അവൾ തുടർന്നു “സീ, നീ എന്തിനാ കരയുന്നെ ? അവൾ പ്രാക്ടിക്കൽ ആണെന്നത് അവളുടെ ശരി. അതുപോലെ നീ റൊമാന്റിക് ആയത് നിന്റെയും. ഒരു ദിവസം നിന്നെപ്പോലെ റൊമാന്റിക് ആയ ഒരാളെ നിനക്കു കിട്ടും. ദാറ്റ് ഈസ് ഫോർ ഷുവർ . അന്ന് ഇതെല്ലാം കറങ്ങി തിരിഞ്ഞു ശരിയാവും. അത്രേ ഉള്ളു കാര്യം.”
എനിക്ക് അവളുടെ വാക്കുകൾ മരുഭൂമിയിലെ മഴ പോലെ ആയിരുന്നു. ഞാൻ അവളുടെ കൈകളിൽ എന്റെ കൈ കോർത്ത് പിടിച്ചു ഇരുന്നു.
“നിനക്കറിയാമോ, എന്റെ ex നിൻറെ പകുതി റൊമാന്റിക് അല്ലെങ്കിൽ കമ്മിറ്റഡ് ആയിരുന്നേൽ ഞാൻ ഇപ്പോഴും ഇങ്ങനെ സിംഗിൾ ആയി നിൽക്കില്ലായിരുന്നു. ലണ്ടനിലേക്ക് പത്തു വർഷം മുന്നേ പോവുമ്പോൾ അതെനിക്കൊരു ആവശ്യമായിരുന്നു. പപ്പ മരിച്ചു കഴിഞ്ഞപ്പോഴാണ് വീട്ടിൽ ഇത്രയും കടം ഉണ്ടെന്ന് അറിയുന്നേ. അടുത്ത് കിട്ടിയ അവസരം മുതലാക്കി ഞാൻ ഇങ്ങു പോരുമ്പോ അവനോട് ഒരു വര്ഷം കാത്തിരിക്കാനേ ഞാൻ പറഞ്ഞുള്ളൂ . കടമൊക്കെ വീടാറായി ഒരു വര്ഷം കഴിഞ്ഞ തിരിച്ചെത്തിയപ്പോഴേക്ക് അവനു വേറെ girlfriend ആയി. പിന്നെ ഇന്നേ വരെ ഒരുത്തനോടും അത്തരം ഒരു അടുപ്പം തോന്നിയിട്ടില്ല.” ഇത്രയും പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. പക്ഷെ കരഞ്ഞു വറ്റിയതുകൊണ്ടാവാം, അതിൽ നിന്നൊരു തുള്ളി പോലും പുറത്തേക്ക് വന്നില്ല.
എനിക്കെന്തോ ജാസ്മിനോട് വല്ലാത്ത ഒരു അടുപ്പം തോന്നി. ആരാധനയാണോ? അറിയില്ല. പ്രേമമാണോ? അതും അറിയില്ല. ഒരുപക്ഷെ ജീവിതത്തിലെവിടെയോ വെച്ച് തകരാറ് സംഭവിച്ച രണ്ട് പൊട്ടിയ ഹൃദയങ്ങൾക്ക് പരസ്പരം തോന്നുന്ന ഒരുതരം ഏകഭാവമാവാം.
ആ നിമിഷം അവളിലെവിടെയോ ഞാൻ എന്നെ തന്നെ കണ്ടു.
ഒരു നിമിഷം ആ കണ്ണുകളിലേക്ക് ഞാൻ നോക്കിയിരുന്നു. അവൾ അതേ സമയം എൻറെ കണ്ണുകളുടെ ആഴങ്ങൾ തിരയുകയായിരുന്നു. അടുത്ത നിമിഷം ഏതോ ശക്തിയാൽ ഞാൻ എൻറെ ചുണ്ടുകൾ അവളുടെ മുഖത്തേക്ക് കൊണ്ടുവന്നു. ഞങ്ങളുടെ അധരങ്ങൾ തമ്മിൽ ചേർന്നു.
അവളൊരു കടലായി, ഞാൻ കടൽക്കരയും. ഓരോ തിരകളായി അവളെന്നിലേക്ക് പാഞ്ഞടുത്തു, ഒടുവിൽ ആർത്തലച്ചു എന്നിൽ ചേർന്നലിഞ്ഞു.
ഫ്ലൈറ്റ് അന്നൗൺസ്‌മെന്റിന്റെ ബെല്ല് കേട്ടാണ് ഞങ്ങൾ വിട്ടു മാറിയത്. അതൊരു ഫ്ലൈറ്റാണെന്നോ ഞങ്ങൾ ഒരു പബ്ലിക് സ്പേസിലാണെന്നോ ആലോചിക്കാതെയാണ് ഞങ്ങൾ അത്രയും നേരം ഇരുന്നതെന്ന് അപ്പോഴാണ് ബോധ്യം വന്നത്.
ഞങ്ങൾ ഇരുവരും സീറ്റിൽ നേരെ ഇരുന്നു. കുറച്ച നേരത്തേക്ക് അവളുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് പറ്റിയില്ല. ‘ഞാൻ ചെയ്തത് അല്പം കടന്നു പോയോ? ഇത്രയും കുടിച്ചതിന്റെ ആണ്! ജാസ്മിൻ എന്ത് വിചാരിച്ചു കാണും?’ ഇങ്ങനെ നൂറുകൂട്ടം ചോദ്യങ്ങൾ എന്റെ തലയിലൂടെ പാഞ്ഞു.
അതേസമയം തലയിൽ വേറൊരു ഭാഗത്തു മറിച്ചൊരു വാഗ്‌വാദം നടക്കുകയായിരുന്നു. “ഏയ്, ഞാൻ ഉമ്മ വെക്കാൻ പോയപ്പോൾ അവളും ചുണ്ട് അടുത്തേക്ക് കൊണ്ടുവന്നിരുന്നു. ഇല്ലേ? മാത്രമല്ല, അവൾ തിരിച്ചു നന്നായി പ്രതികരിച്ചത് കൊണ്ടാണല്ലോ അത്രയും നേരം അത് നീണ്ടു പോയത്? ”
ഇങ്ങനെ ഞാൻ എന്നെ തന്നെ കുറ്റപെടുത്തിയും സപ്പോർട്ട് ചെയ്തും തർക്കിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഇടംകണ്ണിട്ട് ജാസ്മിനെ ഒന്ന് നോക്കി. അവൾ പുറത്തേക്ക് ഉറ്റു നോക്കികൊണ്ട് ജനാലയുടെ അരികിൽ ഇരിക്കുകയാണ്. പക്ഷെ മുന്നത്തെ പോലെ എനിക്കവളുടെ മുഖം പ്രതിഫലനത്തിൽ കാണാം.
അവൾ ചെറുതായി ചിരിക്കുന്നുണ്ടോ?
തുടരും…