“ഏയ് ഒന്നൂല്ല , നേരത്തെ നീ പറഞ്ഞ ചളി തുടച്ചു കളയാനാ” എന്ന് പറഞ്ഞു ഞാൻ ചിരി തുടങ്ങിയപ്പോഴാണ് അവൾക്ക് അബദ്ധം പറ്റിയത് മനസ്സിലായത്.
വീണ്ടും എന്റെ കയ്യിൽ പിച്ചാൻ വന്ന അവളുടെ കയ്യിൽ ഞാൻ മെല്ലെ പിടിച്ചു തിരിച്ചു. ജാസ്മിൻ ഉടനെ വേദന അഭിനയിച്ചു കൈ വിട്ട് പുറത്തേക്ക് നോക്കി ഇരുന്നു.
‘ദൈവമേ, പണിയായോ?’ എന്ന് ചിന്തിച്ചു ഞാൻ അവളെ മെല്ലെ തട്ടി വിളിച്ചു. മൈൻഡ് പോലും ചെയ്യുന്നില്ല. പുറത്തേക്ക് നോക്കി ഇരുപ്പാണ്.
അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്, ഇവിടെ നിന്ന് നോക്കുമ്പോൾ ആള് സീരിയസ് ആണെന്ന് തോന്നുമെങ്കിലും തിരിഞ്ഞിരുന്ന് ചിരി അടക്കാൻ പാട് പെടുകയാണ് ആശാത്തി. അവളുടെ കള്ള ചിരി എനിക്ക് വിൻഡോ ഗ്ലാസ്സിലെ പ്രതിഫലനത്തിൽ കാണാം.
സംഗതി അഭിനയം ആണെന്ന് മനസ്സിലാക്കിയ ഞാൻ അവളെ ഇക്കിളിയിടാൻ തുടങ്ങി. ആദ്യം ദേഷ്യം അഭിനയിക്കാൻ ശ്രമിച്ചെങ്കിലും അവൾക്ക് അധികനേരം പിടിച്ചു നിൽക്കാൻ പറ്റിയില്ല. കുടുകുടെ ചിരിച്ചുകൊണ്ട് എന്നെ അവൾ കളിയായി തല്ലി .
ആ രണ്ടു മണിക്കൂർ കൊണ്ട് ഞങ്ങൾ ഒരുപാട് അടുത്തു എന്ന് ഞാൻ മനസ്സിലാക്കി. സ്നേഹമുള്ളിടത്തേ പിണക്കവും ഇണക്കവും ഒക്കെ പറഞ്ഞിട്ടുള്ളു എന്നാണല്ലോ.
ഫ്ലൈറ്റ് എടുത്തതിനു ശേഷം ബിസിനെസ്സ് ക്ലാസ്സിൻറെ സെറ്റപ്പ് ഒക്കെ അവൾ ഒരുവിധം എന്നെ പഠിപ്പിച്ചു. അൺലിമിറ്റഡ് മദ്യമാണ് എന്നെ ആകർഷിച്ചത്, ഒപ്പം നല്ല ഫുഡും. ഞാൻ ആദ്യം മുതലേ ഇത് നന്നായി മുതലെടുത്തു.
ജാസ്മിനും ഒട്ടും മോശമായിരുന്നില്ല. ഞാൻ അടിക്കുന്നതിനു ഒപ്പത്തിനൊപ്പം അവളും പിടിക്കുന്നത് കണ്ട് ഞാൻ അന്ധാളിച്ചു നിന്നു. പതുക്കെ മദ്യം തലക്ക് പിടിച്ചു തുടങ്ങിയപ്പോൾ ഞങ്ങൾ പേർസണൽ ആയ കാര്യങ്ങൾ സംസാരിച്ചു തുടങ്ങി.
ഞാൻ എൻറെ വീട്ടുകാരുടെ കാര്യങ്ങളും കോളേജിനെ പറ്റിയും ഒക്കെ സംസാരിച്ചു. മീരയെപ്പറ്റി പറഞ്ഞു തുടങ്ങിയപ്പോൾ എന്റെ കണ്ണു നിറഞ്ഞു. അവളിൽ നിന്നും ഞാൻ ഇത് വരെയും മൂവ് ഓൺ ചെയ്തിട്ടില്ല എന്നെനിക്ക് മനസ്സിലായി.
എൻറെ കണ്ണ് നിറയുന്നത് കണ്ട് ജാസ്മിൻ എൻറെ കയ്യെടുത്തു അവളുടെ കൈകൾ കൊണ്ട് ചേർത്ത് പിടിച്ചു. എന്നെ സമാധാനിപ്പിക്കാൻ തുടങ്ങി. പക്ഷെ അവൾ വളരെ മെച്ചുവേർഡ് ആയിട്ടാണ് അത് കൈകാര്യം ചെയ്തത് എന്നത് എനിക്ക് വലിയ ആശ്വാസമായിരുന്നു.
ഇതിന് മുൻപ് ഈ വിഷയം ഷെയർ ചെയ്ത സുഹൃത്തുക്കൾ എല്ലാം അവളെ ഒരു തേപ്പുകാരിയാക്കി എന്നെ സമാധാനിപ്പിക്കാനുള്ള തിരക്കിലായിരുന്നു. എന്നാൽ ജാസ്മിൻ ഞങ്ങളെ രണ്ടു പേരെയും ജഡ്ജ് ചെയ്യാതെ കാര്യങ്ങളെ എനിക്ക് കുറച്ചുകൂടെ മനസ്സിലാക്കി തന്നു.
“വിവേക്, അവൾ വളരെ പ്രാക്ടിക്കൽ ആയ ഒരു പെൺകുട്ടിയാണ്. അവളുടെ വശത്തു നിന്ന് നോക്കുമ്പോൾ അവൾ ചിന്തിക്കുന്നത് ശരിയാണ് താനും. എന്നാൽ എനിക്കിത്രയും നേരം കൊണ്ട് നിന്നെ മനസ്സിലാക്കിയത് വെച്ച് നീ ഒരു കട്ട റൊമാന്റിക് ആണ്. നിങ്ങടെ കല്യാണവും കുട്ടികളും അവര്ക് ഇടാനുള്ള പേരുകളും വരെ കണ്ടു വെച്ച ടൈപ്പ് റൊമാന്റിക്. എനിക്ക് തോന്നുന്നു നിങ്ങളുടെ ഈ ബേസിക് ഡിഫറെൻസ് ആണ് എല്ലാത്തിനും കാരണം എന്ന്”
അത് കേട്ട എനിക്ക് എന്ത് പറയണം എന്നറിഞ്ഞൂടായിരുന്നു. എന്നെ വര്ഷങ്ങളായി അടുത്തറിയുന്ന സുഹൃത്തുക്കൾക്കു മനസ്സിലാവാത്ത കാര്യം വെറും മണിക്കൂറുകളുടെ പരിചയമുള്ള ജാസ്മിൻ മനസ്സിലാക്കിയത് എന്നെ ഒരേ സമയം സന്തോഷിപ്പിക്കുകയും സങ്കടപെടുത്തുകയും ചെയ്തു.
ഞാൻ അവളുടെ തോളിലേക്ക് ചാഞ്ഞു കിടന്ന് കരഞ്ഞു.