“വെക്കേഷൻ ആയിട്ട് എറണാകുളം ആണോ കാണാൻ വരുന്നേ??”
“അത്ര മോശം സ്ഥലം ആണോ??” അവൻ ചിരിച്ചു
“ചുമ്മാ പറഞ്ഞതാണേ, ഞാനൊരു ബൈക്ക് ബുക്ക് ചെയ്തിരുന്നു അതിന്റെ ഡെലിവറി എടുക്കണം”
“വൗ.. കൊള്ളാലോ.. എന്നിട്ട് എങ്ങോട്ടാ യാത്ര?”
“ചുമ്മാ ഒരു ഓൾ ഇന്ത്യ ട്രിപ്പ്”
“ഹാഹാ അത് പൊളിച്ചു, ഓൾ ദി ബെസ്റ്റ്, ഒറ്റക്കാണോ?”
“എന്റെ ഫ്രണ്ട് കൂടെ ഉണ്ടായിരുന്നു പ്ലാനിൽ, പക്ഷെ ലീവ് ഇല്ലാത്തതു കാരണം ഇല്ല”
“ഗേൾഫ്രണ്ട് ആണോ?”
“ഹിഹി അല്ല, സിംഗിൾ ആണ്”
“അപ്പൊ സോളോ ട്രിപ്പ് ആണ് പ്ലാൻ”
“ഇനിയിപ്പോ അതല്ലേ പറ്റു”
“എനിക്കും വലിയ ആഗ്രഹം ആയിരുന്നു ഇങ്ങനെ യാത്രകൾ പോവാൻ, പക്ഷെ ജീവിതം ആഗ്രഹിക്കുന്ന പോലെ ആവില്ലലോ”
“അതൊക്കെ നമ്മുടെ തോന്നൽ ആണെന്നെ ഞാൻ പറയുള്ളു, എന്റെ കാര്യം തന്നെ പറയാം കഴിഞ്ഞ വർഷം ഈ സമയത്ത് ഞാൻ നാട്ടിൽ ജോലി ചെയ്യായിരുന്നു. ഹിമാലയത്തിൽ പോവണം എന്നൊക്കെ പറയും, പക്ഷെ ഈ ജന്മത്തിൽ നടക്കാത്ത ആഗ്രഹം എന്ന് പറഞ്ഞു എല്ലാരും കളിയാക്കി, പക്ഷെ ഒരു വർഷം കഴിഞ്ഞ് ഞാൻ തിരിഞ്ഞു നോക്കുമ്പോ എനിക്ക് തന്നെ അത്ഭുതം തോന്നും ഇവിടെ വരെ ഞാൻ എങ്ങനാ എത്തിയതെന്ന്”
“കാശുള്ളതിന്റെ മിടുക്കാ”
“നമ്മള് രണ്ട് പേരും ജഡ്ജ് ചെയ്യാൻ മിടുക്കുള്ളവരാ” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“അതെന്താ അങ്ങനെ പറഞ്ഞെ?”
“ഞാൻ ആൻനെ ആദ്യം കണ്ടപ്പോ ഏതോ കോളേജിൽ പഠിക്കുന്ന ജാഡ തെണ്ടി എന്നാ വിചാരിച്ചേ” ചമ്മലോടെ അവൻ പറഞ്ഞു.
“ഹിഹി അത് ഞാൻ സഹിച്ചു, പ്രായം കുറവല്ലേ തോന്നിച്ചുള്ളു ആം ഹാപ്പി”
“ആക്ച്വലി അമ്മച്ചി ആണല്ലേ?”
“വേണ്ട മോനെ അത്ര പ്രായം ഒന്നുല്ലാ”
“ശെരി അത് വിട്, പുറത്തേക്ക് നോക്കിക്കേ തൃശൂർ എത്താറായി ബസ്സിവിടെ കുറച്ചു സമയം നിർത്തും നമുക്ക് എന്തെങ്കിലു കഴിച്ചാലോ?”
“എനിക്ക് വിശപ്പൊന്നുമില്ല ഒരു കാപ്പി കുടിക്കാം” ഉറക്ക ചടവോടെ അവൾ പറഞ്ഞു.