സീരിയൽ നേരം ആയപ്പോൾ മുത്തശ്ശിയും എഴുനേറ്റു അകത്തേക്ക് കയറി . അതോടെ ഞാൻ പൂമുഖത്തു ഒറ്റക്കായി . കുറച്ചു നേരം ഇരുന്നു ബോറടിച്ചപ്പോൾ ഞാൻ പുറത്തോട്ടൊക്കെ ഒന്നിറങ്ങി . കൂട്ടിനു കുളികഴിഞ്ഞെത്തിയ മഞ്ജുസിന്റെ അച്ഛനും പോന്നു . ഞങ്ങൾ രണ്ടുപേരും കൂടി എന്റെ കാറിൽ പുള്ളിയുടെ സുഹൃത്തുക്കളുടെ സംഗമ സ്ഥലമായ അടുത്തുള്ള ക്ഷേത്ര മൈതാനത്തേക്ക് പോയി . മരുമകനെ സന്തോഷത്തോടെ പുള്ളി അവർക്കൊക്കെ പരിചയപ്പെടുത്തി .
അവിടം കുറച്ചു നേരം ചിലവഴിച്ചു ഞങ്ങൾ തിരിച്ചെത്തുമ്പോഴേക്കും മഞ്ജുസും അഞ്ജുവും എന്റെ അമ്മയും അവിടെ എത്തിയിട്ടുണ്ടായിരുന്നു . മഞ്ജുസിന്റെ പുതിയ കാർ വീട്ടു മുറ്റത്തു കിടക്കുന്നത് കണ്ടപ്പോഴേ അത് എനിക്ക് മനസിലായതാണ് .
ഞാനും മഞ്ജുസിന്റെ അച്ഛനും കൂടി കാറിൽ നിന്നും പുറത്തിറങ്ങി വീടിനകത്തേക്ക് ചെന്നു. മഞ്ജുസ് ഒഴികെ എല്ലാരും ഹാളിൽ ഇരുന്നു വിശേഷം പറയുകയും ടി.വി സീരിയൽ കാണുകയും അതിനിടയിൽ കൂടി ചായ കുടിക്കുവേം ഒക്കെ ചെയ്യുന്നുണ്ട് .
ഞങ്ങൾ അങ്ങോട്ടേക്ക് ചെന്നു , മഞ്ജുസിന്റെ അച്ഛനെ കണ്ടതും എന്റെ അമ്മയും അഞ്ജുവും ഒന്നെഴുനേറ്റു പുഞ്ചിരിച്ചു . അങ്ങേരു തിരിച്ചും !
“പിന്നെ എപ്പോ വന്നു ?”
“സുഖമല്ലേ മോളെ ?”
എന്നുള്ള ക്ളീഷേ ചോദ്യങ്ങൾ അഞ്ജുവിനോടും അമ്മയോടുമായി തിരക്കി ..അതിനുള്ള പതിവ് മറുപടികൾ !
അതിനു ശേഷം അഞ്ജു ഹാളിൽ നിന്നും പുറത്തേക്കിറങ്ങി പൂമുഖത്തേക്ക് നടന്നു , അവൾക്കൊപ്പം ഞാനും പുറത്തിറങ്ങി . ഹാളിൽ ആകെ കലപില സംസാരം ആണ് . മഞ്ജുസിന്റെ അച്ഛനും ആ സഭയിൽ പങ്കെടുക്കുന്നുണ്ട് .
“നിങ്ങൾ എപ്പോ എത്തിയെടി ?”
അഞ്ജുവിനൊപ്പം നടന്നു കൊണ്ട് ഞാൻ പയ്യെ തിരക്കി .
“ഒരു പത്ത് മിനുട്ട് ആയതേയുള്ളു ..നീ എപ്പോഴ എത്തിയത് ?”
അവളെന്നെ നോക്കി ഗൗരവത്തിൽ ചോദിച്ചു .
“ഞാൻ കുറച്ചായി.ഒറ്റക്കിരുന്നു ബോറടിച്ചു ഒരുവിധം ആയി , പിന്നെ അങ്ങേരുടെ കൂടെ പുറത്തൊക്കെ ഒന്ന് പോയി . കുറേ കിളവന്മാരുടെ കൂടെ അമ്പലപറമ്പിൽ ആയിരുന്നു ഇതുവരെ ”
ഞാൻ ശബ്ദം താഴ്ത്തി ചിരിയോടെ പറഞ്ഞു .
“മ്മ് …”
അവൾ മൂളികൊണ്ട് മഞ്ജുവിന്റെ വീട് ഒന്ന് അടിമുടി നോക്കി .കല്യാണത്തിന്റെ അന്ന് കണ്ടതിൽ പിന്നെ അഞ്ജുവും ആദ്യായിട്ടാണ് മഞ്ജുസിന്റെ വീട്ടിൽ എത്തുന്നത് . അങ്ങനെ നോക്കികൊണ്ട് ഞാനും അവളും ഉമ്മറത്തെ തിണ്ണയിലേക്കിരുന്നു .