“നീ എന്ത് പറഞ്ഞാലും നിന്നെ ഇന്ന് വിടൂല്ല മോനെ, നീ ഇപ്പൊ ഭയങ്കര ഒഴപ്പാ, രണ്ട് മാസം കഴിഞ്ഞാൽ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് നോട്ടിഫിക്കേഷൻ വരും. “
എനിക്കാ ചിരി അത്ര പിടിച്ചില്ല. അല്ലെങ്കിലേ ആകെ പണ്ടാരമടങ്ങി നിക്കുവാണ്.
“നിങ്ങക്ക് പെണ്ണ് കിട്ടിയോ….?
ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പാക്കി ഞാൻ പുള്ളിയോട് ചോദിച്ചു.
“ഇല്ല… ”
പുള്ളി അതിനും ചിരിക്കുവാണ്…
“നിങ്ങള് പെണ്ണ് കിട്ടാതെ മുടിഞ്ഞു പോവും തന്തേ…. “
ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് ഞാൻ തിരികെ ക്ലാസ്സിലേക്ക് നടന്നു.
“എന്തെ വീട്ടിലേക്കുള്ള വഴി മറന്നോ?
വാല് മുറിഞ്ഞു വരുന്ന എന്നെ കണ്ട് ആതിര പരിഹാസത്തോടെ ചോദിച്ചു വായ പൊത്തി ചിരിച്ചു.
“അല്ല റോഡിൽ നിന്റമ്മായി പെറ്റുകിടക്കുന്നു. ബ്ലോക്കാ… “
ഞാൻ കുനിഞ്ഞ് അവളുടെ കാതിൽ പറഞ്ഞു. അതിന് മറുപടിയായി അവൾ എന്നെ നോക്കി കൊഞ്ഞനം കുത്തി.
അവളോട് സംസാരിച്ചും മുടിയിൽ പിടിച്ചു വലിച്ചും നുള്ളിയും പിച്ചിയും എന്തൊക്കെയോ കാട്ടി കൂട്ടി വൈകുന്നേരമാക്കി അതിനിടയിൽ ഒരെക്‌സാമും കഴിഞ്ഞു. പഠിത്തം കുറഞ്ഞിട്ടും എനിക്ക് തന്നെ ആയിരുന്നു കൂടുതൽ മാർക്ക്. അത് കണ്ട് ആതിരയടക്കം തുടക്കക്കാര് പിള്ളേര് എന്നെ ആരാധനയോടെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.അതിനേക്കാൾ വല്യ തമാശ ഒന്ന് രണ്ട് പെൺകുട്ടികൾ വന്ന് എന്നോട് ഏത് ബുക്ക് വെച്ചാ പടിക്കുന്നെ എത്ര നേരം പഠിക്കും എന്നൊക്കെ ചോദിച്ചു. ഞാൻ ചിരിയടക്കിക്കൊണ്ട് അവരോട് സംസാരിക്കാൻ പെട്ട പാട് ! എങ്കിലും ഞാൻ താൽക്കാലികമായ ആ സൂപ്പർ താര പരിവേഷം നന്നായി ആസ്വദിച്ചു.
“നീ ആളൊരു സംഭവം തന്നെ അല്ലെ “
ആതിര എന്നോട് പുരികം ഉയർത്തിക്കൊണ്ട് ചോദിച്ചു.
“നീ ചുമ്മാ എനിക്കിട്ട് താങ്ങാതെ വരുന്നുണ്ടേൽ വാ “
ഞാൻ അവളുടെ തലക്ക് കിഴുക്കിക്കൊണ്ട് പറഞ്ഞതും അവൾ അനുസരണയോടെ വന്ന് ബൈക്കിൽ കയറി. സ്റ്റാൻഡിലെത്തുന്ന വരെ അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നെങ്കിലും ഞാൻ മനസ്സ് കൊണ്ട് അമ്മുവിന്റെ മടിയിൽ തല വെച്ച് കിടക്കുകയായിരുന്നോണ്ട് എനിക്ക് കൃത്യമായി ശ്രദ്ധിക്കാൻ പറ്റീല. എന്തായാലും ഇവളോട് എല്ലാം പറയണം. അഥവാ അവൾക്കെന്നോട് വല്ലതും ഉണ്ടെങ്കിൽ അത് വളം വെച്ച് കൊടുത്ത് അവസാനം അതും മറ്റൊരു പാപമായി തീരും