തലേ ദിവസം മഞ്ജുസിന്റെ ഒറ്റപ്പാലത്തുള്ള വീട്ടിൽ തങ്ങി പിറ്റേന്ന് രാവിലെ പാലക്കാട്ടേക്ക് തിരിക്കാമെന്ന പ്ലാനിൽ ആണ് എല്ലാവരും . തലേന്ന് തന്നെ പോണം എന്നൊക്കെ മഞ്ജുസ് പറഞ്ഞിരുന്നെങ്കിലും ജോലി തിരക്ക് കാരണം അത് വേണ്ടെന്നു വെച്ചു .
എന്തായാലും വൈകീട്ട് നേരത്തെ ഇറങ്ങാമെന്നുള്ള ധാരണയിൽ ഞാൻ കാറും എടുത്തു ഓഫീസിലേക്ക് പോയി . പുതിയ ബിസിനെസ്സ് ഡീലുമായി വന്ന ഒരു ടീമിനോട് മീറ്റിങ് ഉണ്ടായിരുന്നതുകൊണ്ട് സ്വല്പം തിടുക്കത്തിൽ ആണ് ഇറങ്ങിയത് . എല്ലാം കഴിഞ്ഞു വൈകീട്ട് നാലുമണിയോടെ ഞാൻ ഒറ്റപ്പാലം ലക്ഷ്യമാക്കി കോയമ്പത്തൂര് നിന്നും തിരിച്ചു .
മഞ്ജുസ് ഇല്ലാതെ ഒറ്റയ്ക്ക് ഞാൻ ആദ്യമായാണ് അവളുടെ വീട്ടിൽ കയറിച്ചെല്ലാൻ പോകുന്നത് . കുറച്ചു കഴിഞ്ഞാൽ കക്ഷി എത്തുമെങ്കിലും എനിക്കെന്തോ ആ സമയം ഒരു ജാള്യത തോന്നി . എന്തായാലും വരുന്നത് വരട്ടെയെന്നുവെച്ചു ഞാനിറങ്ങി . എവിടെയും നിർത്താതെ കത്തിച്ചു വിട്ടതുകൊണ്ട് രണ്ടു മണിക്കൂർ മാത്രമേ സമയം എടുത്തുള്ളൂ . ട്രാഫിക്കും കാര്യമായി ഉണ്ടായിരുന്നില്ല. പാലക്കാട് എത്താറായപ്പോഴാണ് റോഡിൽ ഒന്ന് തിരക്കായത് .
എന്തായാലും വൈകീട്ട് ആറര മണിയോടടുപ്പിച്ചു ഞാൻ മഞ്ജുവിന്റെ കൊട്ടാരം പോലത്തെ വീട്ടിലെത്തി . ഞാൻ വരുന്നത് മഞ്ജുസ് നേരത്തെ വിളിച്ചു പറഞ്ഞിരുന്നു എന്നെനിക് തോന്നി . കാരണം ഞാൻ കയറിച്ചെല്ലുന്ന നേരത്തു എന്നെ പ്രതീക്ഷിച്ചെന്ന പോലെ മഞ്ജുസിന്റെ അമ്മയും മുത്തശ്ശിയും പൂമുഖത്ത് ഇരുപ്പുറപ്പിച്ചിരുന്നു .
വീടിനു ചേർന്നുള്ള തറവാട്ട് ക്ഷേത്രത്തിലെ കൽവിളക്കിലും പൂമുഖത്തെ തൂക്കു വിളക്കിലും സന്ധ്യ ദീപം തെളിയിച്ചു കഴിഞ്ഞ നേരത്താണ് ഞാൻ കയറി ചെല്ലുന്നത് . ഞാൻ വീട്ടു മുറ്റത്തേക്ക് വണ്ടി കയറ്റി നിർത്തിയതും പൂമുഖത്തെ കസേരയിൽ ഇരുന്നിരുന്ന മഞ്ജുസിന്റെ അമ്മയും മുത്തശ്ശിയും എഴുനേറ്റു .
ഞാൻ ഒരു ദീർഘ ശ്വാസം എടുത്തു ഡോർ തുറന്നിറങ്ങി . അപ്പോഴേക്കും മഞ്ജുവിന്റെ അമ്മയും മുത്തശ്ശിയും ഉമ്മറത്തെ ചവിട്ടുപടികൾ ഇറങ്ങി എന്റെ അടുത്തെത്തിയിരുന്നു ..
“ആഹ്..വാ വാ , മോൻ ഇത്ര പെട്ടെന്നിങ്ങു എത്തിയോ ?”
മഞ്ജുസിന്റെ അമ്മ എന്നോടായി തിരക്കി .
“ആഹ്..കുറച്ചു നേരത്തെ ഇറങ്ങി അമ്മെ …അയ്യോ മുത്തശ്ശി എന്തിനാ ഇറങ്ങി വന്നേ , അവിടെ ഇരുന്ന മതിയാരുന്നല്ലോ ..ഞാനങ്ങോട്ടു തന്നല്ലേ വരുന്നേ ”
എന്റെ അടുത്തേക്കായി ആയാസപ്പെട്ട് നിറഞ്ഞ ചിരിയോടെ എത്തിയ മുത്തശ്ശിയെ ഒരുകൈകൊണ്ട് ചേർത്തു പിടിച്ചു ഞാൻ ചോദിച്ചു .