ശ്രീഹരിയും ഒരു ചിരിയോടെ ഫോൺ എടുത്തു കുത്തി തുടങ്ങിയപ്പോഴാണ് രാജുവിന്റെ ശബ്‌ദം അവന്റെ കാതുകളിൽ മുഴങ്ങിയത്.
“സർ.. മാഡം…”
രാജു പെട്ടെന്ന് ഡോർ തുറന്നു പുറത്തേക്കിറങ്ങി. ശ്രീഹരി പിന്നിലേക്ക് തിരിഞ്ഞു ജീനയെ നോക്കി.
മുഖം കർച്ചീഫ് കൊണ്ട് മറച്ച ഏതോ ഒരുത്തൻ ജീനയുടെ കഴുത്തിലെ മാലയിൽ പിടിച്ചു വലിക്കുന്നു.. ജീന അവന്റെ കൈയിൽ മുറുകെ പിടിച്ച് ബഹളം വയ്ക്കുകയാണ്.
ശ്രീഹരിയും പെട്ടെന്ന് കാറിൽ നിന്നും ഇറങ്ങി ജീനയുടെ അടുത്തേക്ക് ഓടി. രാജുവും ശ്രീഹരിയും പാഞ്ഞു വരുന്നത് കണ്ട് അവൻ ജീനയുടെ മാലയിൽ നിന്നും പിടി വിട്ടു ബലമായി അവളെ ദൂരേക്ക് തള്ളിയിട്ടു.. ആ സമയം തന്നെ ഒരു ബൈക്ക് വന്ന് അവന്റെ അടുത്ത് നിൽക്കുകയും അവൻ അതിന്റെ പിന്നിൽ കയറി പോവുകയും ചെയ്തു. ഇതെല്ലം നിമിഷ നേരം കൊണ്ടാണ് നടന്നത്.
ശ്രീഹരി ഓടിച്ചെന്ന് അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു. മാല പോയിട്ടില്ല, കഴുത്തിൽ തന്നെ കിടപ്പുണ്ട്. പക്ഷെ കഴുത്തിൽ മൊത്തം മാലയും അവന്റെ കൈയും മുറുകിയതിന്റെ ചുവന്ന പാടുകൾ. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയാണ്.
ആൾക്കാർ അവിടെ കൂടി തുടങ്ങി. ശ്രീഹരി അവരോടൊന്നും സംസാരിക്കാൻ നിൽക്കാതെ ജീനയെ പിടിച്ച് കൊണ്ട് പോയി കാറിൽ കയറ്റി. രാജുവും തറയിൽ കിടന്നിരുന്ന ശ്രീഹരിയുടെ പഴ്സ് എടുത്തുകൊണ്ടു കാറിൽ കാറിൽ കയറി.
“രാജു.. അടുത്തുള്ള ഏതെങ്കിലും ഹോസ്പിറ്റലിലേക്ക് പോകാം.”
കഴുത്തു തടവി കൊണ്ട് ജീന പറഞ്ഞു.
“എനിക്ക് കുഴപ്പമൊന്നും ഇല്ല ഇച്ചായാ.. നമുക്ക് വീട്ടിലേക്ക് പോകാം.”
“ജീന പറയുന്നത് കേൾക്ക്.. കഴുത്തൊക്കെ ചുവന്ന കിടക്കയാണ്. നമുക്ക് ഹോപിറ്റലിൽ പോകാം.”
ജീന വലതു കൈ അനക്കി നോക്കി കൊണ്ട് പറഞ്ഞു.
“കഴുത്തിനൊന്നും കുഴപ്പമില്ല.. കൈ അനക്കുമ്പോൾ തോളിനു ചെറിയൊരു വേദന ഉണ്ട്. അത് അവനുമായി പിടിവലി കൂടിയതിന്റെയാകും.”
ശ്രീഹരി അവളുടെ കൈ പിടിച്ച് അനക്കികൊണ്ടു ചോദിച്ചു.
“നല്ല വേദന ഉണ്ടോ?”
“ഇല്ല ഇച്ചായാ.. ചെറിയ വേദനയെ ഉള്ളു.. നമുക്ക് വീട്ടിലേക്ക് പോയാൽ മതി.”
“രാത്രി വല്ലോം കൈ വേദനിക്കുന്നു എന്നും പറഞ്ഞു വന്നാൽ എന്തെന്ന് നല്ലതു കിട്ടും നിനക്ക്.”
ജീന മുഖത്ത് ഒരു ചിരി വരുത്തി കൊണ്ട് പറഞ്ഞു.
“എനിക്ക് കുഴപ്പം ഒന്നും ഇല്ലെന്നേ.. ”
എന്നിട്ടവൾ രാജുവിനോടായി പറഞ്ഞു.
“ചേട്ടാ.. കാർ വീട്ടിലോട്ടു വിട്ടോ.”
രാജു ശ്രീഹരിയുടെ മുഖത്തേക്ക് നോക്കി. അവൻ വീട്ടിലേക്ക് പോകാം എന്നുള്ള അർഥത്തിൽ മൂളി.
വീട്ടിൽ എത്തിയ ശേഷവും ശ്രീഹരി ഹോസ്പിറ്റലിൽ പോകാമെന്ന് പറഞ്ഞെങ്കിലും ജീന വേണ്ടെന്നു പറഞ്ഞു. കുറച്ച് കഴിയുമ്പോൾ വേദന മാറിക്കൊള്ളും എന്ന് തന്നാണ് അവൾ കരുതിയത്.
സന്ധ്യ കഴിഞ്ഞു ഇരുട്ടു വീണു തുടങ്ങി. ഫോണിൽ കളിച്ചുകൊണ്ടിരുന്നു മടുത്തപ്പോൾ ശ്രീഹരി ടിവി ഓൺ ചെയ്തു അതിന്റെ മുന്നിൽ ഇരുന്നു. സച്ചിന്റെ ഒരു പഴയ കളി ശ്രീഹരി കണ്ടുകൊണ്ടിരുന്നപ്പോൾ ജീന അവന് എതിരെ ഉള്ള സോഫയിൽ വന്നിരുന്നു.