അതിനു മറുപടി നൽകാതെ ഒരു മറു ചോദ്യമാണ് അവൾ തിരിച്ച് ചോദിച്ചത്.
“അത് തന്റെ കാറാണോ?”
അവൾ റോഡ് സൈഡിൽ ഒതുക്കി ഇട്ടിരിക്കുന്ന തന്റെ കാറിലേക്കാണ് കൈ ചൂണ്ടിയിരിക്കുന്നത് എന്ന് കണ്ട നവീൻ പറഞ്ഞു.
“അതെ എന്റെ കാർ ആണ്. എന്താ ലിഫ്റ്റ് വീണോ?”
“വേണ്ട..”
അതും പറഞ്ഞ് അവൾ കുന്നിറങ്ങി താഴേക്ക് നടന്നു. ഇതെന്താ ഈ പെൺകുട്ടി ഇങ്ങനെ എന്നുള്ള ചിന്തയിൽ നവീൻ നടന്നകലുന്ന അവളെ തന്നെ നോക്കി നിന്നു.
കുന്നിറങ്ങി താഴെ എത്തിയ ആ പെൺകുട്ടി തന്നെ നോക്കി നിൽക്കുന്ന നവീനെ ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം അവിടെ നിന്നും നടന്നകന്നു.
“ഓരോരോ വട്ടു കേസുകള്..”
സ്വയം ചറുപിറുത്ത ശേഷം അവൻ കുറച്ച നേരം കൂടി അവിടെ നിന്നിട്ട് കുന്നിറങ്ങി രമേശന്റെ കടയിലേക്ക് നടന്നു.
“രമേഷേട്ടാ ഒരു കുപ്പി വെള്ളം.”
രമേശൻ എടുത്തു കൊടുത്ത വെള്ളം നവീൻ കുടിച്ച് കൊണ്ടിരിക്കുമ്പോഴാണ് അവിടെ പത്രം വായിച്ച് കൊണ്ടിരുന്ന ഒരാൾ പറഞ്ഞത്.
“രമേശാ.. ജോസഫ് സാറിന്റെ മോനെതിരെ തെളിവില്ലാത്തതിനാൽ പ്രതിപ്പട്ടികയിൽ നിന്നും ഒഴുവാക്കിയെന്ന്.”
രമേശൻ പുച്ഛത്തോടെ പറഞ്ഞു.
“ഇങ്ങനൊക്കെ സംഭവിക്കില്ലെന്ന് നമുക്ക് നേരത്തെ അറിയാവുന്നതല്ലേ. ജോസെഫ് സാർ ആരാ ആള്.. അടുത്ത MLA സീറ്റ് ഉറപ്പിച്ചിരിക്കുന്ന ആളാണ്. മോനെയൊക്കെ പുഷ്പ്പം പോലെ ഊരി എടുത്തോണ്ട് വരും.”
വെള്ളം കുടിച്ച് തീർത്ത കുപ്പി ദൂരേക്ക് എറിഞ്ഞു കൊണ്ട് നവീൻ ചോദിച്ചു.
“ദീപയുടെ മരണത്തിന്റെ കാര്യമാണോ നിങ്ങൾ പറയുന്നേ?”
പത്രം വായിച്ചുകൊണ്ടിരുന്ന ആള് അതെ എന്ന അർത്ഥത്തിൽ മൂളി.
നവീൻ വെള്ളത്തിന്റ പൈസ രമേശന് കൊടുത്ത ശേഷം കാറിനരികിലേക്ക് നടന്നു.