ശ്രീഹരി പെട്ടെന്ന് തന്നെ അവിടെ നിന്നും ശ്രദ്ധ മാറ്റി.
ചൂട് പിടിച്ചു കഴിഞ്ഞപ്പോഴേക്കും ജീനക്കും വേദനയിൽ നിന്നും തെല്ലൊരു ആശ്വാസം കിട്ടി.
“നമുക്ക് ഇനി ചോറ് കഴിച്ചാലോ, നിനക്ക് വിശക്കുന്നില്ലേ?”
ഷർട്ട് പിടിച്ച് നേരെ ഇട്ടുകൊണ്ട് അവൾ പറഞ്ഞു.
“മ്മ്… വിശക്കുന്നുണ്ട്.. കഴിക്കാം.”
ശ്രീഹരി വെള്ളവും പാത്രവും കൈയിൽ എടുത്തുകൊണ്ടു പറഞ്ഞു.
“നീ ഇവിടെ തന്നെ ഇരിക്ക്.. ഞാൻ ചോറ് ഇട്ടുകൊണ്ട് വരാം.”
ഈ പ്രാവിശ്യം അവന്റെ വാക്കുകൾ ജീന അനുസരിച്ചു. അവന്റെ കൂടെ അടുക്കളയിലേക്ക് അവൾ പോയില്ല.
കുറച്ച് സമയം കഴിഞ്ഞപ്പോൾ ശ്രീഹരി ഒരു പാത്രത്തിൽ ചോറുമായി അവളുടെ അടുത്തേക്ക് വന്നു.
അത് കണ്ട് അവൾ ചോദിച്ചു.
“ഇതെന്താ ഒരു പാത്രം.. ഇച്ചായൻ കഴിക്കുന്നില്ലേ?”
“നമുക്ക് രണ്ടുപേർക്കും ഒരു പാത്രത്തിൽ നിന്നും കഴിക്കാം. ഞാൻ നിനക്ക് വാരി തരാം.. കൈ അനക്കണ്ട നീ.”
ജീനക്കും അത് കേട്ടപ്പോൾ സന്തോഷം ആയി. അവളുടെ ‘അമ്മ മാത്രമായിരുന്നു അവൾക്ക് ഭക്ഷണം വാരി കൊടുത്തിട്ടുള്ളത്.
ശ്രീഹരിയുടെ കൈയിൽ നിന്നും അവൾ ഓരോ ഉരുള ചോറും സന്തോഷത്തോടെ വായിലേക്ക് സ്വീകരിച്ചു. അവനും അതോടൊപ്പം കഴിച്ചു.
“ഇച്ചായൻ വാരി തരുന്നത് കൊണ്ടാണെന്നു തോന്നുന്നു, ഇന്ന് ഒരു പ്രത്യേക ടേസ്റ്റ് ഉണ്ട് കഴിക്കാൻ.”
അവൻ ഒരു ചിരിയോടെ ചോദിച്ചു.
“എങ്കിൽ ഞാൻ എന്നും വാരി തരട്ടെ.”
അവളും ഒരു ചിരിയോടെ മറുപടി നൽകി.
“എനിക്ക് സമ്മതം..”
“അയ്യടി കൊച്ചു കൊച്ചല്ലേ എന്നും വാരി തരാൻ, വയസു ഇരുപത്തഞ്ചായെന്ന് വല്ല വിചാരവും ഉണ്ടോ?”
“എനിക്ക് ഇരുപത്തഞ്ചു വയസ്സായെന്ന് ഇച്ചായന് വല്ല വിചാരവും ഉണ്ടോ?”
അവൻ മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു.
“അതെന്താ നീ അങ്ങനെ പറഞ്ഞത്?”
അവൾ ഒരു കള്ള ചിരിയോടെ പറഞ്ഞു.
“ചൂട് പിടിക്കുമ്പോൾ ഇച്ചായന്റെ നോട്ടം എവിടെക്കായിരുന്നെന്നു ഞാൻ കണ്ടു, ഞാൻ ഒരു ഇരുപത്തഞ്ചു വയസായ പെണ്ണാണെന്ന് വല്ല വിചാരവും ഉണ്ടായിരുന്നെങ്കിൽ എന്റെ അവിടേക്കൊക്കെ നോക്കുമായിരുന്നോ.”
ശ്രീഹരിയുടെ മുഖത്ത് പെട്ടെന്ന് ജാള്യത കൊണ്ട് നിറഞ്ഞു. പെട്ടെന്ന് എന്ത് പറയണമെന്ന് അവനു അറിയില്ലായിരുന്നു.
അവളുടെ മുന്നിൽ നിന്നും രക്ഷപെടാനായി അവൻ പറഞ്ഞു.
“ഞാൻ പോയി പാത്രം കഴുകി വച്ചിട്ട് വരാം.”
അവളുടെ മറുപടിക്ക് പോലും കാക്കാതെ അവൻ വേഗം അടുക്കളയിലേക്ക് നടന്നു.