ഞാൻ പുരികം ഉയർത്തി അവളെ നോക്കി .
“പോടാ അവിടന്ന്…”
ഞാൻ പറഞ്ഞു നിർത്തിയതും മഞ്ജുസ് ഒന്ന് പൊട്ടിച്ചിരിച്ചു .
——-******——-*******——-******——–*****——-
അന്നത്തെ ദിവസം കൃഷ്ണൻ മാമ ഞങ്ങളുടെ വീട്ടിൽ താമസിച്ചു പിറ്റേന്നുള്ള ദിവസം ആണ് മടങ്ങിയത് . മഞ്ജുസ് എന്നെ നോക്കാൻ വേണ്ടി പിറ്റേന്ന് തൊട്ട് ലീവ് എടുക്കാമെന്നൊക്കെ പറഞ്ഞെങ്കിലും അമ്മയും ഞാനും സമ്മതിച്ചില്ല . അത്‌കൊണ്ട് അവളെ ജോലിക്കു തന്നെ പറഞ്ഞു വിടാൻ തീരുമാനം ആയി .
ശ്യാം ആയിരുന്നു ആ ദിവസങ്ങളിൽ എനിക്കുള്ള ആശ്വാസം . ഒരു കൂട്ടുകാരന്റെ വില ഞാൻ ശരിക്കു മനസിലാക്കിയ ദിവസങ്ങൾ . വേറെ പ്രേത്യേകിച്ചു അവനൊരു പണിയില്ലാത്തതും ഞങ്ങൾക്ക് ഉപകാരപെട്ടു എന്ന് പറയാം . കക്ഷി രാവിലെ തന്നെ എന്റെ വീട്ടിൽ ഹാജർ വെക്കും . പിന്നെ തിരിച്ചു പോക്ക് മഞ്ജുസ് വന്നതിനു ശേഷമാണ് ! അതുവരെ എന്നോടൊപ്പം ഓരോന്ന് പറഞ്ഞും ചിരിയ്ച്ചും അവൻ റൂമിൽ കൂടും . ഇടക്കു എന്നെ ബാത്‌റൂമിൽ കൊണ്ടുപോകുന്നതും അവനാണ് . അമ്മക്ക് ബുദ്ധിമുട്ടാകുമെന്നു കരുതി എന്നെ ഒറ്റക്ക് എടുത്തുപൊക്കി അവൻ തന്നെ ടോയ്‌ലെറ്റിൽ കൊണ്ടിരുത്തും .അങനെ എല്ലാംകൊണ്ടും അവൻ നല്ലൊരു സഹായം ആയിരുന്നു . അതുകൊണ്ട് തന്നെ അമ്മയ്ക്കും മഞ്ജുസിനുമൊക്കെ കക്ഷിയെ നന്നായിട്ട് ബോധിച്ചു !
ജോലിക്ക് പോകുന്നതുകൊണ്ട് തന്നെ മഞ്ജുസിനും എന്റെ കാര്യം ഓർത്തു ടെൻഷൻ ആണ് . ആക്സിഡന്റിൽ മൊബൈൽ കേടുവന്നെങ്കിലും പിറ്റേന്ന് തന്നെ മഞ്ജുസ് പുതിയ സാധനം വാങ്ങിച്ചു എന്റെ കയ്യിൽ തന്നിരുന്നു . അതുകൊണ്ട് തന്നെ ഒരു ഗ്യാപ്‌കിട്ടുമ്പോൾ കക്ഷി വിളിച്ചു എന്റെ സുഖവിവരങ്ങൾ തിരക്കും .
“കവി ടാബ്ലറ്റ് കഴിച്ചോടാ ..ഫുഡ് കഴിച്ചോ ? ബോറടിക്കുന്നുണ്ടോ ? ശ്യാം ഇല്ലേ അവിടെ ? ടോയ്‌ലെറ്റിൽ പോകാൻ ബുദ്ധിമുട്ടായില്ലല്ലോ ?”
