“അതൊന്നും സാരല്യ കുട്ട്യേ ..വിരുന്നും കഴിഞ്ഞു പോയിട്ട് ഇപ്പഴാ നിന്നെ ഒന്ന് കാണണേ”
മുത്തശ്ശി എന്നെ അടിമുടി നോക്കി കവിളിൽ ആ ചുളിവ് വീണ കൈകൊണ്ട് തഴുകി വാത്സല്യത്തോടെ പറഞ്ഞു .
“അതിനെന്താ..ഇനി കാണാലോ..എന്തായാലും രണ്ടു ദിവസം ഇവിടെ നിന്നിട്ടേ പോവുന്നുള്ളു , മുത്തശ്ശി വന്നേ ”
ഞാനവരുടെ കൈപിടിച്ച് ചിരിയോടെ പറഞ്ഞു ഉമ്മറത്തേക്ക് തന്നെ കയറി . എന്നെ നോക്കി പുഞ്ചിരിച്ചു ഞങ്ങൾക്ക് പിറകെ നിന്നിരുന്ന മഞ്ജുസിന്റെ അമ്മയും ഒപ്പം കയറി .
“അച്ഛൻ ഇവിടില്ലേ അമ്മെ ?”
ഞാൻ മഞ്ജുസിന്റെ അച്ഛനെ അവിടെ കാണാത്തതുകൊണ്ട് സംശയത്തോടെ ഒന്ന് പിന്തിരിഞ്ഞു ചോദിച്ചു .
“ഇല്ല മോനെ , പുള്ളിക്കാരൻ വിശേഷം നടക്കുന്ന സ്ഥലത്തേക്ക് രാവിലെ പോയി . ഒരു മേൽനോട്ടത്തിന് അവിടെ വേണമല്ലോ ..കുറച്ചു കഴിഞ്ഞ തിരിച്ചെത്തും ”
അമ്മായിയമ്മ പതിയെ പറഞ്ഞു ചിരിച്ചു .
“മ്മ്..ശരിയാ…”
ഞാൻ പയ്യെ പറഞ്ഞു .
പൂമുഖത്തേക്ക് കയറിച്ചെന്ന ഞാൻ ഒരു കസേരയിലേക്കിരുന്നു . എന്റെ നേരെ മുൻപിലുള്ള തിണ്ണയിലേക്കായി അമ്മയും മുത്തശ്ശിയും പുറകെ വന്നിരുന്നു .
“പിന്നെ എന്തൊക്കെ ഉണ്ട് മോനെ , മഞ്ജു ആയിട്ടു പ്രെശ്നം ഒന്നും ഇല്ലല്ലോ അല്ലെ ?”
അമ്മായിയമ്മ സ്വല്പം സംശയം ഉള്ളിൽ വെച്ചെന്നെ പോലെ എന്നോടായി ചോദിച്ചു .
“ഏയ് ..ഞങ്ങള് നല്ല കൂട്ടാണ് , അല്ലെ മുത്തശ്ശി ..”
ഞാൻ ചിരിയോടെ മുത്തശ്ശിയെ നോക്കി .
“ആഹ് ആഹ് ..അങ്ങനെ ആയാൽ രണ്ടാൾക്കും കൊള്ളാം”
മുത്തശ്ശി ചിരിയോടെ പറഞ്ഞു .
“മ്മ് ..പിന്നെ നിങ്ങളൊന്നും അവിടേക്ക് പോയില്ലേ ? ”
കല്യാണ നിശ്ചയം നടക്കുന്ന വീട് ഉദ്ദേശിച്ചു ഞാൻ ചോദിച്ചു .
“ഏയ്..ഇന്നിപ്പോ പോയിട്ടെന്താ , നാളെ നേരത്തേ പോകാമെന്നു വെച്ചു . പിന്നെ മഞ്ജുന്റെ അച്ഛൻ ഉണ്ടല്ലോ അവിടെ ”
അമ്മ സ്വല്പം ഗൗരവത്തിൽ പറഞ്ഞു .
“മ്മ്മ് ..പിന്നെ മഞ്ജു വിളിച്ചോ ? വീട്ടീന്ന് ഇറങ്ങിയോ ആവോ “