പൂമുഖത്തെ വെളിച്ചതോടൊപ്പം അകത്തളങ്ങളിലും വെളിച്ചം പരന്നു. മഞ്ജുസിന്റെ അമ്മ ഹാളിലെ വെളിച്ചം തെളിയിച്ചുകൊണ്ട് ചായയും ഒരു പ്ളേറ്റിൽ ഉണ്ണിയപ്പവും ആയി പൂമുഖത്തേക്കെത്തി .
“വാ മോനെ …എന്താ അവിടെ നിക്കുന്നെ ”
മുറ്റത്തിറങ്ങി കാറ്റ് കൊള്ളുന്ന എന്നോടായി മഞ്ജുസിന്റെ അമ്മ വിളിച്ചു ചോദിച്ചു .
“ഏയ് ഒന്നുമില്ല..ചുമ്മാ ”
ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് തിരിച്ചു നടന്നു . ചെരിപ്പഴിച്ചിട്ടു കാലുകൾ ഒന്ന് കുടഞ്ഞു വീണ്ടും ഞാൻ ഉമ്മറത്തേക്ക് കയറി .
“ഇതെന്താ ഞങ്ങള് വരുന്നുണ്ടെന്നു അറിഞ്ഞപ്പോ ഉണ്ടാക്കിയതാണോ ? നല്ല ചൂട് ഉണ്ടല്ലോ ”
ഞാൻ സംശയത്തോടെ അമ്മയേം മുത്തശ്ശിയേയും നോക്കി ഉണ്ണിയപ്പം എടുത്തു കയ്യിൽ പിടിച്ചു .
“ആഹ്…മഞ്ജു മോൾക്ക് വല്യ ഇഷ്ടാ ..എപ്പോഴും ഉണ്ടാക്കാൻ പറയും ”
അമ്മ ചിരിയോടെ പറഞ്ഞു എന്നോട് കഴിക്കാൻ ആവശ്യപ്പെട്ടു .
ഞാൻ പിന്നെ ഒന്നും മിണ്ടാതെ അവിടെ ഇരുന്നു ചായയും ഒന്ന് രണ്ടു ഉണ്ണിയപ്പവും കഴിച്ചു . അങ്ങനെ ഞങ്ങൾ സംസാരിച്ചിരിക്കെയാണ് മഞ്ജുസിന്റെ അച്ഛന്റെ എൻട്രി വരുന്നത് . പുള്ളിയുടെ കാർ തുറന്നിട്ട ഗേറ്റിലൂടെ വരുന്നത് കണ്ടപ്പോഴേ അമ്മയും മുത്തശ്ശിയും ഇരിക്കുന്നിടത്തു നിന്നും എഴുനേറ്റു . ഒപ്പം ഞാനും ! സ്വല്പം ബഹുമാനം ഇട്ടതാണ് !
പതിയെ എന്റെ കാർ നിർത്തിയതിനു അടുത്തായി പുള്ളിയുടെ വാഹനവും വന്നു നിന്നു. പിന്നെ ഡ്രൈവിംഗ് സീറ്റിൽ നിന്നു അങ്ങേരു പുറത്തിറങ്ങി . ഒരു വെള്ള ഷർട്ടും വെള്ള കസവ് മുണ്ടും ആണ് വേഷം . ഇടം കയ്യിൽ ഒരു സ്വർണ നിറമുള്ള വാച്ചും കെട്ടിയിട്ടുണ്ട് . ഷർട്ടിന്റെ മുകളിലെ രണ്ടു ബട്ടൻസ് അഴിഞ്ഞാണ് കിടപ്പു ..അതിനിടയിലൂടെ അടിയിലിട്ട വെളുത്ത ഇന്നർ ബനിയനും സ്വർണ ചൈനും എല്ലാം വ്യക്തമാണ് .
ഞങ്ങളെ പൂമുഖത്തു കണ്ടതും പുള്ളിയുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു . മുണ്ടു മടക്കി കുത്തി , കാർ ലോക് ചെയ്തു അങ്ങേരു ഞങ്ങളുടെ നേരെ നടന്നടുത്തു .കാറിനുള്ളിൽ നിന്നു ഒരു കവറും പുള്ളി കയ്യിലെടുത്തു പിടിച്ചിരുന്നു .
“താനെപ്പോ വന്നെടോ?”
പൂമുഖത്തേക്കുള്ള സ്റ്റെപ് കയറവെ പുള്ളി എന്നോടായി പുഞ്ചിരിയോടെ ചോദിച്ചു .
“കുറച്ചു നേരം ആയി. അച്ഛാ ..”
ഞാൻ പയ്യെ പറഞ്ഞു .
“മ്മ് ”
പുള്ളിക്കാരൻ ഒന്ന് മൂളികൊണ്ട് ചെരിപ്പഴിഞ്ഞു ഉമ്മറത്തേക്ക് കയറി . പിന്നെ കയ്യിലുള്ള കവർ അമ്മയെ ഏൽപ്പിച്ചു .
“താൻ കുറച്ചു വെള്ളം തിളപ്പിക്ക്..എനിക്കൊന്നു കുളിക്കണം ., അവിടെ ചില്ലറ പണിയൊക്കെ ഉണ്ടായിരുന്നു , ആകെ വിയർത്തു ഒരു പരുവം ആയി ”
കവർ പുള്ളികാരിയെ ഏൽപ്പിച്ചു അമ്മായിയപ്പൻ ഗൗരവത്തിൽ പറഞ്ഞു . പിന്നെ എന്റെ നേരെ കൈനീട്ടി ഒരു ഷേക് ഹാൻഡും നൽകി, ഇരിക്കാൻ പറഞ്ഞു .