇടിച്ച നിലയിൽ റെയിൽവേ ട്രാക്കിൽ നിന്നും കിട്ടുകയും ചെയ്തു. കൂടെ ഒരു യുവാവിന്റെ ബോഡിയും. ദീപയുടേത് ആത്മഹത്യാ അല്ല കൊലപാതകം ആണെന്നും അതിൽ ജെറിക്ക് പങ്കുണ്ടെന്നും പറഞ്ഞു എതിർ പാർട്ടിക്കാരുടെ സമരത്തെ തുടർന്ന് ജെറിക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. അതിൽ നിന്നും ജെറിയെ ഒഴുവാക്കി എന്നും പറഞ്ഞാണ് ഇപ്പോൾ ന്യൂസ് റിപ്പോർട്ട് വന്നത്.
ജെറിയും നവീനും കോളേജിൽ ഒത്തു പഠിച്ചതായിരുന്നു. അന്നേ അവന്റെ സ്വഭാവം മോശമാണെന്ന് നവീന് അറിയാവുന്നതാണ്.
. . . .
റെസ്റ്റോറന്റിൽ കാവ്യയ്ക്കും ആകാശിനും ഒപ്പം ആഹാരം കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു നവീൻ. സമയം സന്ധ്യ കഴിഞ്ഞു ഇരുട്ടി തുടങ്ങിയിരുന്നു. കുറച്ച് ദിവസമായി ആകാശിനെ കൂടെ കിട്ടുന്നതിന്റെ സന്തോഷം കാവ്യയുടെ മുഖത്ത് കാണാനുണ്ട്.
“ഡാ.. ഇനിയുള്ള മൂന്നു മാസം അപ്പോൾ എന്തോന്നാ പ്ലാൻ?”
ചിക്കൻ പീസ് ചവക്കുന്നതിനിടയിൽ ആകാശ് പറഞ്ഞു.
“ഫുൾ റസ്റ്റ്, അത് തന്നെ പ്ലാൻ.”
“ഇവളെ ഉടനെയൊന്നും കെട്ടിക്കൊണ്ടു പോകാൻ പ്ലാൻ ഇല്ലേ.”
“നല്ലൊരു പ്രൊജക്റ്റ് വന്നു കിടപ്പുണ്ട്. ഈ റസ്റ്റ് ടൈം കഴിഞ്ഞാൽ അതിന്റെ വർക്ക് തുടങ്ങും. വിചാരിക്കുന്നപോലെ പോയാൽ ഒരു വർഷത്തിനുള്ളിൽ നല്ലൊരു തുക അക്കൗണ്ടിൽ വീഴും അളിയാ. പിന്നെ ദൈര്യമായിട്ട് വന്നു ഇവളുടെ വീട്ടിൽ പെണ്ണ് ചോദിക്കാം.”
“അപ്പോൾ ഒരു വർഷം കൂടി ഈ സാധനത്തിന്റെ ഞാൻ സഹിച്ചേ പറ്റുള്ളല്ലേ.. എങ്ങോട്ടും സമാധാനത്തോടെ പോകാൻ പറ്റുന്നില്ലാളിയാ. എവിടെ പോയാലും കൂടെ അങ്ങ് വന്നോളും.”
നവീന്റെ തുടയിൽ കൈ കൊണ്ട് ഇടിച്ച ശേഷം കാവ്യാ പറഞ്ഞു.
“ഡാ പട്ടി.. ഞാൻ കല്യാണം കഴിഞ്ഞ് ആകാശേട്ടന്റെ ഒപ്പം പോയശേഷം നീ ഒറ്റക്കിരുന്നു ബോറടിച്ച് പണ്ടാരമടങ്ങുമ്പോൾ അറിയും എന്റെ വില.”
നവീനും ആകാശും അതുകേട്ട് പൊട്ടിച്ചിരിച്ചു.
പെട്ടെന്നാണ് നവീന്റെ ശ്രദ്ധ കണ്ണാടി ഗ്ലാസിൽ കൂടി റെസ്റ്റോറെന്റിന്റെ പുറത്തേക്ക് പോയത്.