ഞാൻ വാച്ചെടുത്തു കെട്ടികൊണ്ടിരിക്കെ മൂളി , അവളോടൊപ്പം പുറത്തേക്കിറങ്ങി . ഉള്ള പെർഫ്യൂമും ലോഷനും ഒക്കെ പൂശി ഒരു വല്ലാത്ത സ്മെല് ആണ് അവൾക്കു ! ഒപ്പം നടക്കുമ്പോൾ അത് ശരിക്കു കിട്ടുന്നുണ്ട് .
“പിന്നെ അവിടെ ചെന്ന കുന്തം വിഴുങ്ങിയ പോലെ നിൽക്കാതെ എല്ലാവരോടും ഒന്ന് ചിരിച്ചു സംസാരിച്ചു നിന്നോണം ..മാര്യേജ് കഴിഞ്ഞതിൽ പിന്നെ എന്റെ റിലേറ്റീവ്സ് ഒന്നും നിന്നെ കണ്ടിട്ടില്ല. സോ , എന്റെ അടുത്ത് കാണിക്കുന്ന ഈ വൃത്തികെട്ട സ്വഭാവം അവിടെ കാണിക്കാൻ നിക്കണ്ട ”
ഗോവണി ഇറങ്ങവേ ഒരു കൈകൊണ്ട് എന്റെ കയ്യിൽ കോർത്തുപിടിച്ചു അവൾ ഗൗരവത്തിൽ പറഞ്ഞു .
“മ്മ്…നോക്കാം ..”
ഞാൻ അവളുടെ കൈത്തലം അമർത്തി പയ്യെ പറഞ്ഞു .
“നോക്കിയാൽ പോരാ ..നിന്നെ പറ്റി ആരേലും കംപ്ലയിന്റ് പറയട്ടെ അപ്പൊ കാണിച്ചു തരാം..”
മഞ്ജുസ് ഒരു ഭീഷണിപോലെ പറഞ്ഞു എന്നെനോക്കി കണ്ണുരുട്ടി.
“ഓ പിന്നെ..എനിക്കിപ്പോ അങ്ങനെ സൽപ്പേര് വേണ്ട…”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവളുടെ കയ്യിലെ പിടിവിട്ടു നേരെ നടന്നു . മഞ്ജുസ് എന്റെ പിന്നാലെ ഓടിത്തുള്ളി വന്നു . പിന്നെ അവളുടെ പുതിയ കാറിന്റ കീ പേഴ്സിൽ നിന്നെടുത്തു എന്റെ കയ്യിൽ തന്നു .
ഞാനതും കയ്യിൽ പിടിച്ചു മുറ്റത്തേക്കിറങ്ങി . പിന്നാലെ വീട് പൂട്ടി , സ്റ്റെപ്പിൽ കിടന്ന സ്വല്പം ഹീലുള്ള ചെരിപ്പെടുത്തിട്ട് അവളും ഇറങ്ങി . കാറിനുള്ളിൽ കയറിയിരുന്നതും മഞ്ജു പേഴ്സ് തുറന്നു ലിപ്സ്റ്റിക് എടുത്തു ചുണ്ടിൽ ഒന്നുടെ തേച്ചു, പിന്നെ കണ്ണാടിയിൽ അതുനോക്കി ചന്തം വിലയിരുത്തി.
“മ്മ് വേഗം വിട്ടോ..നേരം പോയി ..”
ലിപ്സ്റ്റിക് തിരിച്ചു പേഴ്സിലിട്ടു ഇടതു കയ്യിൽ കെട്ടിയ വാച്ചിൽ നോക്കി മഞ്ജു ഗൗരവത്തിൽ പറഞ്ഞു .ഞാൻ ഒന്നമർത്തി മൂളി കാര് സ്റ്റാർട്ട് ചെയ്തു മുൻപോട്ടെടുത്തു .സാമാന്യം നല്ല സ്പീഡിൽ തന്നെ പറപ്പിച്ചതുകൊണ്ട് മുക്കാൽ മണിക്കൂറിനകം ഞങ്ങൾ ലക്ഷ്യ സ്ഥാനത്തെത്തി .
സാമാന്യം ഗംഭീരമായ ഒരു വീട് . അതിന്റെ മുൻവശവും പന്തലും എല്ലാം ഇവൻറ് മാനേജ്മന്റ് ടീം അസ്സലായി അലങ്കരിച്ചു നല്ല സെറ്റപ്പ് ആക്കിയിട്ടുണ്ട് . മഞ്ജുസിന്റെ ബന്ധുക്കളും സ്വന്തക്കാരുമൊക്കെ ആയി അപ്പോഴേ സാമാന്യം ആളുകൾ അവിടെ നിറഞ്ഞിരുന്നു .
വീടിനോടു ചേർന്ന് ഒഴിഞ്ഞുള്ള ഒരു പറമ്പിലേക്ക് വണ്ടി കയറ്റിയിട്ടു ഞങ്ങൾ പുറത്തിറങ്ങി . സാരി ഒന്ന് ശരിയാക്കി ഇട്ടു മഞ്ജുസ് എന്നെ തൊട്ടുരുമ്മി കൂടെ നടന്നു . അവളുടെ ബന്ധുക്കളെന്നു തോന്നിയവരിൽ ചിലർ ഞങ്ങളുടെ വരവ് കണ്ടു സ്നേഹപൂർവ്വം ചിരിച്ചു ഭാവിച്ചു .ഞങ്ങളുടെ സെയിം കളർ ഡ്രസ്സ് പാറ്റേൺ കണ്ടു വേറെ ചിലരും ശ്രദ്ധിക്കുന്നുണ്ട്.
മഞ്ജുസിന്റെ അച്ഛൻ വീടിനു മുൻപിൽ ഇവൻറ് മാനേജ്മന്റ് ടീം ഒരുക്കിയ ആർച്ച് പോലുള്ള കവാടത്തിനു മുൻപിൽ ബന്ധുക്കളോടൊപ്പം നിൽപ്പുണ്ടായിരുന്നു . പുള്ളിയും മഞ്ജുസിന്റെ കസിന്റെ അച്ഛനും ചേർന്ന് ഞങ്ങളെ വരവേറ്റു .