“മ്മ്…അല്ലേലും വീട്ടിൽ അതിന്റെ ആവശ്യം ഒന്നുമില്ല..”
അമ്മ മഞ്ജുസിനെ പിന്താങ്ങി…
“ആഹ്..അതും നേരാ ..”
മുത്തശ്ശി തലയാട്ടി..
“ഞങ്ങൾക്ക് ആർക്കും അലോഹ്യം ഒന്നും ഇല്യാട്ടോ ..അങ്ങനെ ഒന്നും മോള് മനസ്സിൽ വിചാരിക്കരുത്..”
മുത്തശ്ശി മഞ്ജുസിന്റെ കൈത്തലം എടുത്തു പിടിച്ചുകൊണ്ട് പറഞ്ഞു..
മഞ്ജുസ് അതിനു പുഞ്ചിരിക്കുക മാത്രം ചെയ്തു..
“കണ്ണൻ പറഞ്ഞപ്പോ ആദ്യം എനിക്ക് ഇഷ്ടം ഒന്നും ഇണ്ടായിരുന്നില്ല..പിന്നെ മോളെ കണ്ടപ്പോ ശരിക്കും മുത്തശ്ശിക്ക് ഇഷ്ടായി..”
മുത്തശ്ശി സന്തോഷത്തോടെ പറഞ്ഞു മഞ്ജുസിനെ കെട്ടിപിടിച്ചു…
മഞ്ജു ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ട് ഇരുന്നു .
“എന്താ ഇയാൾ ഒന്നും മിണ്ടാത്തത് ?”
കുഞ്ഞാന്റി മഞ്ജുസിന്റെ അടുത്ത സംശയത്തോടെ തിരക്കി..
“ഏയ് ഒന്നുമില്ല…”
മഞ്ജുസ് പതിയെ പറഞ്ഞു..
“ഹ്..അതിനിവിടെ പരിചയം ആയി വരണല്ലേ ഉള്ളു ..ശരിയായിക്കോളും”
അമ്മ മഞ്ജുസിനു പിന്തുണ നൽകി..
പിന്നെ കുറച്ചു നേരത്തെ കുശലം കൂടി.മാമന്മാരൊക്കെ രാത്രി തന്നെ സ്ഥലം കാലിയാക്കുമെന്നു പറഞ്ഞു. കുഞ്ഞാന്റിയും വീണയും എല്ലാം സ്കൂട്ട് ആവും .അവര് പോകുവാണെന്നു പറഞ്ഞപ്പോൾ അഞ്ജു എന്നെ മുകളിൽ വന്നു വിളിച്ചു ..
ഞാൻ താഴേക്കിറങ്ങി വന്നതും അവരൊക്കെ യാത്ര പറഞ്ഞു ഇറങ്ങാൻ തുടങ്ങി ..
“അപ്പൊ കണ്ണാ ..വല്യമ്മാമ രണ്ടു ദിവസം കഴിഞ്ഞിട്ട് വരാം..പിന്നെ വിരുന്നിനു രണ്ടാളും കൂടി അങ്ങോട്ട് വന്നോണം കേട്ടല്ലോ..”
ഇറങ്ങാൻ നേരം കൃഷ്ണൻ മാമ എന്നെയും മഞ്ജുസിനെയും നോക്കികൊണ്ട് പറഞ്ഞു . ഞങ്ങൾ ചിരിയോടെ തലയാട്ടി ..പിന്നെ ഓരോരുത്തരായി വന്നു യാത്ര പറഞ്ഞു..
“എന്ന വരട്ടെ മോളെ…”മുത്തശ്ശി മഞ്ജുസിന്റെ കൈപിടിച്ച് കൊണ്ട് പറഞ്ഞു ..
അവൾ ചിരിയോടെ തലയാട്ടി..എല്ലാവരെയും സ്വല്പം പരിചയക്കുറവുള്ളതുകൊണ്ട് മഞ്ജുസിനു ചെറിയ വിമ്മിഷ്ടം ഉണ്ടായിരുന്നു .
കുഞ്ഞാന്റിയും വീണയുമെല്ലാം വന്നു ഞങ്ങളോട് യാത്ര പറഞ്ഞു .പിന്നെ അധികം വൈകാതെ മടങ്ങി . അവർക്കു പോകാനായി ഒരു ചെറിയ ട്രാവലർ അറേഞ്ച് ചെയ്തിട്ടുണ്ടായിരുന്നു . അതിലായിരുന്നു മടക്കം !
എല്ലാവരെയും യാത്രയാക്കി ഞങ്ങൾ ഞങ്ങയുടേതായ ലോകത്തേക്ക് മടങ്ങി . മഞ്ജുസിന്റെ കൈ കോർത്ത് പിടിച്ചു ഞാനും അവളും കോണിപ്പടികൾ കയറി എന്റെ മുറിയിലേക്ക് കടന്നു .