ആഗ്രഹമുണ്ട് എന്ന ചിന്ത എന്റെ മുഖത്തു ഒരു നൂറു വാട്ട് ചിരി തെളിച്ചു. തിരിച് ഇങ്ങനെ ഒരു കാര്യം ചിന്തിക്കാത്തതിൽ ഞാൻ സ്വയം ചീത്ത പറഞ്ഞു.
ആദ്യമൊരു മടിയൊക്കെ കാണിച്ചെങ്കിലും ജാസ്മിന്റെ ചിരിക്കും പോളൈറ്റ്നെസ്സിനും മുന്നിൽ ആ ചേട്ടന് അധിക നേരം പിടിച്ചു നിൽക്കാനായില്ല.
ഒടുവിൽ ആ സീറ്റ് ജാസ്മിന് കൊടുക്കാൻ പുള്ളി സമ്മതിച്ചു.
ഞാൻ ഏതാണ്ട് സ്വർഗം കണ്ട അവസ്ഥയിൽ ആയിരുന്നു. ആദ്യ നോട്ടത്തിൽ ആരാധന തോന്നിയ ഒരു സ്ത്രീ, അവർക്ക് എന്റെ കൂടെ ഇരിക്കണമെന്ന് ഇങ്ങോട്ട് വന്ന് പറയുക, അതിനു വേണ്ടി ഒരാളെ നിര്ബന്ധിച്ചു സീറ്റ് മാറ്റിപ്പിക്കുക.
എൻറെ പുതിയ കഥ ചിലപ്പോൾ ഭാഗ്യത്തിന്റേതാകും എന്നെനിക്ക് തോന്നി. അല്ലെങ്കിൽ ബിസിനെസ്സ് ക്ലാസ്സിൽ സീറ്റ് കിട്ടാനും, ജാസ്മിനെ പരിചയപ്പെടാനും, ഇത്ര കമ്പനി ആവാനും, ഒടുവിൽ അവൾക്ക് എന്റെ ഒപ്പം ഇരിക്കാൻ തോന്നാനും ഒക്കെ വേറെന്ത് കാരണം പറയാനാണ്?
ജാസ്മിൻ അവളുടെ ബാഗുമായി എൻറെ സീറ്റിലേക്ക് വന്നു. എനിക്ക് സത്യത്തിൽ വിൻഡോ സീറ്റ് ആയിരുന്നെങ്കിലും അത് അവൾക്ക് വേണമെന്ന് പറഞ്ഞപ്പോൾ ഞാൻ തർക്കിക്കാൻ നിന്നില്ല. ഞാൻ ഐൽ സീറ്റിലേക്ക് മാറി ഇരുന്നു. എന്നിട്ട് ജാസ്മിനെ നോക്കി ചിരിച്ചു.
അവൾ എന്നെ നോക്കി ‘എന്താ?’ എന്ന അർത്ഥത്തിൽ തല ആട്ടി.
“ഒന്നുമില്ല. താങ്ക്സ് ഫോർ കമിങ് ഹിയർ. ഞാൻ ലണ്ടൻ വരെ ബോർ അടിച്ചു ചാവുമോ എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു.”
“ഊവ! എന്നിട്ടാണോ എൻറെ അടുത്ത് വന്നിരിക്കാൻ ഒന്ന് ശ്രമിക്കുക പോലും ചെയ്യാണ്ടിരുന്നത്? ഞാൻ ഇവിടെ വന്ന് നോക്കുമ്പോഴുണ്ട് പാട്ടും കേട്ട് സുഖിച്ചു കിടക്കുന്നു.” അവൾ അല്പം ദേഷ്യത്തിലാണത് പറഞ്ഞത്.
“എഡോ, അങ്ങനെ അല്ല. ഞാൻ വന്നിരുന്നപ്പോ നോക്കിയിരുന്നു. അപ്പൊ തൻറെ അടുത്ത സീറ്റിൽ ആളുണ്ട്. പിന്നെ ഞാൻ ഇങ്ങനെ പോയി ചോദിച്ചാൽ ആളുകൾ ഇപ്പൊ സീറ്റ് മാറിത്തരും! ”
“അതെന്താ ഞാൻ ചോദിക്കുന്നതിന് ഇത്ര പ്രത്യേകത? ഏ?” അവൾ വിടുന്ന മട്ടില്ല.
“ജാസ്മിൻ എൻറെ അടുത്തിരുന്ന ആളുടെ മുഖം ശ്രദ്ധിച്ചിരുന്നോ? പുള്ളിക്ക് മാറാൻ പറ്റില്ല എന്ന് പറയണം എന്നൊക്കെ ഉണ്ടായിരുന്നു. പക്ഷെ തൻറെ ക്യൂട്ട് ഫേസ് കണ്ടപ്പോ പുള്ളിക്ക് ഒന്നും പറയാൻ പറ്റീല. പാവം!” ഞാൻ ഇതും പറഞ്ഞു ചിരിച്ചു.
അത് കേട്ട് അവൾ പല്ലുറുമ്മി അവൾ എന്നെ കയ്യിൽ ഒന്ന് പിച്ചി.
“ആ ..” ചെറിയ പിച്ചായിരുന്നെങ്കിലും എനിക്ക് നല്ല വേദന എടുത്തു.
അത് കണ്ട് അവൾ എന്നെ നോക്കി നാക്ക് പുറത്തിട്ട് ഒരു കള്ള ചിരി ചിരിച്ചു. കാര്യം പിച്ചിയെങ്കിലും ക്യൂട്ട് ഫേസ് എന്നൊക്കെ പറഞ്ഞത് അവൾക് ഇഷ്ടപെട്ടതായി തോന്നി.
“അതെ, ഞാൻ ബിസിനെസ്സ് ക്ലാസ്സിൽ ആദ്യായിട്ടാ. സോ ഇവിടുത്തെ രീതികൾ ഒന്നും എനിക്കറിഞ്ഞൂടാ. പറഞ്ഞു തരണം.” ഞാൻ ആദ്യമേ ജാസ്മിനെ വട്ടം കെട്ടി.
“പഞ്ഞിയെടുത്തു മൂക്കിൽ വെക്കാണ്ടിരുന്നാ മതി. ബാക്കി എല്ലാം ഓക്കേ ആണ്” എന്നും പറഞ്ഞു അവൾ ചിരി തുടങ്ങി.
ഉടനെ ആ വഴി പോയ ഐർഹോസ്റ്റസിനോട് ഞാൻ “ക്യാൻ ഐ ഗെറ്റ് സം റ്റിഷ്യുസ്” എന്ന് ചോദിച്ചു.
“ടിഷ്യു എന്റെ കയ്യിൽ ഉണ്ടെടാ, എന്തിനാ?” എന്നും ചോദിച്ചു അവൾ ബാഗിൽ പരതാൻ തുടങ്ങി.