എന്റെ ജീവിതത്തിലെ ഒരു അദ്ധ്യായത്തിന്റെ അന്ത്യമാവാം ഇത്, മറ്റൊന്നിന്റെ തുടക്കവും.
എയർപോർട്ടിൽ എന്നെ കയറ്റി വിടാനായി അച്ഛനും അമ്മയും എൻറെ ബെസ്ററ് ഫ്രണ്ട് ജോൺസണും ആണ് വന്നത്. വീട്ടിൽ നിന്നും എയർപോർട്ടിലേക്ക് ഉള്ള വഴി മുഴുവൻ അമ്മ ഉപദേശിച്ചു കൊല്ലുകയായിരുന്നു.
വണ്ടി ഓടിക്കുന്ന ജോൺസൻ ഇടയ്ക്കിടെ ഇടംകണ്ണിട്ട് ഫ്രണ്ട് സീറ്റിൽ ഇരുന്ന എന്നെ നോക്കി വളിച്ച ചിരി പാസാക്കുന്നുണ്ടായിരുന്നു. അല്ലെങ്കിലും കൂട്ടുകാരന് ഒരു പണി കിട്ടുമ്പോ സന്തോഷിച്ചില്ലേൽ എന്ത് കൂട്ടുകാരൻ അല്ലെ?
അച്ഛൻ മാത്രം അങ്ങെത്തുന്നത് വരെ സൈലൻറ് ആയിരുന്നു. പുറത്തേക്കെങ്ങോ നോക്കിയിരുന്ന് എന്തോ ആലോചിച്ചുകൊണ്ടേ ഇരുന്നു പാവം. ഒറ്റ മകൻ നാട് വിട്ട് പോവുമ്പോ അല്ലേലും ആർക്കാ നോർമൽ ആയിരിക്കാൻ പറ്റുക അല്ലെ?.
ഇടക്കെപ്പോഴോ റിയർ വ്യൂ മിറററിലൂടെ നോക്കിയപ്പോൾ അച്ഛൻ കണ്ണ് തുടക്കുന്നത് കണ്ടിട്ടും കാണാതെ പോലെ ഞാൻ ഇരുന്നു.
എയർപോർട്ടിൽ എത്തി അകത്തേക്ക് കയറാൻ തുടങ്ങിയ എന്നെ എന്നാൽ കെട്ടിപിടിച്ചു കരഞ്ഞത് അമ്മയായിരുന്നു. അച്ഛനാവട്ടെ അമ്മയെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഒരു കുടുംബത്തെ മുഴുവൻ സ്വന്തം തോളിൽ ചുമക്കുമ്പോൾ പലപ്പോഴും ആ മനുഷ്യൻറെ വിഷമം ഞങ്ങളാരും കാണാറില്ലല്ലോ എന്ന ഞാൻ ഓർത്തു.
ഇനിയും അവിടെ നിന്നാൽ ഞാനും കരഞ്ഞു പോവും എന്ന തോന്നിയത് കൊണ്ട് വേഗം അകത്തേക്ക് നടന്നു.
“വിവേക് ജയൻ കൊട്ടാരത്തിൽ”. എൻറെ പേര് വായിച്ചു എയർപോർട്ട് ഗേറ്റിലെ സെക്യൂരിറ്റി എൻറെ പാസ്സ്പോർട്ടിലെ ഫോട്ടോയും എന്നെയും മാറി മാറി നോക്കി.
അല്ലെങ്കിലും ഏതെങ്കിലും ഒരു ഗവണ്മെന്റ് ഐഡി കാർഡിൽ നമ്മുടെ ഫോട്ടോ നമ്മളെ പോലെ ഇരുന്ന ചരിത്രം ഉണ്ടോ? ഏതായാലും അധികം ബുദ്ധിമുട്ടിക്കാതെ ആ സെക്യൂരിറ്റി എന്നെ അകത്തേക്ക് കടത്തി വിട്ടു.
സെല്ഫ് ചെക്കിങ് ചെയ്യാതെ നേരെ കൗണ്ടറിൽ പോയി ചെക്ക് ഇൻ ചെയ്യുന്നത് എന്നും ശീലം ആയിരുന്നു. ഗ്രൗണ്ട് സ്റ്റാഫിനെ കണ്ട് ഒന്ന് ചിരിച്ചു സംസാരിച്ചാൽ ചെറിയ ലഗേജ് പ്രശ്നങ്ങൾ ഒക്കെ പരിഹരിക്കാനും നല്ല സീറ്റ് കിട്ടാനും ഒക്കെ ചാൻസ് ഉണ്ട്.
ഇക്കുറി എന്നാൽ ആ തീരുമാനം സാധാരണത്തെക്കാൾ ഗുണം ചെയ്തു. കൗണ്ടറിന്റെ പിന്നിലിരുന്ന നോർത്ത്-ഈസ്റ്റ് ലുക്ക് ഉള്ള സുന്ദരി “കൺഗ്രാറ്സ് , യുവർ സീറ്റ് ഹാസ് ബീൻ അപ്ഗ്രേഡഡ് ടു ബിസിനസ് ക്ലാസ്” എന്ന് പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ അത് വരെ വീട്ടുകാരെ വിട്ടുപോവുന്ന വിഷമത്തിലായിരുന്ന എന്റെ എല്ലാ വിഷമവും പമ്പ കടന്നു.
എമിഗ്രേഷൻ കഴിഞ്ഞു ഗേറ്റിൽ എത്തിയ ഞാൻ സമയം നോക്കി. ഇനിയും രണ്ടര മണിക്കൂർ ഉണ്ട് ഫ്ലൈറ്റ് എടുക്കാൻ. സമയം കളയാനായി ഞാൻ ഷോപ്പിംഗ് ഏരിയയിലൂടെ ചുറ്റി നടന്നു.
ഒടുവിൽ നടന്ന് DC ബുക്‌സിന്റെ കടയിൽ കയറി ബുക്കുകൾ പരതി തുടങ്ങി. ഇന്നും ഡിജിറ്റൽ ബുക്കുകളേക്കാൾ പേപ്പർബാക്ക് ബുക്കുകളോടാണ് എനിക്ക് സ്നേഹം. വെറുതെയെങ്കിലും ബുക്‌ഷോപ്പുകളിൽ കയറി പുതിയ ബുക്കുകൾ മണത്തു നോക്കുക എന്നത് എനിക്കിന്നും ഹരമാണ്. പുതിയ പുസ്തകങ്ങൾക്ക് ഒരു പ്രത്യേക മണമാണ്. ഒരുപക്ഷെ എനിക്കേറ്റവും പ്രിയപ്പെട്ട മണങ്ങളിൽ ഒന്ന്.
ഫ്ലൈറ്റിൽ ഇരുന്ന് വായിക്കാൻ ഒരു ത്രില്ലർ തപ്പിയ ഞാൻ ഒടുവിൽ അഗത ക്രിസ്റ്റിയുടെ മർഡർ ഇൻ ഓറിയന്റ് എസ്പ്രെസ്സിൽ ചെന്നെത്തി.
അതിന്റെ പുറംചട്ടയിലൂടെ കണ്ണോടിക്കുമ്പോഴാണ് ഇടംകണ്ണിലൂടെ ഞാൻ ഒരു കാഴ്ച കാണുന്നത്.