“ആഹ് വാ വാ ..എന്താ വൈകിയേ ?”
വല്ലാതെ വൈകിയിട്ടൊന്നും ഇല്ലെങ്കിലും പതിവ് ക്ളീഷേ ചോദ്യവുമായി അവർ ഞങ്ങളെ സ്വീകരിച്ചു .അതിനു മറുപടി ഒന്നും പറയാതെ പുഞ്ചിരിച്ചു കാണിച്ചു ഞാൻ രണ്ടു പേർക്കും ഹസ്തദാനം നൽകി .
അപ്പോഴേക്കും മഞ്ജുസിന്റെ കണ്ടുകൊണ്ടെത്തിയ അവളുടെ ബന്ധുക്കളായ പെൺപിള്ളേർ ഞങ്ങൾ നിൽക്കുന്നിടത്തേക്ക് ഓടിക്കൂടി..
“ഹായ് മഞ്ജുവേച്ചി , എടി മഞ്ജു …മഞ്ജു ചേച്ചി…”
എന്നൊക്കെ വിളിച്ചു നാലഞ്ച് പേര് ക്ഷണ നേരം കൊണ്ട് ഞങ്ങൾക്ക് ചുറ്റും കൂടി, അതോടെ ഞാനും മഞ്ജുസും അവിടെ നിന്നും സ്വല്പം മാറി പന്തലിനു അകത്തേക്ക് കടന്നു .മുൻപൊരിക്കൽ ഞാനും ശ്യാമും കൂടി മഞ്ജുസിന്റെ വീട്ടിൽ പോയപ്പോൾ പരിചയപ്പെട്ട അശ്വതി എന്ന മഞ്ജുസിന്റെ കസിനും ആ കൂട്ടത്തിൽ ഉണ്ട് .
“ഹായ്….”
വിടർന്ന ചിരിയോടെ അവരുടെയൊക്കെ പേരുകൾ വിളിച്ചു മഞ്ജുസ് അവരെയൊക്കെ ഹഗ് ചെയ്തു . ഞാൻ അവറ്റകളെ നോക്കി പുഞ്ചിരിച്ചു കാണിച്ചു .പിന്നെ ഓരോരുത്തരെയായി പരിചയപ്പെട്ടു ഷേക് ഹാൻഡ് നൽകി .
“ആഹാ..രണ്ടാളും മാച്ചിങ് ആയിട്ടൊക്കെ ആണല്ലോ വന്നിരിക്കുന്നെ ”
മഞ്ജുസിന്റെ സെയിം ടു സെയിം വർക്ക് ഔട്ട് ആയെന്ന പോലെ ഒന്ന് രണ്ടുപേർ ഞങ്ങളെ അടിമുടി നോക്കി ചോദിച്ചതും മഞ്ജുസിന്റെ മുഖം വിടർന്നു ! ഈ കമ്മന്റ്സ് പിന്നെ ആ വീട്ടിൽ പലരും പറഞ്ഞെന്നത് വേറെ കാര്യം !
“കല്യാണത്തിന്റെ അന്ന് കണ്ടതാട്ടോ ..പിന്നെ കാണാൻ പറ്റിയില്ല.. സുഖം അല്ലെ ഏട്ടാ ?”
കൂട്ടത്തിൽ ഒരാൾ എന്നോടായി ചോദിച്ചപ്പോൾ ഞാൻ പുഞ്ചിരിയോടെ തലയാട്ടി . പിന്നെ മഞ്ജുസിന്റെ ഓർഡർ പ്രകാരം അവരോടു കൂൾ ആയി ഇടപഴകി വിശേഷങ്ങളൊക്കെ ചോദിച്ചു .
“ചേട്ടനെ ഇപ്പൊ കണ്ടാ മഞ്ജു ചേച്ചിയുടെ അനിയൻ ആണെന്നെ പറയൂ ..”
കൂട്ടത്തിലൊരു പെണ്ണ് എന്നെ നോക്കി മഞ്ജുവിനോടായി പറഞ്ഞു .നല്ല കുട്ടപ്പനായി ക്ളീൻ ഷേവിൽ എത്തിയതുകൊണ്ടായിരിക്കാം അങ്ങനെ തോന്നിയത് .അതോ ഇനി ഞങ്ങളുടെ പ്രായം അറിയാവുന്നതുകൊണ്ട് മഞ്ജുവിന് ഇട്ടു നൈസ് ആയി താങ്ങിയതോ എന്തോ !
“ഓഹോ ..”
ആ പറഞ്ഞവളെ നോക്കി മഞ്ജു ഒഴുക്കൻ മട്ടിൽ മൂളി . പിന്നെ സ്വല്പം ഗമയിൽ നിൽക്കുന്ന എന്നെ അടിമുടി ഒന്ന് നോക്കി മുഖം വെട്ടിച്ചു . എന്നെ ആരെങ്കിലും പൊക്കി പറഞ്ഞാൽ മഞ്ജുസിനു കുശുമ്പ് ആണ് !
അപ്പോഴേക്കും ആളുകളുടെ എണ്ണം കൂടി , ഞങ്ങളെ കണ്ടുകൊണ്ട് വന്ന മഞ്ജുവിന്റെ ബന്ധുക്കളും സ്വന്തക്കാരുമൊക്കെ ചുറ്റും കൂടി . അവരോടൊക്കെ ആവും വിധം ഞാൻ സംസാരിച്ചും വിശേഷങ്ങൾ പരസപരം ചോദിച്ചറിഞ്ഞും റിലേഷൻ മനസിലാക്കിയുമൊക്കെ നിന്നു.