അമ്മക്ക് തന്നിലുള്ള മതിപ്പ് ജീനയുടെ ഉള്ളിൽ ഒരു സന്തോഷം ഉണർത്തി.
“നീ ഇവിടെ ഉണ്ടാഞ്ഞിട്ടും എന്താ കല്യാണത്തിന് വരാഞ്ഞത്..നമ്മുടെ ബന്ധുക്കൾ അല്ലേടാ അവർ.. അവിടെല്ലാരും നിന്നെ തിരക്കി.”
അവൻ നിസാര മട്ടിൽ പറഞ്ഞു.
“ഓഹ്.. അവിടിപ്പോൾ വന്നിട്ടെന്തിനാ?”
“നിനക്ക് ബന്ധുക്കൾ ഒന്നും വീണ്ടെന്നാണോ?”
അവൻ പുച്ഛത്തോടെ പറഞ്ഞു.
“അച്ഛൻ മരിച്ച് നമ്മൾ കടത്തിൽ ആയപ്പോൾ ഈ ബന്ധുക്കളെ ഒന്നും കണ്ടില്ലായിരുന്നല്ലോ..”
അതിന് ഒരു മറുപടി അംബികാമ്മക്ക് ഇല്ലായിരുന്നു. വിഷയം മാറ്റാനായി ‘അമ്മ ചോദിച്ചു.
“അനുപമയുടെ കല്യാണം ഈ വരുന്ന ഞാറാഴ്ച അല്ലെ?”
ജീനയാണ് അതിനുള്ള മറുപടി നൽകിയത്.
“അതെ അമ്മെ.”
“നീ അതിനെങ്കിലും പോകുമോടാ?”
അവൻ അതിന് മറുപടിയായി ഒന്ന് ചിരിക്ക മാത്രം ചെയ്തു.
“മോളെ… അനുവിനെ കല്യാണത്തിന് ഇവനെയും കൂട്ടി പോകണേ.. ആ കൊച്ചു നമ്മുടെ കമ്പനിക്ക് വേണ്ടി ഒരുപാട് കഷ്ട്ടപെട്ടതാണ്.”
അത് കേട്ട ശ്രീഹരി പറഞ്ഞു.
“ഞങ്ങൾ എന്തായാലും പോകും ‘അമ്മ.. അവൾ ഞങ്ങൾ രണ്ടുപേർക്കും ഡ്രസ്സ് ഒക്കെ കൊണ്ട് തന്നതാണ്.”
ജീന പെട്ടെന്ന് എന്തോ ഓർത്തപോലെ പറഞ്ഞു.
“ഇച്ചായാ.. ഇന്ന് വീട്ടിലേക്ക് പോകുമ്പോൾ നമുക്ക് എന്റെ ബ്ലൗസ് കൂടി വാങ്ങണം, അത് തയ്ച് വച്ചേക്കയാണെന്ന് വിളിച്ച് പറഞ്ഞിരുന്നു.”
“അഹ്.. അത് നമുക്ക് വാങ്ങാം,.”
ശ്രീഹരി അമ്മയോട് ചോദിച്ചു.
“‘അമ്മ ഇന്നിനി തിരിച്ച് പോകുന്നുണ്ടോ?”
“മ്മ്,, ഞാൻ ഇപ്പോൾ ഇറങ്ങും..”
അത് കേട്ട ജീന ചോദിച്ചു.
“ഇന്നിവിടെ നിന്നിട്ട് നാളെ രാവിലെ പോയാൽ പോരെ അമ്മെ?”
“അവിടെ ജോലിക്കാരൊക്കെ നിൽപ്പുണ്ട്.. ഞാൻ വൈകുന്നേരം അങ്ങെത്തിയില്ലെങ്കിൽ പറ്റില്ല മോളെ.”
ശ്രീഹരിക്ക് ആദ്യമേ അറിയാമായിരുന്നു ‘അമ്മ ഇവിടെ നിൽക്കില്ലെന്ന്.. ശ്രീഹരിയുടെ അച്ഛന്റെ മരണ ശേഷം അംബികാമ്മ വീട് വിട്ട് മാറി നിന്നിട്ടില്ല.
അതുകൊണ്ട് തന്നെ ശ്രീഹരി നിർബന്ധിക്കാനും നിന്നില്ല.
കുറച്ച് നേരം കൂടി അവരോടൊപ്പം വിശേഷങ്ങൾ പറഞ്ഞിരുന്ന ശേഷമാണ് ‘അമ്മ അവിടെ നിന്നും ഇറങ്ങിയത്.
‘അമ്മ ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ ശ്രീഹരിയും ജീനയും കാറുവരെ അമ്മയെ അനുഗമിച്ചു.
കാറിൽ കയറുന്നതിനു മുൻപായി അംബികാമ്മ ജീനയോടു പറഞ്ഞു.
“വിദ്യയുടെ കല്യാണം ആകുമ്പോഴേക്കും ഇവൻ അങ്ങ് വീട്ടിൽ വരും.. അപ്പോഴേക്കും മോളും കൂടെ അങ്ങ് വന്നേക്കണം.”