ഒരു വെള്ളമുണ്ടും പുക്കിൾ വരെ ഇറക്കമുള്ള വെള്ളിയുടെ ഒരു മാലയും തോളത്ത് ചുവന്ന ഒരു പട്ടും നല്ല ഉയരത്തിൽ ഒരു മനുഷ്യൻ അതായിരുന്നു പാലു ആശാൻ.
ആ ഗ്രാമത്തിലുള്ളവർക്ക് പാലു ആശാനോടുള്ള സ്നേഹവും ബഹുമാനവും കണ്ട് നാണു പലപ്പോഴും അതിശയിച്ചു നിന്നിട്ടുണ്ട്.
ചാമുണ്ടി കോലം ആയാലും ചുടല കാളി ആയാലും ഏത് തന്നെ ആയാലും മുഖത്ത് വേഷം ഇട്ട് തെയ്യം കെട്ടി നിൽക്കുന്ന പാലു ആശാനെ കണ്ടാൽ ആരും ഒന്ന് വിറച്ചു പോകും.
അനുഷ്ട്ടാന കർമ്മങ്ങൾ കഴിഞ്ഞ് വാള് കൈയിൽ പിടിച്ചു നിൽക്കുമ്പോൾ തൊഴുത് നിൽക്കുന്ന ഭക്തരോട് സത്യം മാത്രമെ ഉത്തരിച്ചിരുന്നുള്ളൂ പാലു.
ഒരു സഹായി അയി കൂടെ കൂട്ടിയതാണ് പാലു നാണുവിനെ.
അന്ന് അവിടുത്തെ പീലികാവിലെ തെയ്യട്ട ദിവസം പാലുവിന് മേലും കൈയും വേദനയും കാലിന്റെ ഞെരമ്പ് വലിഞ്ഞു മുറുകലും ഒക്കെ അനുഭവപെട്ടു.
വലിയൊരു പാടത്തിന്റെ നടുക്ക് ആണ് പീലികാവ് അതിനോട് ചേർന്നു തന്നെ തെയ്യകാർക്ക് വേഷം മാറാൻ ഉള്ള ഒരു പുരയും ഉണ്ട്.
തീരെ അവശനായി കിടന്നിരുന്ന പാലു നാണുവിനെ അരികിൽ വിളിച്ചു.
“വയ്യ… തീരെ വയ്യ കുട്ടി.കാലൊക്കെ വലിഞ്ഞു മുറുകാ…ഇന്നത്തെ ആട്ടം നാണു നീ വേണം ചെയ്യാൻ.”
“ആശാനേ ഞാൻ…ഈ വലിയ വലിയ കാവുകളിൽ എനിക്ക് കഴിയുമോ.”
“വേദവും മന്ത്രവും പഠിപ്പിച്ചു തന്ന പോലെ കെട്ടി ആടുക.വലിയവൻ ആണെന്ന് ചിന്തിക്കാതിരിക്കുക.കഴിയണം. കഴിയും.സന്ധ്യ ആയിരിക്കുന്നു.കുളിക്കൂ അത് കഴിഞ്ഞ് കാവിൽ വന്ന് തൊഴുതു വരൂ…”
അതും പറഞ്ഞ് പാലു ഒരു വെള്ളി മാല നാണുവിന്റെ കഴുത്തിൽ ഇട്ട് കൊടുത്തു.
ആശാനിൽ നിന്ന് പിന്തുണയെകുന്ന വാക്കുകൾ കേട്ടതും നാണു പാടത്തേക്ക് ഇറങ്ങി നേരെ തോട്ടിലേക്ക് നടന്നു.
തോട്ടിൽ ചെന്ന് ഒന്ന് മുങ്ങി കയറി തോർത്തി വെള്ളമുണ്ട് ഉടുത്ത് പാടത്തേക്ക് നടന്നു വന്ന നാണു ആകെ അമ്പരന്നു.
ആ ഗ്രാമത്തിൽ ഉള്ള എല്ലാവരും മേലാളർമാരും കീഴാളർമാരും എല്ലാവരും തന്നെ അന്ന് തെയ്യം കാണാൻ വന്നിരുന്നു.
നാണു പീലി കാവിന്റെ മുന്നിൽ വന്ന് തൊഴുത് വലം വെക്കുവാൻ തുടങ്ങി.
അവിടെ തടിച്ചു കൂടിയ എല്ലാവരുടെയും ശ്രെദ്ധ നാണുവിൽ ആയിരുന്നു.
ഈ ഒരു ചെറുപ്പക്കാരനാണോ തെയ്യം കെട്ടാൻ വന്നിരിക്കുന്നെ.
അവിടെ നിന്ന ഒട്ടു മിക്കപേരുടെയും സംശയം അതായിരുന്നു.