“ഇതാ മേമെ സാരി…..”
അവൾ അതും വാങ്ങി ഉള്ളിലേക്ക് പോയി.
“അത് സാരി മാത്രം ഒന്നും അല്ലല്ലോ..? വല്യമ്മ സംശയഭാവത്തിൽ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
“സാരി മാത്രേ ഒള്ളൂ. പിന്നേ കൊറച്ചു മുല്ലപ്പൂ വാങ്ങാനും പറഞ്ഞെന്നു മേമ.. ”
ഞാൻ പരുങ്ങലോടെ പറഞ്ഞു.
“അമ്മു കാര്യായിട്ടാണല്ലോ?
വല്യമ്മ അവളെ നോക്കി താടിക്ക് കൈ കൊടുത്ത്കൊണ്ട് പറഞ്ഞു.
അത് കേട്ടതും അമ്മു അന്തം വിട്ട് എന്നെ ഒന്ന് നോക്കി. പിന്നേ റൂമിലേക്ക് പോയി സാരിയുടെ കവർ മാത്രം മാത്രം തിരിച്ചു കൊണ്ടു വന്നു. ഇന്നേറെല്ലാം അവൾ എടുത്ത് മാറ്റി വെച്ചിട്ടുണ്ടെന്ന് അവളുടെ വരവിൽ എനിക്ക് മനസ്സിലായി.
അവൾ കവർ ഉമ്മറത്തു കൊണ്ടു വന്ന് തിണ്ടിൻമേൽ വെച്ചു. എന്നെ ഒന്ന് നോക്കി. ഞാൻ പൊട്ടിച്ചോളാൻ കണ്ണുകൾ കൊണ്ട് അനുവാദം നൽകി.
ഞാൻ ചുമരിൽ ചാരി നിന്ന് അത് കണ്ടു. ഇഷ്ടപ്പെട്ടവർക്ക് ഗിഫ്റ്റ് വാങ്ങി കൊടുത്ത് അവർ അത് പൊട്ടിക്കുന്നത് നോക്കി നിന്നിട്ടുണ്ടോ? വല്ലാത്ത ഒരു ഫീൽ ആണത്.അവൾ കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ കൗതുകത്തോടെ കവർ ഓരോന്നായി പൊട്ടിച്ചു. മറ്റുള്ളവർ ആരും അവിടെ ഇല്ലായിരുന്നേൽ എന്റെ കവിളിൽ സ്നേഹത്തോടെ ഒരു കടി തന്നേനെ പെണ്ണ്.അവൾ ബോക്സിൽ നിന്ന് ഡ്രസ്സ് എടുത്ത് മടക്ക് നിവർത്തി.
“അമ്മോ….. ഇത് ഉഷാറായി ”
വല്യമ്മ ആണത് പറഞ്ഞത്.
അമ്മു അവിശ്വസനീയതയോടെ സാരി വിടർത്തി ഇരുപുറവും നോക്കി. അവളുടെ കണ്ണിൽ വന്ന തിളക്കം ഞാൻ ശ്രദ്ധിച്ചെങ്കിലും പെട്ടന്നവൾ എന്നെ ഒന്നിരുത്തി നോക്കി. അപ്പോൾ അവളുടെ മുഖത്തെ ഭാവം എന്താണെന്ന് എനിക്ക് യാതൊരു പിടിയും കിട്ടിയില്ല.
ഇതിനെത്ര ആയി….?
കണ്ണിൽ പടർന്ന നനവ് മറ്റാരും കാണാതെ കൈ കൊണ്ട് തുടച്ചുകൊണ്ട് അവൾ എന്നോട് ചോദിച്ചു.
അതിനാകെ എണ്ണൂറ് രൂപ ആയുള്ളൂ..
ഞാൻ ചിരിച്ചു കൊണ്ട് ഉത്തരം നൽകി. എന്തോ പറയാനായി അവളുടെ ചുണ്ട് വിറച്ചെങ്കിലും ഒന്നും പറയാതെ അവൾ അതിൽ പ്രൈസ് ടാഗ് പരതി.
“എണ്ണൂറുപ്പ്യക്ക് ഇത് നല്ല കിട്ടലാട്ടോ, കണ്ണന് തുണി ഇട്ക്കാൻ അറിയാ “
വല്യമ്മ കൗതുകത്തോടെ ലെഹങ്ക തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് പറഞ്ഞു.
അമ്മു ഒന്നും മിണ്ടാതെ അതെടുത്തു മടക്കി വെച്ച് ഒന്നും മിണ്ടാതെ അകത്തേക്ക് പോയി.
ചോറുണ്ടപ്പോഴും അവൾ വിളമ്പി തന്നതല്ലാതെ ഒന്നും മിണ്ടിയില്ല.
“അച്ഛമ്മാ നാളെ നമ്മളെല്ലാരും ഒരുമിച്ചാണ് പോണത് !സെറ്റും മുണ്ടും ഒക്കെ തേച്ചു വെച്ചത് ഇല്ലേ?
ഞാൻ അച്ഛമ്മയോടായി പറഞ്ഞു. വല്യമ്മക്കും അത് വല്യ സന്തോഷം ആയി.
ആവൂ.. ബസിന് കേറി മറിയണ്ടല്ലോ !
വല്യമ്മ നെടുവീർപ്പോടെ പറഞ്ഞു.