ജീന സമ്മതം എന്നുള്ള അർഥത്തിൽ തലയാട്ടി.
ശ്രീഹരി അമ്മയോട് പറഞ്ഞു.
“ഇവളെ ഇവിടെ ഒറ്റക്ക് നിർത്തി ഞാൻ അങ്ങ് വരുമെന്ന് അമ്മക്ക് തോന്നുന്നുണ്ടോ?”
അംബികാമ്മ ഒരു ചെറു പുഞ്ചിരിയോടെ കാറിനുള്ളിലേക്ക് കയറി.
.
.
വൈകുന്നേരം ഓഫീസിൽ നിന്നും വീട്ടിലേക്ക് പോകുമ്പോൾ ജീന കാറിലിരുന്ന് ശ്രീഹരിയോട് പറഞ്ഞു.
“ഇച്ചായാ.. ബ്ലൗസ് വാങ്ങിക്കുന്ന കാര്യം മറക്കല്ലേ..”
ഡ്രൈവർ രാജു ആണ് കാർ ഓടിച്ചിരുന്നത്. ജീനയും ശ്രീഹരിയും പിൻ സീറ്റിലും.
ശ്രീഹരി രാജുവിന് ബ്ലൗസ് തയ്‌ക്കാൻ കൊടുത്ത ഷോപ്പ് എത്തുമ്പോൾ കാർ നിർത്താൻ നിർദ്ദേശം നൽകി.
വൈകുന്നേരത്തെ ട്രാഫിക് ബ്ലോക്ക് കാരണം കാർ ഇഴഞ്ഞിഴഞ്ഞു ആണ് പോയിരുന്നത്. കുറച്ചു സമയത്തെ ഇഴച്ചിലിനൊടുവിൽ അവർക്ക് പോകാനുള്ള ബൈ റോഡിലേക്ക് കയറിയപ്പോൾ ട്രാഫിക്കിൽ നിന്നും ഒരു ആശ്വാസം കിട്ടി.
കുറച്ച് നേരത്തെ യാത്രക്കൊടുവിൽ അവർ ബ്ലൗസ് തയ്‌ക്കാൻ കൊടുത്ത ഷോപ്പിനു മുന്നിൽ എത്തി.
ശ്രീഹരി അഡ്വാൻസ് ആയി തന്നെ തയ്ക്കുന്നതിനുള്ള മുഴുവൻ പൈസയും കൊടുത്തിരുന്നതിനാൽ ജീന ശ്രീഹരിയോട് പൈസ ഒന്നും ചോദിക്കാതെ കാറിൽ നിന്നും ഇറങ്ങി ഷോപ്പിലേക്ക് നടന്നു.
ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ജീന ഒരു കവരുമായി വന്ന് കാറിന്റെ ഡോർ തുറന്നു.
അകത്തേക്ക് കയറാതെ കവർ കാറിന്റെ സീറ്റിലേക്ക് വച്ചുകൊണ്ട് അവൾ പറഞ്ഞു.
“ഇച്ചായാ പഴ്സ് ഇങ്ങു തന്നെ.”
അവൻ എന്തിനാ എന്നുള്ള അർഥത്തിൽ അവളെ നോക്കി.
കാറിനു പിറകിലായി ഐസ് ക്രീം വിൽക്കുന്ന ഒരു ഓട്ടോ ചൂണ്ടി കാണിച്ചു കൊണ്ട് അവൾ പറഞ്ഞു.
“ഐസ് ക്രീം വാങ്ങാനാണ്.”
“ഡി.. നിനക്ക് ഐസ് ക്രീം കഴിക്കണമെങ്കിൽ നമുക്ക് ഏതെങ്കിലും ഷോപ്പിൽ പോയി കഴിക്കാം.”
അവൾ ചിണുങ്ങിക്കൊണ്ടു പറഞ്ഞു.
“അതൊന്നും വേണ്ട. ഞാൻ ഇത് വാങ്ങിക്കൊള്ളാം.”
ഇനി പറഞ്ഞിട്ട് കാര്യമില്ലെന്നു അറിയാവുന്ന ശ്രീഹരി പഴ്സ് എടുത്തു അവളുടെ കൈയിൽ കൊടുത്തുകൊണ്ട് പറഞ്ഞു.
“പെണ്ണിന്റെ ഓരോ കാര്യങ്ങൾ..”
അവൾ ചിരിച്ച് കൊണ്ട് ചോദിച്ചു.
“ഇച്ചായന് വേണോ?”
“എനിക്കും രാജുവിനും ഓരോന്ന് വാങ്ങിക്കോ.”
അവൾ ഒരു പുഞ്ചിരിയോടെ കാറിന്റെ പിന്നിലേക്ക് നടന്നു.