മുറകാമിയുടെ ഒരു പുസ്‌തകവും കയ്യിൽ പിടിച്ചു നിൽക്കുന്ന ഒരു ലേഡി. ലേഡി എന്ന് തന്നെ പറയണം. എലഗൻസ് എന്ന വാക്കിൻറെ എല്ലാ അർത്ഥവും അവർ ഉൾക്കൊണ്ടിരുന്നു, അത് ഡ്രസ്സിങ്ങിൽ ആയാലും, ഹൈർസ്റ്റൈലിൽ ആയാലും.
ആ ലേഡി ആ പുസ്‌തകത്തെ മെല്ലെ മൂക്കിലേക്ക് അടുപ്പിച്ചു അതിന്റെ സുഗന്ധം നുകരുകയാണ്. കണ്ണുകൾ രണ്ടും അടച്ചിരിക്കുന്നു. ആ സുഗന്ധം ആവോളം ആസ്വദിച്ചതിനു ശേഷം അവർ കണ്ണുകൾ തുറന്നു. മെല്ലെ ആ പുസ്‌തകത്തെ നോക്കി പുഞ്ചിരിച്ചു.
ഒരു നിമിഷം ഞാൻ അവരെ മാത്രം നോക്കി നിന്നു.
രണ്ട കാര്യങ്ങളാണ് എന്നെ അവരിലേക്ക് ആകർഷിച്ചത്. ഒന്ന് മുറകാമി എൻറെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളാണ്. മാജിക്കൽ മിസ്റ്റിസിസത്തിന്റെ തമ്പുരാൻ. രണ്ട് , അവർ ആ പുസ്‌തകത്തോട് കാണിച്ച സ്നേഹം. ആ കുറച്ചു നിമിഷങ്ങൾക്കുള്ളിൽ എനിക്കവരോട് വല്ലാത്ത ഒരു ആരാധന തോന്നി.
പെട്ടെന്നാണ് അവർ അവരെ തന്നെ നോക്കി നിൽക്കുന്ന എന്നെ ശ്രദ്ധിക്കുന്നത്. അവർ ആ പുസ്‌തകം മണക്കുന്നത് ഞാൻ കണ്ടു എന്ന് മനസ്സിലാക്കിയ അവർ അല്പം ജാള്യതയോടെ എന്നെ നോക്കി ചിരിച്ചു. ഞാനും തിരിച്ചു ‘നടക്കട്ടെ ‘ എന്ന രീതിയിൽ ആംഗ്യം കാണിച്ചു ചിരിച് അവിടെ നിന്നും മാറി.
തിരിച്ചു വന്ന് ഗേറ്റിനടുത്തു ഒരു ഒഴിഞ്ഞ മൂല കണ്ടെത്തി എൻറെ ജർണലും കയ്യിലെടുത്തു ഞാൻ ഇരുന്നു. ഡയറി കുറിപ്പുകൾ എഴുതാൻ പഠിപ്പിച്ചത് അച്ഛനാണ്. കഴിഞ്ഞ മുപ്പത്തഞ്ചു വർഷമായി മുടങ്ങാതെ ഡയറി എഴുതിയിരുന്നു അച്ഛൻ. എൻറെ ഏറ്റവും നല്ല നിമിഷങ്ങളും ഏറ്റവും വിഷമം നിറഞ്ഞ നിമിഷങ്ങളും എല്ലാം ഞാൻ പങ്കുവെച്ചിരുന്നത് ഈ ജർണലിൽ ആണ്.
ഞാനങ്ങനെ എന്റെ പുതിയ ജീവിതത്തെപ്പറ്റിയുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം കുത്തികുറിച്ചുകൊണ്ടിരുന്നപ്പോഴാണ് എന്റെ വലതു വശത്തു നിന്ന് ഒരു ചോദ്യം കേട്ടത്.
“എന്താ ഈ എഴുതുന്നെ?”
ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയ ഞാൻ സത്യത്തിൽ ഞെട്ടി. അല്പം മുൻപ് ബുക്ക് സ്റ്റോറിൽ കണ്ട ആ ലേഡി. അവർ ഹാൻഡ് ബാഗൊക്കെ ആയി അടുത്തിരിക്കുകയാണ് . അവർ എന്റെ അതെ ഫ്ലൈറ്റിൽ ആയിരിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.
“എന്താണ് ഇയാള് എഴുതുന്നതെന്ന് ?” അവർ ചോദ്യം ആവർത്തിച്ചു.
“ഓ, എന്നോടാണ് ചോദിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. വെറുതെ ജർണൽ എഴുതുകയാണ്” ഞാൻ മറുപടി പറഞ്ഞു.
“സോറി ടു ഡിസ്റ്റർബ്. ഇക്കാലത്തെ ഒരു യങ്സ്റ്റർ ഹെഡ്സെറ്റും വെച്ചു പാട്ട് കേട്ടിരിക്കാതെ ഇങ്ങനെ ഒരു മൂലയ്ക്ക് വന്നിരുന്ന് എഴുതുന്നത് കണ്ട് കൗതുകം കൊണ്ട് ചോദിച്ചതാണ്” ഒരു ചെറു പുഞ്ചിരിയോടെ അവർ അത് പറഞ്ഞപ്പോൾ അവരുടെ കവിളത്തൊരു നുണക്കുഴി തെളിഞ്ഞു കണ്ടു.
“ഇക്കാലത്തെ യൂത്തിനെ മുഴുവൻ അങ്ങനെ ജനറലൈസ് ചെയ്യുന്നത് ശരിയാണോ?. ഞങ്ങൾ ആക്ച്വലി 90s കിഡ്‌സ് ആണ്. ഒരേപോലെ പുസ്‌തകം വായിച്ചും, പാടത്തു കളിച്ചും അതുപോലെ ഓർക്കുട്ട് മുതൽ ട്വിറ്റർ വരെ യൂസ് ചെയ്തും വളർന്ന ജനറേഷൻ ആണ് ഞങ്ങളുടേത്.” ഞാനും വിട്ടു കൊടുത്തില്ല.
“ഹലോ, ഇയാൾ 90s ഇൽ ജനിച്ച ആളല്ലേ? ”
“അതേ, അതിന് ?”
“90s കിഡ്സ് എന്ന് വെച്ചാൽ, നയന്റീസിൽ കുട്ടികളായി ഇരുന്നവർ എന്നർത്ഥം. അതായത്, എയ്റ്റീസിൽ ജനിച്ചവർ. ദാറ്റ് മീൻസ്, വീ ആർ ദി റിയൽ 90s കിഡ്സ്.” ലേഡി നേരത്തെ കണ്ടത് പോലെ അല്ലെന്ന് മനസ്സിലായി. തർക്കിക്കാൻ ഒക്കെ മിടുക്കിയാണ്.