ഞാൻ സംശയം പോലെ അമ്മയെ നോക്കി .
“ആഹ്..മോന്റെ വീട്ടീന്ന് ഇറങ്ങിയെന്നു നേരത്തേ വിളിച്ചപ്പോ പറഞ്ഞു..എട്ടു എട്ടര ഒകെ ആവുമ്പൊ എത്തുമായിരിക്കും ”
പുള്ളിക്കാരി പതിയെ പറഞ്ഞു .
“മ്മ് ..”
ഞാൻ അമർത്തി മൂളി .
“ആഹ്..എന്ന ശോഭേ നീ പോയി മോന് കുടിക്കാൻ ചായയോ വെള്ളമോ എന്തേലും കൊടുക്ക് , അവൻ യാത്ര ചെയ്തു വന്നതല്ലേ..നിങ്ങളിങ്ങനെ സംസാരിച്ചു ഇരുന്ന മതിയോ ”
ഞങ്ങൾ മിണ്ടിയും പറഞ്ഞും ഇരിക്കുന്നത് കണ്ടു മുത്തശ്ശി ഇടയ്ക്കു കയറി പറഞ്ഞു .
“ശൊ..ഞാനതു മറന്നു ..ഇപ്പൊ കൊണ്ടുവരാം മോനെ ”
അബദ്ധം പറ്റിയ പോലെ തലക്ക് കൈകൊടുത്തുകൊണ്ട് മഞ്ജുസിന്റെ അമ്മ ചിരിച്ചു .
“അയ്യോ ..ഒന്നും വേണമെന്നില്ല അമ്മെ , കുടിക്കാനും കഴിക്കാനുമൊക്കെ ഇനീം സമയം ഉണ്ടല്ലോ ”
അവരുടെ നിരാശ കണ്ടു ഞാൻ കുഴപ്പമൊന്നുമില്ലെന്ന്ന ഭാവത്തിൽ ചിരിച്ചുകൊണ്ട് പറഞ്ഞു .
“ആഹ്….അതൊക്കെ ഉണ്ട്, എന്നാലും ഇപ്പൊ ഒരു ചായ ആവാം , മോൻ പോയിട്ട് ഒന്ന് മേലൊക്കെ കഴുകി വാ..നിങ്ങളുടെ റൂം ഞാൻ വൃത്തിയാക്കി ഇട്ടിട്ടുണ്ട് ”
അതും പറഞ്ഞു മഞ്ജുസിന്റെ അമ്മ എണീറ്റു . പിന്നെ തിരിഞ്ഞു നടന്നു . അടുക്കള ലക്ഷ്യമാക്കിയുള്ള പോക്കാണ് .
ആ നടത്തം നോക്കി ഞാനും മുത്തശ്ശിയും മുഖത്തോടു മുഖം നോക്കി . പിന്നെ മുത്തശ്ശിയുമായും കുറച്ചു നേരം മിണ്ടിപറഞ്ഞു ഇരുന്നു . പിന്നെ മുകളിലെ ഞങ്ങളുടെ മുറിയിലേക്ക് പോയി .മാറ്റിയുടുക്കാനുള്ള വസ്ത്രങ്ങളൊക്കെ റൂമിലെ അലമാരയിൽ തന്നെ ഉണ്ടായിരുന്നു . കല്യാണം കഴിഞ്ഞ സമയത്തു വീട്ടിൽ ഇടാൻ വാങ്ങിയ എന്റെ തന്നെ വസ്ത്രങ്ങളാണ് അതിൽ , കൂട്ടത്തിൽ മഞ്ജുസിന്റെ ഒരു ലോഡ് വേറെയും ഉണ്ട് !
എന്തായാലും ഒന്ന് ഫ്രഷ് ആയി മുണ്ടും ഷർട്ടും എടുത്തിട്ട് ഞാൻ തിരികെ ഉമ്മറത്തെത്തി . മഞ്ജുസിന്റെ മുത്തശ്ശി ആ സമയം ചാര് കസേരയിൽ കിടന്നു ഭാഗവതം വായിക്കുകയാണ് . ആള് ഇച്ചിരി കൂടിയ ഭക്തയാണ് !
പുള്ളിക്കാരി പിറുപിറുക്കുന്നത് നോക്കി ഞാൻ മുറ്റത്തേക്കിറങ്ങി . പൂഴിമണ്ണ് നിറഞ്ഞ മുറ്റത്തു പതിയെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ആ സായം സന്ധ്യ ആസ്വദിച്ചു .ഒപ്പം ഇരുട്ടും കൂടി കൂടി വന്നു .