എന്നൊക്കെ പല ചോദ്യങ്ങൾ ചോദിച്ചു അവള് ടെൻഷൻ അടിക്കും . എല്ലാത്തിനും കൃത്യം ആൻസർ കിട്ടിയാലേ അവൾക്ക് ശ്വാസം നേരെ വീഴത്തുള്ളൂ ! പിന്നെ വന്നു കഴിഞ്ഞാൽ ശ്യാമിനെ പറഞ്ഞു വിടാനുള്ള തിരക്കാവും . അത് അവനോടു ദേഷ്യം ഉണ്ടായിട്ടു ഒന്നുമല്ല , ശ്യാം കൂടെയുണ്ടെങ്കിൽ അവൾക്ക് ശൃംഗരിക്കാൻ പ്രൈവസി ഇല്ലല്ലോ എന്നോർത്തിട്ടാണ് .
അതെ തുടർന്നുള്ള ഒരു ദിവസം വിവേകേട്ടൻ എന്നെ കാണാനായി വീട്ടിലെത്തി . ഹോസ്പിറ്റലിൽ വെച്ച് ഞങ്ങൾ തമ്മിൽ കണ്ടിരുന്നെങ്കിലും വീട്ടിലേക്ക് വരവ് ഇതാദ്യമാണ് . കക്ഷി വരുമ്പോൾ ഞാൻ ശ്യാമിൻപം ഉമ്മറത്തിരുപ്പാണ് . റൂമിൽ ഇരുന്നു ചടച്ചപ്പോൾ ശ്യാം തന്നെയാണ് എന്നെ കൈകളിൽ കോരിയെടുത്തു ഉമ്മറത്ത് കൊണ്ടിരുത്തിയത് . ഒരു കസേരയിലിരുന്നു മറ്റൊരു കസേരയിലേക്ക് പ്ലാസ്റ്ററിട്ട കാലു കയറ്റി വെച്ച് ഞാനും ശ്യാമും അങ്ങനെ എന്തൊക്കെയോ പറഞ്ഞിരിക്കുന്ന നേരത്താണ് വിവേകേട്ടന്റെ വരവ് !
ഇപ്പൊ വിവേകേട്ടനെ കുറിച്ച് പറയാൻ കാരണം എന്താണെന്നു വെച്ചാൽ ഇതിനിടക്ക് വേറൊരു ട്വിസ്റ്റ് ഉണ്ടായി . അന്നേ ദിവസം മറ്റെന്തോ കാരണം കൊണ്ട് മായേച്ചി കോളേജിൽ പോയിരുന്നില്ല . അതുകൊണ്ട് കക്ഷിയും എന്നെ കാണാൻ വേണ്ടി അവിടേക്ക് വന്നിരുന്നു . അതുകൊണ്ട് തന്നെ മായേച്ചിയും വിവേകേട്ടനും തമ്മിൽ അവിടെ വെച്ച് ഒന്ന് കണ്ടുമുട്ടി ! കാമുകൻ തേച്ച വിഷമത്തിൽ കല്യാണമേ വേണ്ടെന്നു പറഞ്ഞു നടന്ന അവളെ വിവേകേട്ടനുമായി കെട്ടിച്ചാലോ എന്നെ കുരുട്ടു ബുദ്ധിയും എനിക്ക് അപ്പോഴാണ് തോന്നിയത് .
ആഹ് എന്തായാലും വിവേക് വരട്ടെ . അങ്ങനെ ഞങ്ങൾ ഉമ്മറത്തിരിക്കുന്ന നേരത്തു വിവേകേട്ടൻ ബൈക്കിൽ കയറിവന്നു . ശ്യാമിന് കക്ഷിയെ അത്ര പരിചയമില്ലാത്തോണ്ട് ആ വരവ് കണ്ടപ്പോഴേ അവനൊന്നു എന്നെ നോക്കി .
“എടാ ആരാ ആ വരുന്നത് ?”